ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മലയാള സിനിമാ ലോകം

By Web TeamFirst Published Sep 17, 2018, 11:48 AM IST
Highlights

നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മലയാള സിനിമാ ലോകം. മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ജ്യേഷ്ഠ സഹോദരന് തുല്യനായ ഒരാളെയാണ് നഷ്ടമായതെന്ന് മോഹന്‍ലാല്‍ അനുശോചിച്ചു. 

നടന്‍ ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തിൽ അനുശോചിച്ച് മലയാള സിനിമാ ലോകം. മലയാള സിനിമയില്‍ നികത്താന്‍ കഴിയാത്ത നഷ്ടമാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ ഉണ്ടായതെന്ന് നടന്‍ മമ്മൂട്ടി അനുസ്മരിച്ചു. ക്യാപ്റ്റൻ രാജുവിന്റെ വേർപാട് മലയാളസിനിമയ്ക്ക് വലിയൊരു നഷ്ടം തന്നെയാണെന്നും കുടുംബാംഗങ്ങളും സങ്കടത്തിൽ ഒപ്പം ചേരുന്നുവെന്നും മമ്മൂട്ടി പറഞ്ഞു.

ജ്യേഷ്ഠ സഹോദരന് തുല്യനായ ഒരാളെയാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ നിര്യാണത്തിലൂടെ നഷ്ടമായതെന്ന് മോഹന്‍ലാല്‍ അനുശോചിച്ചു. നടന്‍ എന്നതിലുപരി ഏറെ മാനസിക അടുപ്പമുള്ള വ്യക്തിയായിരുന്നു ക്യാപ്റ്റന്‍ രാജു. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ ഏറെ സങ്കടമുണ്ടെന്നും മോഹന്‍ലാല്‍ പ്രതികരിച്ചു.

ഒരു മനുഷ്യസ്‌നേഹിയെയും നല്ല നടനെയുമാണ് ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ മലയാള സിനിമയ്ക്ക് നഷ്ടമായതെന്ന് നടനും എംപിയുമായ ഇന്നസെന്‍റ് പറഞ്ഞു. അദേഹത്തിനൊപ്പം പല സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കാബൂളിവാലയിലെ അദേഹത്തിന്‍റെ കഥാപാത്രത്തിന് മറ്റൊരു നടനെ പകരക്കാരനായി നമുക്ക് കിട്ടില്ല. എപ്പോഴും കുടുംബ കാര്യങ്ങള്‍ ചോദിച്ചറിയുന്ന നല്ല സുഹൃത്ത് കൂടിയായിരുന്നു ക്യാപ്റ്റന്‍. ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തില്‍ കുടുംബത്തിന്‍റെ ദുംഖത്തില്‍ പങ്കുചേരുന്നതായും ഇന്നസെന്‍റ് പ്രതികരിച്ചു. 

 

നല്ല വ്യക്തിത്വത്തിന്‍റെ ഉടമയായിരുന്നു  ക്യാപ്റ്റന്‍ രാജു എന്ന് മണിയന്‍പിള്ള രാജു അനുസ്മരിച്ചു. ക്യാപ്റ്റന്‍ രാജുവിന്‍റെ വിയോഗത്തിലൂടെ ഏറെ സങ്കടമുണ്ടെന്നും നന്മയുള്ള മനസിന് ഉടമ ആയിരുന്നു അദ്ദേഹമെന്നും നടന്‍ ദേവന്‍ പ്രതികരിച്ചു. 

ഇന്ന് രാവിലെ കൊച്ചിയിലെ സ്വവസതിയില്‍ വച്ചാണ് ക്യാപ്റ്റന്‍ രാജു അന്തരിച്ചത്. ഏറെ കാലമായി രോഗബാധിതനായിരുന്നു. ഹിന്ദി, തമിഴ്, മലയാളം, കന്നഡ, തെലുഗു ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. അറുപത്തെട്ട് വയസായിരുന്നു. വില്ലനായും സ്വഭാവ നടനായും മലയാളം സിനിമകളില്‍ തിളങ്ങിയിട്ടുണ്ട്. രണ്ട് സിനിമകള്‍ സംവിധാനം ചെയ്തു. 

click me!