
കൊച്ചി: മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊന്നാണ് നടി അപ്സര. സാന്ത്വനം സീരിയലിലെ പ്രതിനായക കഥാപാത്രം ജയന്തിയെ അവതരിപ്പിച്ച് പ്രേക്ഷകശ്രദ്ധ നേടിയ അപ്‌സര, പിന്നീട് ബിഗ് ബോസ് മലയാളം സീസണ്‍ 6 ലെ മത്സരാര്‍ത്ഥി എന്ന നിലയിലും ശ്രദ്ധിക്കപ്പെട്ടു. ഇപ്പോളിതാ സോഷ്യൽ മീഡിയയിൽ കാണുന്ന നെഗറ്റീവ് കമന്റുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ചേച്ചിയുടെ മകനൊപ്പം പുറത്ത് പോയാൽ പോലും കുറ്റപ്പെടുത്തലുകളാണ് കേൾക്കേണ്ടി വരുന്നതെന്ന് അപ്സര പറയുന്നു.
''ഞാൻ എവിടെ പോയാലും ചേച്ചിയുടെ മോൻ എന്റെ ഒപ്പം ഉണ്ടാകാറുണ്ട്. എനിക്കൊപ്പമാണ് അവൻ ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത്. അവനുമായി പുറത്ത് പോകുമ്പോൾ ചില ആളുകൾ കമന്റിടുന്നത് എന്റെ കുട്ടിയാണ് അവൻ എന്നാണ്. അതിൽ എനിക്ക് പ്രശ്നമില്ല. പക്ഷേ ക്യാപ്ഷനുകളും കമന്റുകളും അങ്ങനെയല്ല.
ചെറിയ കുട്ടിയല്ലേ.. അവന്റെ എന്തെങ്കിലും എക്സ്പ്രഷനൊക്കെ എടുത്തിട്ട്, പ്രസവിച്ച കുട്ടിയെ മൈന്റ് ചെയ്യാതെ അപ്സര തിരിഞ്ഞ് നടക്കുന്നു എന്നൊക്കെ പോസ്റ്റ് ചെയ്യും. ആദ്യമൊക്കെ ഇത്തരം നെഗറ്റീവ് കമന്റുകൾ എന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ ഇപ്പോൾ അതൊന്നും ഏൽക്കാറില്ല'', സൈന സൗത്ത് പ്ലസിനു നൽകിയ അഭിമുഖത്തിൽ അപ്സര പറഞ്ഞു. സ്ട്രോങ്ങാണെന്ന് തോന്നുമെങ്കിലും പെട്ടന്ന് ഡൗണാകുന്നയാൾ കൂടിയാണ് താനെന്നും അപ്സര പറയുന്നു.
സ്ത്രീയും പുരുഷനും തുല്യരാണെന്ന് പറയുമെങ്കിലും ഇപ്പോഴും സത്രീകൾ ചെയ്യുമ്പോൾ അത് ഭയങ്കര മോശവും പുരുഷന്മാർ ചെയ്യുമ്പോൾ അതൊരു ക്രെഡിറ്റായും കാണുന്ന കാലഘട്ടത്തിൽ തന്നെയാണ് നമ്മൾ ജീവിക്കുന്നതെന്നും അപ്സര കൂട്ടിച്ചേർത്തു. ''ഒരു സെലിബ്രിറ്റിയുടെ വിവാഹ വീഡിയോ പുറത്ത് വന്നാൽ അതിൽ ആദ്യം പ്രത്യക്ഷപ്പെടുന്ന കമന്റ് ഇത് ആറ് മാസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ലെന്നാണ്. അതുപോലെ ആ വിവാഹ ദിവസം സന്തോഷത്തോടെ ഒന്ന് ഹഗ് ചെയ്താൽ ഭയങ്കര ഓവറാണ് എന്നൊക്കെയാണ് കമന്റുകൾ'', അപ്സര കൂട്ടിച്ചേർത്തു.