'ആ സൈനികര്‍ക്ക് എന്റെ സല്യൂട്ട്'; 'യാത്ര' വിജയാഘോഷത്തില്‍ മമ്മൂട്ടി

By Web TeamFirst Published Feb 18, 2019, 1:01 PM IST
Highlights

'ഏറെക്കാലത്തിന് ശേഷമാണ് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍പ് ചില പ്രോജക്ടുകള്‍ തേടിയെത്തിയിരുന്നെങ്കിലും എനിക്ക് മതിപ്പ് തോന്നിക്കുന്നവ ആയിരുന്നില്ല. എന്നാല്‍ യാത്ര അങ്ങനെയായിരുന്നില്ല.'

പുല്‍വാമ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് മമ്മൂട്ടി. താന്‍ നായകനായി അഭിനയിച്ച തെലുങ്ക് ചിത്രം 'യാത്ര'യുടെ ഹൈദരാബാദില്‍ നടന്ന വിജയാഘോഷ ചടങ്ങിലാണ് സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് മമ്മൂട്ടി സൈനികരെക്കുറിച്ച് സംസാരിച്ചത്. "ഈ സിനിമയെക്കുറിച്ച് സംസാരിക്കുന്നതിന് മുന്‍പ് ഭീകരാക്രമണത്തില്‍ ജീവത്യാഗം ചെയ്ത സൈനികര്‍ക്കുള്ള ആദരം ഞാന്‍ അര്‍പ്പിക്കുന്നു. ആ സൈനികര്‍ക്ക് എന്റെ സല്യൂട്ട്", മമ്മൂട്ടി പറഞ്ഞു.

ഏറെക്കാലത്തിന് ശേഷം ഒരു തെലുങ്ക് ചിത്രം കമ്മിറ്റ് ചെയ്യാനുണ്ടായ കാരണത്തെക്കുറിച്ച് മമ്മൂട്ടി വേദിയില്‍ പറഞ്ഞു. "സിനിമ നിങ്ങളില്‍ മിക്കവരും കണ്ടുകാണും. ഇത് എന്റെ മൂന്നാമത്തെ തെലുങ്ക് ചിത്രമായിരുന്നു. ഏറെക്കാലത്തിന് ശേഷമാണ് ഒരു തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നത്. മുന്‍പ് ചില പ്രോജക്ടുകള്‍ തേടിയെത്തിയിരുന്നെങ്കിലും എനിക്ക് മതിപ്പ് തോന്നിക്കുന്നവ ആയിരുന്നില്ല. എന്നാല്‍ യാത്ര അങ്ങനെയായിരുന്നില്ല. എനിക്ക് ഒഴിവാക്കാനാവില്ലായിരുന്നു ഈ സിനിമ. ജനനായകനായി മാറിയ ഒരു രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള കഥയായിരുന്നു അത്. എല്ലാ രാഷ്ട്രീയ നേതാക്കള്‍ക്കും അത് സാധിക്കാറില്ല. ജനമനസ് മനസിലാകുന്നവര്‍ക്കേ അത് സാധിക്കൂ."

ആദ്യദിവസം സെറ്റില്‍ ലഭിച്ച ഊഷ്മളമായ സ്വീകരണം മുതലുള്ള തന്റെ 'യാത്ര' അനുഭവങ്ങളെക്കുറിച്ചും മമ്മൂട്ടി വാചാലനായി. "ആദ്യ സീന്‍ ഷൂട്ട് ചെയ്തതിന് പിന്നില്‍ നല്ല അധ്വാനമുണ്ടായിരുന്നു. എനിക്ക് നല്ല ഭയവും പരിഭ്രമവുമൊക്കെയുണ്ടായിരുന്നു ആ രംഗം ചിത്രീകരിക്കുമ്പോള്‍. ഭാഗ്യത്തിന് അത് സിനിമയിലില്ല. പക്ഷേ രണ്ടാംദിനം മുതല്‍ എന്റെ അത്തരം പ്രയാസങ്ങളെല്ലാം നീങ്ങി. അതിന് നിര്‍മ്മാതാവിനോടും സംവിധായകനോടും നന്ദി പറയുന്നു. അസോസിയേറ്റ് ഡയറക്ടേഴ്‌സും മുഴുവന്‍ യൂണിറ്റും ഒരു സഹോദരനോടെന്നപോലെയാണ് എന്നോട് പെരുമാറിയത്. സാധാരണമട്ടിലുള്ള നര്‍മ്മരംഗങ്ങളോ സംഘട്ടനരംഗങ്ങളോ ഒന്നുമില്ലാത്ത ഒരു സിനിമയെ വിജയമാക്കിയതിന് തെലുങ്ക് സിനിമാപ്രേക്ഷകരോട് നന്ദിയുകയാണ്. വൈഎസ്ആര്‍ ആയി എന്നെ അംഗീകരിച്ചതിന് നന്ദി", കൈയടികള്‍ക്കിടെ മമ്മൂട്ടി പറഞ്ഞവസാനിപ്പിച്ചു.

click me!