'നമ്മളെയൊന്നും ആർക്കും വേണ്ടെന്നു പറഞ്ഞു, എന്നിട്ടും..'; കണ്ണീരണിഞ്ഞ് ബിന്നി സെബാസ്റ്റ്യൻ

Published : Mar 03, 2026, 10:08 PM IST
Binny sebastian

Synopsis

സീരിയൽ താരം ബിന്നി സെബാസ്റ്റ്യൻ, ഒരു ആരാധികയിൽ നിന്ന് ലഭിച്ച വിലയേറിയ സമ്മാനത്തെക്കുറിച്ച് വികാരഭരിതയായി. ബിഗ് ബോസിന് ശേഷം വെറുപ്പ് നേരിട്ട തനിക്ക് ഇത് വലിയ സന്തോഷം നൽകിയെന്നും ബിന്നി.

ഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന ഗീതാഗോവിന്ദം എന്ന പരമ്പരയിലൂടെ നിരവധി ആരാധകരെ സമ്പാദിച്ച നടിയാണ് ബിന്നി സെബാസ്റ്റ്യൻ. കുടുംബവിളക്ക് താരം നൂബിൻ ജോണിയാണ് താരത്തിന്റെ ഭർത്താവ്. സമൂഹമാധ്യമങ്ങളിൽ സ്ഥിരമായി ഫോട്ടോഷൂട്ടുകൾ പങ്കുവെയ്ക്കുന്ന താരം കൂടിയാണ് ബിന്നി. ഇതിനിടെ, ബിഗ്ബോസ് മലയാളം സീസൺ 7ലും ബിന്നി മാറ്റുരച്ചിരുന്നു. അതിലൂടെ തനിക്കു ലഭിച്ച ഒരാധികയെക്കുറിച്ചാണ് ബിന്നിയുടെ പുതിയ വീഡിയോ. വീഡിയോയിൽ വികാരഭരിതയായാണ് താരം സംസാരിക്കുന്നത്. തന്റെ ക്ലോത്തിങ്ങ് ബ്രാൻഡായ മോഹിക്യുവിന്റെ ലോഞ്ച് ചടങ്ങിൽ ഈ ആരാധിക എത്തിയിരുന്നു എന്നും വിലമതിക്കാനാകാത്ത സമ്മാനം നൽകിയാണ് മടങ്ങിയതെന്നും ബിന്നി പറയുന്നു. ആരാധിക തനിക്കു നൽകിയ സ്വർണക്കമ്മലും പുസ്തകവും ബിന്നി വീഡിയോയിൽ കാണിക്കുന്നുണ്ട്.

''ബിഗ്ബോസിനു ശേഷം എനിക്ക് കൂടുതലും വെറുപ്പാണ് കിട്ടിയിട്ടുള്ളത്. എന്നെ ഇഷ്ടപ്പെടുന്ന വളരെ കുറച്ച് ആളുകളേ ഉള്ളൂ. ഈ വ്യക്തിയുടെ പേര് ഞാൻ പറയുന്നില്ല. ആ കുട്ടിയുടെ പേജിന്റെ പേര് 'അദർ പെർസ്പെക്ടീവ്' എന്നാണ്. മോഹിക്യുവിന്റെ ലോഞ്ചിന് ആളെ ഞാൻ ക്ഷണിച്ചിരുന്നു. അന്നാണ് ആദ്യമായിട്ട് കാണുന്നത്. മീഡിയാസ് ഉള്ളതുകൊണ്ട് ആദ്യം എന്റെയടുത്തേക്ക് വന്നില്ല. അവരെല്ലാം പോയിക്കഴിഞ്ഞാണ് വന്നു സംസാരിച്ചത്. എനിക്കു വേണ്ടി ഒരു സമ്മാനവും കൊണ്ടുവന്നിരുന്നു. അത് എന്റെ മാതാപിതാക്കളെ ഏൽപിച്ചിട്ടാണ് പോയത്. ഇപ്പോഴാണ് അത് നോക്കാൻ സമയം കിട്ടിയത്. ചെറിയ കുട്ടിയാണ്, ജോലി ചെയ്യുന്നുണ്ട്. ആ കുട്ടിക്കു ലഭിക്കുന്ന സമ്പാദ്യത്തിൽ നിന്നാണ് എനിക്കു വേണ്ടി ഈ സമ്മാനം വാങ്ങിയത്.

എനിക്കു വേണ്ടി ഒരുപാടു സമയം ചെലവഴിച്ച് ആ കുട്ടി വീഡിയോ ചെയ്യാറുണ്ട്. ചെറിയ കുട്ടിയാണ്. വെറുതേ സമയം കളയണ്ട, ഇതിനൊന്നും വ്യൂസ് കിട്ടില്ല, നമ്മളെയൊന്നും ആർക്കും വേണ്ട, റീച്ച് ഉള്ള വെറേ ആരെയെങ്കിലും കുറിച്ച് വീഡിയോ ചെയ്യൂ എന്നൊക്കെ ഞാൻ ഇടക്ക് പറയാറുണ്ട്. എന്നിട്ടും എന്റെ പ്രതിസന്ധിഘട്ടങ്ങളിൽ പോലും അവൾ എനിക്കൊപ്പം നിന്നു. ബിഗ്ബോസ് കഴിഞ്ഞതിനു ശേഷം എനിക്കൊരാൾ സമ്മാനം തരുന്നതുപോലും ആദ്യമായിട്ടാണ്. എന്നിലേക്ക് അടുക്കാൻ മാത്രം എന്താണ് കാരണമെന്ന് എനിക്കറിയില്ല. പക്ഷേ, ഒരുപാട് നന്ദി. സമ്മാനങ്ങൾ കിട്ടുന്നതൊക്കെ എനിക്ക് ഇഷ്ടമാണ്. പക്ഷേ, ഇത്രയും വിലയുള്ള സമ്മാനങ്ങളൊന്നും ഇനി വാങ്ങി നൽകരുത്. അതിനു വേണ്ടി അധികം പണം ചെലവഴിക്കരുത്. ഞാനും ചെറിയൊരു സമ്മാനം തിരിച്ചു തരുന്നതായിരിക്കും, എന്റെ സന്തോഷത്തിന്'', ബിന്നി വീഡിയോയിൽ പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാനൊരുങ്ങി ദീപികയും രൺവീറും
അലിൻ ജോസ് പെരേരയെ വിളിച്ചുവരുത്തി അപമാനിച്ചോ, കൊണ്ടോട്ടിയിൽ ഷർട്ട് ഊരിപ്പിച്ച് റോഡിലൂടെ നടത്തിയെന്ന് ആരോപണം; സോഷ്യൽമീഡിയയിൽ ചർച്ച