'അതായിരുന്നു ഇരുവറിലെ എന്‍റെ നഷ്ടം'; കരുണാനിധിയെക്കുറിച്ച് മമ്മൂട്ടി

By Web TeamFirst Published Aug 8, 2018, 12:05 PM IST
Highlights

മോഹന്‍ലാല്‍ അവതരിപ്പിച്ച അനന്ദന്‍ എംജിആറിന്‍റെയും പ്രകാശ്‍രാജിന്‍റെ തമിഴ്‍സെല്‍വന്‍ കരുണാനിധിയുടെയും മാതൃകകളിലുള്ള കഥാപാത്രങ്ങളായിരുന്നു.

21 വര്‍ഷം മുന്‍പ് തീയേറ്ററുകളിലെത്തിയപ്പോള്‍ ബോക്സ്ഓഫീസ് പരാജയമായെങ്കിലും സിനിമാപ്രേമികള്‍ക്കിടയില്‍ പിന്നീട് കള്‍ട്ട് പദവി നേടിയ ചിത്രമാണ് മണി രത്നം സംവിധാനം ചെയ്‍ത ഇരുവര്‍. കരുണാനിധിയും എംജിആറും തമ്മിലുള്ള ബന്ധത്തെ അടിസ്ഥാനപ്പെടുത്തിയ ചിത്രത്തില്‍ മോഹന്‍ലാലും പ്രകാശ് രാജുമാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. മോഹന്‍ലാല്‍ അവതരിപ്പിച്ച അനന്ദന്‍ എംജിആറിന്‍റെയും പ്രകാശ്‍രാജിന്‍റെ തമിഴ്‍സെല്‍വന്‍ കരുണാനിധിയുടെയും മാതൃകകളിലുള്ള കഥാപാത്രങ്ങളായിരുന്നു. ഇരുവരുടെയും കരിയറിലെ മികച്ച കഥാപാത്രങ്ങളുമാണ് ഇവ. എന്നാല്‍ ഇരുവറില്‍ അഭിനയിക്കാന്‍ തനിക്ക് ലഭിച്ച അവസരത്തെ നഷ്ടപ്പെടുത്തിയതിലുള്ള നഷ്ടബോധം പങ്കുവെക്കുകയാണ് മമ്മൂട്ടി. കരുണാനിധിയുടെ വിയോഗത്തില്‍ അനുശോചിച്ചുള്ള കുറിപ്പിലാണ് മമ്മൂട്ടി താന്‍ നഷ്ടപ്പെടുത്തിയ ആ അവസരത്തെക്കുറിച്ചും പറയുന്നത്.

മമ്മൂട്ടിയുടെ കുറിപ്പ്

നികത്താനാവാത്ത നഷ്ടമാണ് ഈ വിയോഗം. ഒരു വലിയ യുഗത്തിന്‍റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, പ്രഭാഷകന്‍ ഒപ്പം നമ്മുടെ കാലത്തെ വലിയ നേതാവുമായിരുന്നു കരുണാനിധി. ഒരു വിപ്ലവകാരി. എന്നാല്‍ എല്ലാത്തിലുമുപരിയായിരുന്നു തമിഴ് ഭാഷയോടും അവിടുത്തെ ജനങ്ങളോടുമുള്ള അദ്ദേഹത്തിന്‍റെ സ്നേഹം. മണി രത്നത്തിന്‍റെ ചിത്രത്തില്‍ അദ്ദേഹത്തെ അവതരിപ്പിക്കാന്‍ എനിക്ക് അവസരം ലഭിച്ചതാണ്. അത് നഷ്ടപ്പെടുത്തിയതില്‍ എനിക്കിന്ന് നിരാശയുണ്ട്. അദ്ദേഹവുമായുണ്ടായ എല്ലാ കൂടിക്കാഴ്ചകളും മറക്കാനാവാത്ത ഓര്‍മ്മകളാണ്. സിനിമയും രാഷ്ട്രീയവും സാഹിത്യവുമൊക്കെ അത്തരം കൂടിക്കാഴ്ചകളില്‍ ഞങ്ങള്‍ സംസാരിച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ വിയോഗത്തില്‍ അഗാധമായ ദു:ഖം രേഖപ്പെടുത്തട്ടെ. 

click me!