ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിന്റെ അമ്മ മീനാക്ഷി അടുത്തിടെ തുടങ്ങിയ യൂട്യൂബ് ചാനലിനും മീനമ്മാസ് കിച്ചൺ എന്ന ഓൺലൈൻ സ്റ്റോറിനും ആളുകളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.
അടുത്തിടെയാണ് ദിയ കൃഷ്ണയുടെ ഭർത്താവ് അശ്വിൻ ഗണേശിന്റെ അമ്മ മീനമ്മ എന്ന മീനാക്ഷി യൂട്യൂബ് ചാനൽ ആരംഭിച്ചത്. പ്രധാനമായും ഫുഡ് റെസിപ്പികളാണ് വീഡിയോകളിലൂടെ കാണിക്കുന്നത്. മീനമ്മാസ് കിച്ചൺ എന്ന പേരിൽ ഒരു ഓൺലൈൻ സ്റ്റോറും നേരത്തേ തന്നെ ആരംഭിച്ചിരുന്നു. അച്ചാറുകൾ, മസാലപ്പൊടികൾ, നുറുക്കുകൾ തുടങ്ങിയ സാധനങ്ങളാണ് പ്രധാനമായും ഓൺലൈനിലൂടെ വിൽക്കുന്നത്. ‘മീനമ്മാസ് കിച്ചൺ’ എന്ന ഇൻസ്റ്റഗ്രാം പേജുമുണ്ട്. ഇപ്പോഴിതാ പുതിയ വീഡിയോയിൽ ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയാണ് മീനാക്ഷി.
''ആദ്യത്തെ വീഡിയോയ്ക്ക് എനിക്ക് നല്ല വ്യൂസ് കിട്ടി. വളരെ സന്തോഷം. ഇത്രത്തോളം വലിയൊരു സ്വീകരണം ലഭിക്കുമെന്ന് കരുതിയില്ല. ഒരുപാട് പുതിയ ഓഡറുകളും ലഭിച്ചു. അതുകൊണ്ട് എല്ലാം അയച്ച് കൊടുക്കാൻ അൽപം താമസിക്കുന്നുണ്ട്. അൽപം വൈകിയാലും എല്ലാവരും ക്ഷമിക്കണം. വൈകിയാലും എല്ലാം നിങ്ങളുടെ കൈകളിലെത്തും.
ഗ്ലൗസ് ഇട്ട് ഫുഡ് ഐറ്റംസ് തയ്യാറാക്കാൻ ചിലർ പറഞ്ഞു. അതിനോട് എനിക്ക് താൽപര്യമില്ല. പാചകത്തിന് മുമ്പ് കൈകൾ ഞാൻ നന്നായി വൃത്തിയാക്കാറുണ്ട്. എന്റെ കൈ കൊണ്ട് തയ്യാറാക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം. ഗ്ലൗസ് ഏത് മെറ്റീരിയൽ കൊണ്ടാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് നമുക്ക് അറിയില്ലല്ലോ. ഗ്ലൗസ് ധരിക്കുമ്പോൾ അസ്വസ്ഥതയാണ്. ആർട്ടിഫിഷ്യലായത് പോലെയാണ്. കുഞ്ഞുങ്ങൾക്ക് നമ്മൾ കൈകൊണ്ടല്ലേ ഭക്ഷണം കൊടുക്കുന്നത്. ഗ്ലൗസ് ഇടാറില്ലല്ലോ. സ്പൂൺ ഉപയോഗിച്ച് കഴിക്കുന്ന രീതി പോലും നമുക്ക് ലഭിച്ചത് ഇംഗ്ലീഷ്ക്കാരിൽ നിന്നല്ലേ. എന്റെ കൈ വൃത്തിയുള്ളതാണ്. അതുകൊണ്ട് പേടിക്കേണ്ടതില്ല.
99.9 ശതമാനവും പോസിറ്റീവായ കമന്റുകളാണ് ലഭിച്ചത്. ആരോ ഒരാൾ, ഞാൻ തയ്യാറാക്കിയ മൈസൂർ പാക്ക് വളരെ മോശമാണെന്ന് പറഞ്ഞിട്ടുണ്ട്. ഇത്രത്തോളം മോശമായ ഒരു മൈസൂർ പാക്ക് കഴിച്ചിട്ടില്ലെന്നായിരുന്നു കമന്റ്. ക്വാളിറ്റിയുള്ള മൈസൂർ പാക്ക് അവർ ഇതുവരെ കഴിച്ചിട്ടില്ലെന്നാണ് എനിക്ക് മനസിലായത്. പിന്നെ ഓരോരുത്തരുടേയും ടേസ്റ്റ് ബഡ്സിന് അനുസരിച്ച് പ്രോഡക്ട്സ് തയ്യാറാക്കി കൊടുക്കാനും കഴിയില്ലല്ലോ. മൈസൂർ പാക്ക് ഇഷ്ടപ്പെട്ടില്ലെന്ന് പറഞ്ഞയാൾക്ക് ഞാൻ പൈസ തിരികെ കൊടുത്തു'', മീനാക്ഷി വീഡിയോയിൽ പറഞ്ഞു.






