
ഏഷ്യാനെറ്റിലെ ജനപ്രിയ പരമ്പരകളിലൊന്നാണ് ഗീതാഗോവിന്ദം. ഗീതുവിന്റെയും ഗോവിന്ദിന്റേയും സംഘർഷകരമായ പ്രണയകഥ പറഞ്ഞ് പ്രേക്ഷകമനസുകളിൽ ഇടംനേടിയ പരമ്പരയാണിത്. അപ്രതീക്ഷിത കഥാപാത്രങ്ങളുടെ കടന്നുവരവും ട്വിസ്റ്റുകളും കൊണ്ട് സമ്പന്നമായ ഗീതാഗോവിന്ദം ഇപ്പോഴും പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ്. എന്നാൽ പരമ്പര ഉടൻ അവസാനിക്കാൻ പോകുകയാണെന്നാണ് സീരിയലിന്റെ അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സീരിയലിൽ പ്രധാന കഥാപാത്രങ്ങളിലൊരാളെ അവതരിപ്പിക്കുന്ന നടിയാണ് അമൃത നായർ. അമൃതയുടെ ഇൻസ്റ്റഗ്രാം പേജിലും ഇതേക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവെച്ചിട്ടുണ്ട്. കണ്ണു നിറഞ്ഞാണ് അമൃത വീഡിയോയിൽ സംസാരിക്കുന്നത്. പരമ്പരയിൽ രേഖ എന്ന കഥാപാത്രത്തെയാണ് അമൃത അവതരിപ്പിച്ചിരുന്നത്.
''ഞാൻ ചെയ്ത കഥാപാത്രങ്ങളിൽ എനിക്ക് ഏറ്റവും ഇഷ്ടപെട്ട കഥാപാത്രമാണ് രേഖ. അതുകൊണ്ട് തന്നെ എന്റെ മാക്സിമം ഞാൻ ആ കഥാപാത്രത്തിനു നൽകിയിട്ടുണ്ട് എന്ന് വിശ്വസിക്കുന്നു. അതിന് ഏറ്റവും കൂടുതൽ നന്നി പറയേണ്ടത് ഞങ്ങളുടെ ഡയറക്ടർ സാറിനോടാണ്. രേഖയായി ഗീതഗോവിന്ദം സീരിയലിൽ വന്നിട്ട് മൂന്നു വർഷമായി. ഇന്ന് ഇപ്പോൾ രേഖയുടെ അവസാനത്തെ ഷോർട് വെച്ചപ്പോൾ കരഞ്ഞുപോയി. നല്ലൊരു ഫാമിലി, നല്ല സൗഹൃദങ്ങൾ. എല്ലാവരെയും ഒരുപാട് മിസ് ചെയ്യും'', എന്ന് അമൃത വീഡിയോയിൽ പറഞ്ഞു. അവസാന ഷോട്ട് എടുത്തതിനു ശേഷം അമൃതയുടെ കണ്ണ് നിറയുന്നതും എല്ലാവർക്കും കൈ കൊടുക്കുന്നതും വീഡിയോയിൽ കാണാം.
നിരവധി പ്രേക്ഷകരാണ് അമൃതയുടെ വീഡിയോയ്ക്കു താഴെ കമന്റ് ചെയ്തിരിക്കുന്നത്. ''പ്രിയപ്പെട്ട സീരിയൽ ആയിരുന്നു ഇനി ഇങ്ങനെ ഒരുമിച്ചു എല്ലാരേം കാണാൻ അടുത്ത ഒരു സീരിയൽ കൂടി വരും എന്നു പ്രതീക്ഷിക്കുന്നു'', എന്നാണ് വീഡിയോയ്ക്കു താഴെ ഒരാളുടെ കമന്റ്. ''ഒരുപാട് ഇഷ്ട്ടം ആയിരുന്നു എല്ലാവരേയും. നിങ്ങളെ ഒത്തിരി മിസ്സ് ചെയ്യും'', എന്നും മറ്റൊരാൾ കുറിച്ചു.