'‌സിന്ധു വിളിമാറി, ചേച്ചിയും അമ്മയും ആന്റിയും അമ്മൂമ്മയുമായി..'; കുറിപ്പുമായി കൃഷ്ണകുമാർ

Published : Nov 08, 2026, 10:44 PM IST
Krishnakumar Family

Synopsis

സിന്ധു കൃഷ്ണയുടെ 55-ാം പിറന്നാൾ ദിനത്തിൽ ആശംസകളുമായി നടൻ കൃഷ്ണകുമാർ

സിന്ധു കൃഷ്ണയുടെ 55-ാം പിറന്നാൾ ദിനത്തിൽ ആശംസകൾ നേർന്ന് ഭർത്താവും നടനുമായ കൃഷ്ണകുമാർ പങ്കുവെച്ച പോസ്റ്റ് ശ്രദ്ധേയമാകുന്നു. സിന്ധു എന്ന വിളിമാറി ചേച്ചിയും അമ്മയും ആന്റിയും അമ്മൂമ്മയും ആയെന്നും ഒപ്പം താൻ അപ്പൂപ്പനായെന്നും കൃഷ്ണകുമാർ പറയുന്നു. പല കാലഘട്ടത്തിലെ ചിത്രങ്ങളും കൃഷ്ണകുമാർ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്.

''ഇന്നു പോസ്റ്റ്‌ ചെയ്തതിലെ ആദ്യ ഫോട്ടോ എടുക്കുമ്പോൾ സിന്ധുവിന് 22-23 പ്രായം കാണും. ഇന്ന് അതേ സിന്ധുവിനു 55 വയസ്സ്. 32 വർഷങ്ങൾക്കു മുൻപ് സിന്ധുവിന്റെ ഭാരം പോലും 55 കിലോ ഇല്ലാ.. ഇന്ന് അങ്ങനെയല്ല. നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. വളർത്തി.. പലതരത്തിലുള്ള പോറലുകൾ ഉണ്ട്. ചുളുക്കുകൾ സംഭവിച്ചു. കാലം എല്ലാം മാറ്റും. അന്നത്തെ ഞങ്ങളുടെ സ്വപ്‌നങ്ങൾ, ചിന്തകൾ, മുൻഗണനകൾ, ആഗ്രഹങ്ങൾ.. എല്ലാം മാറി. നമ്മളോടൊപ്പം ഉണ്ടായിരുന്ന ചിലർ, ചർമം, മുടിയുടെ നിറം എല്ലാം മാറി. സിന്ധു എന്ന വിളിമാറി..ചേച്ചി, അമ്മ, ആന്റി, അമ്മൂമ്മ, ഒപ്പം ഞാനും അപ്പൂപ്പനായി..

ആഗ്രഹിച്ചത് പലതും കിട്ടിയില്ല, എന്നാൽ കിട്ടിയതു ചിലത് ആഗ്രഹിച്ചതിനേക്കാൾ മികച്ചതായിരുന്നു. നല്ലതും നല്ലതല്ലാത്തതുമായ പലതും ജീവിതത്തിൽ സംഭവിച്ചു. നന്മകൾ അളന്നു നോക്കിയപ്പോൾ വൻ നേട്ടം.. നല്ലതല്ലാത്തത് എന്നു കരുതിയ പലതും ജീവിതത്തിൽ മുന്നേറാൻ സഹായിച്ച ഇന്ധനമായിരുന്നു, ഊർജമായിരുന്നു..

സിന്ധുവിനോടൊപ്പമുള്ള യാത്ര അതിസുന്ദരമായിരുന്നു.. ആനന്ദകരമായിരുന്നു.. ഇന്നും പ്രകൃതി ഞങ്ങളെ അതീവ ശ്രദ്ധയോടെ കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നു.. യാത്രയിൽ കൂടെ കൂടി ഒരുപാട് ധന്യ നിമിഷങ്ങൾ സമ്മാനിച്ച നാല് മക്കൾക്കും, രണ്ടു മരുമക്കൾക്കും, ഓമിക്കും, ദൈവത്തിനും ഈ സുന്ദര നിമിഷത്തിൽ നന്ദി പറയുന്നു.. കൊച്ചിയിൽ നിൽക്കുന്ന സിന്ധുവിനു മുംബയിൽ നിൽക്കുന്ന കിച്ചുവിന്റെ പിറന്നാൾ ആശംസകൾ'', കൃഷ്ണകുമാർ ഫെയ്സ്ബുക്കിൽ കുറിച്ചു.

PREV
Read more Articles on
click me!

Recommended Stories

'ക്വാളിറ്റിയുള്ള മൈസൂർ പാക്ക് അവർ കഴിച്ചിട്ടില്ല'; കമന്റുകൾക്ക് മറുപടിയുമായി അശ്വിന്റെ അമ്മ
'നേരത്തേ തന്നെ ആകാമായിരുന്നു എന്നേ തോന്നിയിട്ടുള്ളൂ..'; മാതാപിതാക്കളുടെ വിവാഹമോചനത്തെക്കുറിച്ച് ദയ സുജിത്ത്