മാനുഷിയുടെ നേട്ടം ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്‍റെ വിജയം: ഹരിയാന മന്ത്രി

By web deskFirst Published Nov 19, 2017, 8:54 AM IST
Highlights

ഹരിയാന: 17 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഇന്നലെ രാത്രിയിലാണ് ഹരിയാനയില്‍നിന്നുള്ള ഇന്ത്യന്‍ സുന്ദരി മാനുഷി ചില്ലര്‍ ലോക സുന്ദരി പട്ടം സ്വന്തമാക്കിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ഹരിയാന മുഖ്യമന്ത്രി മനോഹര്‍ലാല്‍ ഘട്ടര്‍, മുന്‍ ലോകസുന്ദരി പ്രിയങ്ക ചേപ്ര, വിശ്വസുന്ദരി സുസ്മിത സെന്‍ അടക്കം നിരവധി പേരാണ് മാനുഷിയ്ക്ക് ആശംസകളറിയിച്ചത്. 

Congratulations ! India is proud of your accomplishment.

— Narendra Modi (@narendramodi)

ഹരിയാനയിലെ വനിതാ ശിശുക്ഷേമ മന്ത്രി ബിജെപി നേതാവുമായ കവിതാ ജെയിനും 20 കാരിയായ മാനുഷിയെ പ്രശംസിച്ച് രംഗത്തെത്തി. ഹരിയാനയുടെ മകളെന്ന് മാനുഷിയെ വിശേഷിപ്പിച്ച കവിത ഈ വിജയം, ബിജെപിയുടെ ബേട്ടി ബച്ചാവോ ബേട്ടി പഠാവോ ക്യാംപയിന്‍ യഥാര്‍ത്ഥ ദിശയിലാണെന്ന് വ്യക്തമാക്കുന്നുവെന്നും പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കുന്നതിനും സമൂഹത്തില്‍ മുമ്പന്തിയിലെത്തിക്കുന്നതിനുമായുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയാണ് ബേട്ടി ബച്ചാവോ ബേട്ടി പഠാവോ.  സൊന്‍പതിലെ ഭഗത് ഫൂല്‍സിംഗ് ഗവണ്‍മെന്‍റ് മെ‍ഡിക്കല്‍ കോളേജില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിനിയാണ് മാനുഷി. 

 

ലോക സുന്ദരി മല്‍സരത്തിനിടെ മാനുഷിയോട് വിധികര്‍ത്താക്കള്‍ ചോദിച്ച ചോദ്യവും അതിനുള്ള ഉത്തരവും ഏറെ ശ്രദ്ധേയമായിരുന്നു. എന്ത് ജോലിക്കാണ് ഏറ്റവുമധികം പ്രതിഫലം ലഭിക്കുക? എന്തുകൊണ്ട്? - ഈ ചോദ്യത്തിന് മുന്നില്‍ മാനുഷി കുടുങ്ങിയില്ല. ദൃഢനിശ്ചയത്തോടെ അവര്‍ ഇങ്ങനെ മറുപടി നല്‍കി- ഒരു അമ്മയാണ് ഏറ്റവുമധികം ആദരം അര്‍ഹിക്കുന്നത്. അമ്മ എന്ന ജോലിക്ക് ഒരിക്കലും പണമല്ല പ്രതിഫലം, മറിച്ച് സ്‌നേഹവും ബഹുമാനവുമാണ്. എന്റെ ജീവിതത്തിലെ ഏറ്റവുമധികം പ്രചോദനമായത് അമ്മയാണ്. അതുകൊണ്ടുതന്നെ ഈ ലോകത്ത് ഏറ്റവുമധികം പ്രതിഫലം അര്‍ഹിക്കുന്നത് അമ്മ എന്ന ജോലിയാണ്. മാനുഷി ഇങ്ങനെ പറഞ്ഞ് അവസാനിപ്പിക്കുമ്പോള്‍ നിറഞ്ഞ കൈയടിയോടെയാണ് സദസ് വരവേറ്റത്.

ഇത് ആറാം തവണയാണ് ലോകസുന്ദരിപ്പട്ടം ഇന്ത്യ സ്വന്തമാക്കുന്നത്. 1966 വരെ ഒരു ഏഷ്യന്‍ വനിത പോലും ലോകസുന്ദരിപ്പട്ടം കരസ്ഥമാക്കിയിരുന്നില്ല. ഇന്ത്യയില്‍ നിന്ന് മത്സരിച്ച ഒരു മെഡിക്കല്‍ വിദ്യാര്‍ത്ഥിനി റീത്ത ഫാരിയയാണ് ഈ ചരിത്രം തിരുത്തിക്കുറിച്ചത്. ഐശ്യര്യ റായ്, പ്രിയങ്ക ചോപ്ര, ഡയാന ഹെയ്ഡന്‍, യുക്ത മുഖി എന്നിവരാണ് തുടര്‍ന്ന് നേട്ടം കരസ്ഥമാക്കിയ ഇന്ത്യന്‍ സുന്ദരികള്‍.
 

click me!