ഓര്‍‌മ്മകളില്‍ മലയാളത്തിന്റെ ആദ്യത്തെ മഹാനടന്‍

Published : Jun 15, 2016, 04:48 AM ISTUpdated : Oct 04, 2018, 05:04 PM IST
ഓര്‍‌മ്മകളില്‍ മലയാളത്തിന്റെ ആദ്യത്തെ മഹാനടന്‍

Synopsis

മലയാളത്തിന്റെ മഹാനടന്‍മാരുടെ പട്ടികയിലെ ആദ്യപേരുകാരനാണ് സത്യന്‍. അതിഭാവുകത്വത്തിന്‍റെ പിടിയില്‍ കുടുങ്ങിയിരുന്ന മലയാളസിനിമയില്‍ സ്വാഭാവികാഭിനയത്തിന് തുടക്കം കുറിച്ച നടന്‍. പരിമിതികളെ പടിക്കുപുറത്തു നിര്‍ത്തി ഇരുപതുവര്‍ഷത്തോളം നായകനായി തുടര്‍ന്ന നടന്‍. തൊലിവെളുപ്പോ, നിറമോ ഉയരമോ ശബ്ദഗാംഭീര്യമോ ഒന്നുമില്ലാതെ അഭിനയമികവ് കൊണ്ടുമാത്രം മലയാളിയെ കീഴടക്കിയ നടന്‍. വെള്ളിത്തിരയെ വിസ്മയിപ്പിച്ച സത്യന്‍ വിടപറഞ്ഞിട്ട് വര്‍ഷം 45 കഴിയുന്നു.

തിരുവനന്തപുരത്ത് ആറാമിട ചെറുവിളാകത്ത് വീട്ടില്‍ മാനുവലിന്റേയും ലില്ലിയമ്മയുടെയും മൂത്തമകനായി 1912 നവംബര്‍ ഒന്‍പതിനാണ് സത്യനേശന്‍ എന്ന സത്യന്‍ ജനിച്ചത്. പഠനത്തില്‍ മിടുക്കനായിരുന്ന അദ്ദേഹം അന്നത്തെക്കാലത്തെ വിദ്വാന്‍പരീക്ഷ പാസ്സായി. വീട്ടിലെ സാമ്പത്തിക ക്ലേശങ്ങളെ നേരിടാന്‍ ചെറുപ്പത്തിലേ ജോലിക്കിറങ്ങേണ്ടിവന്നു.  അധ്യാപകന്‍, ക്ലാര്‍ക്ക്, പട്ടാളക്കാരന്‍, പൊലീസ് തുടങ്ങി പല ജോലികള്‍ ചെയ്തു. ജീവിതത്തില്‍ വേഷങ്ങള്‍ പലതാടുമ്പോഴും അഭിനയമെന്ന തീവ്രമോഹം സത്യനിലുണ്ടായിരുന്നു. സത്യന്‍ നാടകത്തിലുടെയാണ് അഭിനയലോകത്തേയ്ക്ക് ചുവടുവച്ചത്. പിന്നീട് സിനിമയിലുമെത്തി.

ആദ്യ ചിത്രം ത്യാഗസീമ പുറത്തിറങ്ങിയില്ല. ആത്മസഖിയിലൂടെയാണ് ആദ്യമായി ആ രൂപം വെള്ളിത്തിരയില്‍ പതിഞ്ഞത്. പിന്നീട് ജോലി ഉപേക്ഷിച്ച് സിനിമയില്‍ സജീവമായി. നീലക്കുയിലിലെ പ്രകടനം സത്യനേശനെ മലയാളിയുടെ പ്രിയങ്കരനാക്കി. നായക സങ്കല്‍പ്പങ്ങള്‍ തിരുത്തിയെഴുതിക്കൊണ്ടാണ് നാല്‍പ്പതുകാരനായ സത്യന്‍ മലയാളത്തിലെ പുതുമുഖ നായകനായത്. അഭിനയമേന്മ കൊണ്ടാണ് അദ്ദേഹം മലയാളിയുടെ ഹൃദയം കവര്‍ന്നത്. പ്രണയ നായകനായും പരുക്കനായ ഭര്‍ത്താവായും വാത്സല്യ നിധിയായ അച്ഛനായും വൃദ്ധനായും വിരൂപിയായുമൊക്കെ സത്യന്‍ വെള്ളിത്തിരയിലെത്തി. സാഹിത്യ കൃതികളെ അടിസ്ഥാനമാക്കി നിര്‍മ്മിച്ച പല സിനിമകളിലെയും നായകവേഷം സത്യന് ലഭിച്ചു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് തുടക്കമിട്ട വര്‍ഷം തന്നെ ( 1969) മികച്ച നടനുള്ള പുരസ്കാരം സത്യന്‍ സ്വന്തമാക്കി. കടല്‍പ്പാലം എന്ന ചിത്രത്തിലെ അഭിനയത്തിനായിരുന്നു സത്യന് മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം ലഭിച്ചത്.  മരണാനന്തരവും മികച്ച നടനായി സത്യനെ കേരളം നെഞ്ചിലേറ്റി. മികച്ച നടനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്കാരം 1971ല്‍ മരണാനന്തര ബഹുമതിയായിട്ടായിരുന്നു സത്യന് ലഭിച്ചത്. ശരശയ്യ, കരകാണാ കടല്‍ എന്നീ  ചിത്രങ്ങളിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. 1963ല്‍ അമ്മയെ കാണാന്‍ എന്ന ചിത്രത്തിലൂടെ ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചിരുന്നു. 1969ല്‍ അടിമകള്‍ എന്ന ചിത്രത്തിലൂടെയും സത്യന് ഫിലിം ഫെയര്‍ പുരസ്കാരം ലഭിച്ചു.

നീലക്കുയില്‍, തച്ചോളി ഒതേനന്‍, ചെമ്മീന്‍, യക്ഷി, പുതിയ ആകാശം പുതിയ ഭൂമി, അശ്വമേധം,  നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി, ത്രിവേണി, ഓടയില്‍ നിന്ന്, കാട്ടുകുരങ്ങ്, കരകാണാകടല്‍, അനുഭവങ്ങള്‍ പാളിച്ചകള്‍ അങ്ങനെ ഓര്‍മ്മയില്‍ നിന്ന് മായാത്ത സത്യന്‍ ചിത്രങ്ങള്‍ നിരവധിയാണ്. 151 മുതല്‍ 71 വരെ നീണ്ട കരിയറില്‍ നൂറ്റിയമ്പതിലധികം മലയാള ചിത്രങ്ങളിലും രണ്ട് തമിഴ് ചിത്രങ്ങളിലും സത്യന്‍ വേഷമിട്ടു. അര്‍ബുദത്തിന്റെ പിടിയിലായിട്ടും രോഗത്തെ  അവഗണിച്ചായിരുന്നു സത്യന്‍ അഭിനയം തുടര്‍ന്നത്. ഒടുവില്‍ 1971 ജൂണ്‍ 15ന് സത്യന്‍ വിടപറഞ്ഞു. നീലക്കുയിലിലെ ശ്രീധരന്‍ നായര്‍. ചെമ്മീനിലെ പളനി, മൂലധനത്തിലെ രവി, യക്ഷിയിലെ ശ്രീനി അങ്ങനെ നിത്യസ്മാരകങ്ങളായ നിരവധി കഥാപാത്രങ്ങള്‍ സമ്മാനിച്ചിട്ടായിരുന്നു ആ വിടവാങ്ങല്‍. തന്റെ പേരും കഥാപാത്രങ്ങളേയും ചേര്‍ക്കാതെ മലയാള സിനിമാ ചരിത്രം പൂര്‍ണമാകില്ല എന്നുറപ്പുവരുത്തിയതിന് ശേഷമായിരുന്നു സത്യന്‍ ഓര്‍മ്മകളുടെ സ്ക്രീനിലേക്ക് മാറിയത്.

PREV

സിനിമകളിൽ നിന്ന് മലയാളം ഒടിടി റിലീസ് വരെ, Bigg Boss Malayalam Season 7 മുതൽ Exclusive Interview വരെ — എല്ലാ Entertainment News ഒരൊറ്റ ക്ലിക്കിൽ. ഏറ്റവും പുതിയ Malayalam Movie Review   എല്ലാം ഇപ്പോൾ നിങ്ങളുടെ മുന്നിൽ. എപ്പോഴും എവിടെയും എന്റർടൈൻമെന്റിന്റെ താളത്തിൽ ചേരാൻ ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

കാര്‍ത്തിക് ആര്യനെയും പിന്നിലാക്കി നിവിന്‍ പോളിയുടെ കുതിപ്പ്! ബോളിവുഡ് ചിത്രത്തെ വേഗപ്പോരില്‍ തോല്‍പ്പിച്ച് 'സര്‍വ്വം മായ'
പ്രതിഫലമല്ല, കാരണം ആ വിഗ്ഗ്? അക്ഷയ് ഖന്നയുടെ പിന്മാറ്റത്തിനെതിരെ നിര്‍മ്മാതാവ്; 'ദൃശ്യം 3' ല്‍ പകരം നടനെ തീരുമാനിച്ചു