'അറുപത്തിയൊന്നാം വയസിലും ഇത്രയും ചാരുതയോ?'; വൈറലായി നീരജിന്റെ അമ്മയുടെ നൃത്തവീഡിയോ

Published : Oct 21, 2026, 03:14 PM IST
Neeraj Madhav

Synopsis

നടൻ നീരജ് മാധവിന്റെ അമ്മ ലതാ മാധവൻ കോഴിക്കോട് തളി ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

സോഷ്യൽ മീഡിയയിൽ വൈറലായി നടൻ നീരജ് മാധവിന്റെ അമ്മ ലതാ മാധവന്റെ നൃത്തവീഡിയോ. കോഴിക്കോട് തളി ക്ഷേത്രത്തില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന അമ്മയുടെ വീഡിയോ നീരജ് മാധവ് തന്നെ കഴിഞ്ഞ ദിവസം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു. ശാസ്ത്രീയനൃത്തത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഒരാളായിരുന്നു അമ്മയെന്ന് നീരജ് പങ്കുവെച്ച കുറിപ്പിൽ പറയുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ സംസ്ഥാനതലത്തില്‍ വിജയിയായിരുന്നു അമ്മയെന്നും നീരജ് കുറിച്ചു.

''കുട്ടിക്കാലം തൊട്ടേ ശാസ്ത്രീയനൃത്തത്തെ ജീവശ്വാസമായി കൊണ്ടുനടന്ന ഒരാളാണ് അമ്മ. സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാനതലത്തില്‍ വിജയിയായിരുന്നെങ്കിലും, ജീവിതം അമ്മയ്ക്കായി കരുതിവെച്ചത് മറ്റൊന്നായിരുന്നു. അമ്മ പിന്നീട് ഒരു സ്‌കൂള്‍ അധ്യാപികയായി. കരിയറും കുടുംബവും ഉത്തരവാദിത്തങ്ങളുമൊക്കെയായി മുന്നോട്ടുപോയപ്പോള്‍, എവിടെയോ വെച്ച് നൃത്തം പിന്‍നിരയിലേക്ക് മാറി. എങ്കിലും, ആ സ്വപ്നം അമ്മ ഒരിക്കലും പൂര്‍ണ്ണമായി കൈവിട്ടിരുന്നില്ല. അവസരം കിട്ടുമ്പോഴൊക്കെ അമ്മ പരിശീലിക്കുകയും നൃത്തം ചെയ്യുകയും ചെയ്തിരുന്നു.

ഇപ്പോള്‍ അധ്യാപന ജീവിതത്തില്‍ നിന്ന് വിരമിച്ച്, അറുപത്തിയൊന്നാം വയസിലെത്തി നില്‍ക്കുമ്പോള്‍, പൂര്‍ണമായി തന്റെ സമയവും സമര്‍പ്പണവും അമ്മ നൃത്തത്തിനായി നീക്കിവയ്ക്കുകയാണ്. അമ്മയുടെ ഈ ആത്മാര്‍ഥതയാണ് എന്നെ എന്നും അദ്ഭുതപ്പെടുത്തുന്നത്. സ്‌കൂള്‍ കാലത്തെ അതേ ആവേശത്തോടും നിശ്ചയദാര്‍ഢ്യത്തോടും കൂടി, മണിക്കൂറുകളോളം, ചിലപ്പോള്‍ പാതിരാത്രി വരെയും അമ്മ പരിശീലിക്കും. ആരും നിര്‍ബന്ധിച്ചിട്ടല്ല, കലയോടുള്ള കലർപ്പില്ലാത്ത പ്രണയം കൊണ്ടുമാത്രം. ചിലങ്കയണിയുമ്പോള്‍ താന്‍ എത്രമാത്രം സന്തോഷവതിയാണെന്ന് അമ്മ പലപ്പോഴും എന്നോട് പറയാറുണ്ട്.

ഇപ്പോള്‍ ദീപ്തി പരോള്‍ എന്ന ഗുരുവിന്റെ കീഴില്‍ നൃത്തം അഭ്യസിക്കുന്ന അമ്മ വിവിധ വേദികളില്‍ നൃത്തം അവതരിപ്പിക്കാറുണ്ട്. മുന്‍പും അമ്മയുടെ നൃത്തം കണ്ടിട്ടുണ്ടെങ്കിലും, ഈയടുത്ത് നവരാത്രിക്കാലത്ത് കോഴിക്കോട് തളി ക്ഷേത്രത്തില്‍ വെച്ച് അമ്മയുടെ പ്രകടനം വേദിക്ക് മുന്നിലിരുന്ന് നേരില്‍ കാണാന്‍ എനിക്കൊരവസരം കിട്ടി. ആ കാഴ്ച എന്റെ മനസിനെ ഇത്രയേറെ തൊടുമെന്ന് ഞാന്‍ ഒട്ടും കരുതിയിരുന്നില്ല. കണ്ണു നിറഞ്ഞുപോയി. ഒട്ടും വിട്ടുവീഴ്ചയില്ലാത്ത സമര്‍പ്പണത്തോടെ, തനിക്കേറ്റവും പ്രിയപ്പെട്ട ഒന്നില്‍ അമ്മ സ്വയം മറന്നിരിക്കുന്നത് കാണാന്‍ വല്ലാത്തൊരു മനോഹാരിതയായിരുന്നു. തനിച്ചൊരു സമ്പൂര്‍ണ്ണ ഭരതനാട്യക്കച്ചേരി അവതരിപ്പിക്കുക എന്നതാണ് അമ്മയുടെ ഇപ്പോഴത്തെ ഏറ്റവും വലിയ സ്വപ്നം. അമ്മയുടെ ആ ആഗ്രഹം ഞങ്ങള്‍ സാക്ഷാത്കരിക്കുക തന്നെ ചെയ്യും'', എന്നാണ് വീഡിയോയ്ക്കാപ്പം നീരജ് കുറിച്ചത്. ഈ പ്രായത്തിലും എത്രത്തോളം ഗ്രേസോടെയാണ് അമ്മ നൃത്തം ചെയ്യുന്നത് എന്നാണ് വീഡിയോയ്ക്കു താഴെ പലരും കുറിക്കുന്നത്.

PREV
Read more Articles on
click me!

Recommended Stories

'വീണ്ടുമൊരു അവസരം കിട്ടിയാൽ അതുപോലെ തന്നെയാകും ഞാൻ ഒരുങ്ങുക..'; വിമർശനങ്ങൾക്ക് മറുപടിയുമായി അഹാന
'താഷിയുടെ ആ പ്രവൃത്തി മനസിൽ തട്ടി..'; ഓർമ പങ്കുവെച്ച് എൽദോ