നിവിന്‍ പോളി നായകനായ 'സര്‍വ്വം മായ' എന്ന പുതിയ ചിത്രം ബോക്സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കുന്നു.

മലയാള സിനിമയുടെ മാര്‍ക്കറ്റ് കാര്യമായ വളര്‍ന്ന വര്‍ഷങ്ങളാണ് ഇത്. ഓവര്‍സീസ് റിലീസില്‍ നിരവധി പുതിയ രാജ്യങ്ങള്‍ ആഡ് ചെയ്യപ്പെട്ടതും ഇതര സംസ്ഥാനങ്ങളിലെ വര്‍ധിച്ച റിലീസും മറുഭാഷാ പ്രേക്ഷകരും തിയറ്ററുകളിലെത്തി മലയാള സിനിമ കാണാന്‍ തുടങ്ങിയതുമൊക്കെ സമീപ വര്‍ഷങ്ങളില്‍ സംഭവിച്ച പോസിറ്റീവുകളാണ്. ഒരു ചിത്രത്തിന് പോസിറ്റീവ് അഭിപ്രായം ലഭിച്ചാല്‍ അത് കാണാനായി ജനം തിരക്കിട്ടെത്തുന്നതും മലയാള സിനിമയിലെ സമീപകാല ട്രെന്‍ഡ് ആണ്. ആ ട്രെന്‍ഡിന്‍റെ ഗുണം ഏറ്റവും ഒടുവില്‍ ലഭിച്ചിരിക്കുന്നത് നിവിന്‍ പോളി ചിത്രം സര്‍വ്വം മായയ്ക്ക് ആണ്. ക്രിസ്മസ് ദിനത്തില്‍ തിയറ്ററുകളിലെത്തിയ ചിത്രത്തെ തിയറ്ററുകളില്‍ മലയാളി ആഘോഷിക്കുകയാണ്. അത് സൃഷ്ടിക്കുന്ന ബോക്സ് ഓഫീസ് കുതിപ്പിന്‍റെ കൗതുകകരമായ വാര്‍ത്തകള്‍ ഓരോ ദിവസവും പുറത്തെത്തുന്നു. ഇപ്പോഴിതാ അതിന്‍റെ തുടര്‍ച്ചയായ ഒരു കൗതുകകരമായ വിവരം പരിശോധിക്കാം.

ഒരേ ദിവസം തിയറ്ററുകളിലെത്തിയ ബോളിവുഡിലെ ഒരു പ്രധാനപ്പെട്ട ചിത്രത്തെപ്പോലും കളക്ഷന്‍ വേഗതയില്‍ പിന്നിലാക്കിയിരിക്കുകയാണ് നിവിന്‍ പോളി ചിത്രം. കാര്‍ത്തിക് ആര്യനെ നായകനാക്കി സമീര്‍ വിധ്വാന്‍സ് സംവിധാനം ചെയ്ത തൂ മേരി മേം തേരാ മേം തേര തു മേരി എന്ന ചിത്രവും ഡിസംബര്‍ 25 നാണ് തിയറ്ററുകളില്‍ എത്തിയത്. ബോളിവുഡിലെ പ്രമുഖ ബാനര്‍ ആയ ധര്‍മ്മ പ്രൊഡക്ഷന്‍സ് നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ അനന്യ പാണ്ഡേ ആണ് നായിക. ധര്‍മ്മ പ്രൊഡക്ഷന്‍സ് തന്നെ അറിയിക്കുന്ന കണക്ക് അനുസരിച്ച് ചിത്രം ആഗോള ബോക്സ് ഫീസില്‍ നിന്ന് മൂന്ന് ദിവസം കൊണ്ട് നേടിയത് 21.24 കോടി ആണ്. എന്നാല്‍ സര്‍വ്വം മായയുടെ നിര്‍മ്മാതാക്കളായ ഫയര്‍ഫ്ലൈ ഫിലിംസ് അറിയിച്ചതനുസരിച്ച് ആദ്യ രണ്ട് ദിവസം കൊണ്ട് തന്നെ ചിത്രം 20 കോടി നേടി. തൂ മേരി മേം തേരാ മേം തേര തു മേരിയുടെ രണ്ട് ദിവസത്തെ കളക്ഷന്‍ നിര്‍മ്മാതാക്കളുടെ കണക്ക് അനുസരിച്ച് 14.49 കോടിയും ആയിരുന്നു.

300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിട്ടുള്ള താരമാണ് കാര്‍ത്തിക് ആര്യന്‍. ബോക്സ് ഓഫീസില്‍ സ്ഥിരത കാട്ടുന്ന നടനും. ധര്‍മ്മ പ്രൊഡക്ഷന്‍സിന്‍റെ ചിത്രം കൂടി ആയതുകൊണ്ട് കൃത്യമായ മാര്‍ക്കറ്റിംഗും തിയറ്റര്‍ ചാര്‍ട്ടിംഗും ഒക്കെയായാണ് തൂ മേരി മേം തേരാ മേം തേര തു മേരി എത്തിയിരിക്കുന്നത്. അതേസമയം അഖില്‍ സത്യന്‍ സംവിധാനം ചെയ്ത ചിത്രം ഒരു ഹൊറര്‍ കോമഡിയാണ്. അജു വര്‍ഗീസും റിയ ഷിബുവുമാണ് സര്‍വ്വം മായയിലെ മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming