
കഴിഞ്ഞ രണ്ട് വർഷമായിത്തോളമായി മലയാളി കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത കോമ്പോയാണ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ഗീതാഗോവിന്ദം പരമ്പരയിലെ ഗീതാഞ്ജലിയും ഗോവിന്ദും. ബിന്നി സെബാസ്റ്റ്യനും സാജൻ സൂര്യയുമാണ് സീരിയലിൽ ഗീതാഞ്ജലിയും ഗോവിന്ദുമായി അഭിനയിക്കുന്നത്. കഠിനാധ്വാനംകൊണ്ട് തന്റെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത, അനിയത്തിയെ ജീവനുതുല്യം സ്‌നേഹിക്കുന്ന 'ഗോവിന്ദ് മാധവിന്റെ'യും എല്ലാവര്‍ക്കും നന്മ മാത്രം ആഗ്രഹിക്കുന്ന 'ഗീതാഞ്ജലി'യുടെയും കഥയാണ് പരമ്പര പറയുന്നത്. സീരിയൽ ഉടൻ അവസാനിക്കാൻ പോകുകയാണെന്ന വിവരവും അണിയറ പ്രവർത്തകർ അടുത്തിടെ ആരാധകരെ അറിയിച്ചിരുന്നു.
ഇതോടനുബന്ധിച്ച് സഹതാരം സാജൻ സൂര്യയെക്കുറിച്ച് ബിന്നി സെബാസ്റ്റ്യൻ പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
സാജൻ സൂര്യയുമൊത്ത് എടുത്ത ആദ്യത്തെ ഫോട്ടോയും ഏറ്റവും ഒടുവിലത്തെ ഫോട്ടോയും ഉൾപ്പെടെയുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ബിന്നിയുടെ പോസ്റ്റ്. ''എന്റെ സഹതാരം മാത്രമല്ല, എന്റെ പ്രചോദനം കൂടിയാണ് താങ്കൾ. നിങ്ങളൊരു നല്ല മനുഷ്യനാണ്- എളിമയുള്ള, ദയയുള്ള, എന്നെ വളരെയധികം പിന്തുണക്കുന്ന ഒരാൾ. ക്യാമറക്കു മുന്നിൽ മാത്രമല്ല താങ്കൾ എനിക്കൊപ്പം നിന്നത്, എന്റെ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും, സംശയിച്ചു നിന്ന അവസരങ്ങളിലും എല്ലാം നഷ്ടപ്പെട്ടു എന്നെനിക്കു തോന്നിയ അവസരങ്ങളിലുമെല്ലാം എന്റെ കൂടെ ഉണ്ടായിരുന്നു. എന്നെ ആശ്വസിപ്പിക്കുകയും മുന്നോട്ടു നയിക്കുകയും ചെയ്തു. ഒരിക്കലും സീനിയോറിറ്റി കാണിച്ചിട്ടില്ല.
എന്റെ ഉയർച്ചയിലും താഴ്ചയിലുമെല്ലാം എനിക്കൊപ്പം ഒരപോലെ നിന്നയാളാണ്. ഒരു സുഹൃത്തിനും അപ്പുറം, ഒരു സഹതാരത്തിനും അപ്പുറം, ഒരു ഗുരുവിനുമപ്പുറം... താങ്കൾ എന്റെ ബെസ്റ്റ് പുറത്തു കൊണ്ടുവന്നു. ഗീതുവിന് ജീവൻ നൽകാൻ സഹായിച്ചു. എല്ലാ സ്നേഹത്തിനും പിന്തുണക്കും, ബഹുമാനത്തിനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്നുമുള്ള നന്ദി... ഗോവിന്ദിന്റെ ഗീതുവാകാൻ കഴിഞ്ഞത് എന്റെ ഭാഗ്യം. നന്ദി, സാജൻ ചേട്ടൻ'', ബിന്നി ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക