
മുംബൈ: ബോളിവുഡിന്റെ മിസ്റ്റർ പെർഫെക്ഷനിസ്റ്റ് എന്നറിയപ്പെടുന്ന ആമിർ ഖാൻ തന്റെ പുതിയ ചിത്രം 'സിതാരെ സമീൻ പർ' വഴി വീണ്ടും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് നടത്തുന്നത്. 18 ദിവസങ്ങൾക്കുള്ളിൽ ഇന്ത്യയില്‍ 149.89 കോടി രൂപ നേടിയ ഈ ചിത്രം, ആമിർ ഖാന്‍റെ കരിയറിലെ അഞ്ചാമത്തെ ഏറ്റവും വലിയ വിജയമായി മാറിയിരിക്കുകയാണ്.
'തഗ്‌സ് ഓഫ് ഹിന്ദോസ്ഥാൻ', 'ഗജിനി' തുടങ്ങിയ ചിത്രങ്ങളുടെ ആജീവനാന്ത ബോക്സ് ഓഫീസ് കളക്ഷനെ മറികടന്നാണ് ഈ നേട്ടം. ആർ.എസ്. പ്രസന്ന സംവിധാനം ചെയ്ത 'സിതാരെ സമീൻ പർ' ഒരു ഹൃദയസ്പർശിയായ സ്പോര്‍ട്സ് ഇമോഷണല്‍ ഡ്രാമയാണ്.
2007-ൽ പുറത്തിറങ്ങിയ 'താരെ സമീൻ പർ' എന്ന ചിത്രത്തിന്റെ ആത്മീയ പിന്തുടർച്ചയായി കണക്കാക്കപ്പെടുന്ന ഈ ചിത്രം ഒരു ബാസ്കറ്റ്ബോൾ പരിശീലകന്റെ കഥ പറയുന്നു. ഭിന്നശേഷിക്കാരായ കായികതാരങ്ങളെ പരിശീലിപ്പിക്കാന്‍ ഇയാള്‍ നിയോഗിക്കപ്പെടുന്നതാണ് കഥ. ആമിർ ഖാന്റെ അഭിനയവും, ജനീലിയ ഡിസൂസയുടെ പ്രകടനവും, പത്ത് പുതുമുഖ താരങ്ങളുടെ ഹൃദയഹാരിയായ പ്രകടനവും മികച്ച പ്രതികരണം സൃഷ്ടിക്കുകയാണ്.
ജൂൺ 20-ന് ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ റിലീസ് ചെയ്ത 'സിതാരെ സമീൻ പർ', ആദ്യ വാരാന്ത്യത്തിൽ തന്നെ ശക്തമായ മൗത്ത് പബ്ലിസിറ്റിയാലും നല്ല റിവ്യൂകളാലും മികച്ച നേട്ടം നേടി. ആദ്യ ദിനത്തിൽ 10.7 കോടി രൂപയും, ശനിയാഴ്ച 20.2 കോടി രൂപയും, ഞായറാഴ്ച 27.25 കോടി രൂപയും നേടി ചിത്രം ശക്തമായ തുടക്കം കുറിച്ചു. ആദ്യ ആഴ്ചയിൽ 88.9 കോടി രൂപയും, രണ്ടാം ആഴ്ചയിൽ 46.5 കോടി രൂപയും ചിത്രം സ്വന്തമാക്കി.
മൂന്നാം ശനിയാഴ്ച 4.75 കോടി രൂപയും, മൂന്നാം ഞായറാഴ്ച 6 കോടി രൂപയും നേടിയ ചിത്രം, ഇന്ത്യയിൽ മൊത്തം 149.89 കോടി രൂപയാണ് ഇതുവരെ നേടിയത്. ലോകവ്യാപകമായി 165 കോടി രൂപയും ചിത്രം കളക്ട് ചെയ്തു.
2022-ൽ 'ലാൽ സിംഗ് ചദ്ദ' എന്ന ചിത്രത്തിന്റെ നിരാശാജനകമായ പ്രകടനത്തിന് ശേഷം, 'സിതാരെ സമീൻ പർ' ആമിർ ഖാന്റെ ശക്തമായ തിരിച്ചുവരവാണ്.