
മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് ഏറെ സുപരിചിതയായ നടിയാണ് കവിത ലക്ഷ്മി. സ്ത്രീധനം എന്ന സീരിയലിലൂടെയാണ് താരം കൂടുതൽ പ്രശസ്തയായത്. ഇപ്പോൾ ചെന്നൈയിൽ ഡെലിവറി ഗേളായി ജോലി ചെയ്യുകയാണ് കവിത. അഭിനയം ഇഷ്ടമാണെങ്കിലും ജീവിക്കാൻ വേണ്ടിയാണ് ഈ ജോലി ചെയ്യുന്നതെന്ന് താരം പറയുന്നു. ''സീരിയലിൽ നിന്നും ആദ്യം ഇടവേളയെടുത്തത് മകന് വേണ്ടിയാണ്. അതിനുശേഷം തട്ടുകട ഇട്ടു. മകന്റെ പഠനത്തിനും മറ്റുമായി ഒരുപാട് പണം ആവശ്യമുള്ള സമയമായിരുന്നു. ഇടയ്ക്ക് രണ്ട്, മൂന്ന് സിനിമകൾ ചെയ്തിരുന്നു. അതിനുശേഷം വീണ്ടും സീരിയലിലേക്ക് തിരിച്ച് വന്നിരുന്നു", കവിത പറയുന്നു
“മലയാളികൾക്ക് പണം തരാൻ ഇത്തിരി മടിയാണ്. പതിനഞ്ച് വർഷമായി മൂവായിരം രൂപയാണ് പ്രതിഫലം. അതുകൊണ്ട് മോളുടെ പഠനം നടക്കില്ല. ഇത്ര തുകയെ തരാൻ പറ്റൂ, വേണമെങ്കിൽ വന്ന് അഭിനയിക്കൂ എന്നാണ് എന്നോട് ഒരാൾ പറഞ്ഞത്. എനിക്ക് വാശി ഇത്തിരി കൂടുതലാണ്. അതുകൊണ്ട് ഞാൻ പോയില്ല. മാർഗമല്ല ലക്ഷ്യമാണ് എനിക്ക് പ്രധാനം. അങ്ങനെയാണ് ഡെലിവറി ഗേളാകുന്നത്. ആഴ്ചയിൽ പതിനാലായിരം രൂപയോളം ഉണ്ടാക്കാൻ പറ്റുന്നുണ്ട്. സുഖമായി ഫീസും ലോണും എല്ലാം അടയ്ക്കാൻ പറ്റുന്നു. എന്റെ അത്യാവശ്യം ചെലവുകളും നടക്കും. ആരുടേയും മുന്നിൽ കൈ നീട്ടേണ്ടി വരാറില്ല. ഡെലിവറി ഗേളായി പോകുമ്പോൾ മലയാളികൾ തിരിച്ചറിയാറുണ്ട്. എന്റെ ചിരി കണ്ടാണ് മനസിലാക്കുന്നത്.”
"സീരിയലിൽ വരുമാനമുണ്ട്. പക്ഷേ ചിലവോട് ചിലവാണ്. സാരി, ഓർണമെന്റ്സ്, മേക്കപ്പ്, ബ്യൂട്ടിപാർലർ എല്ലാത്തിനും പണം മുടക്കണം. അഭിനയിക്കുക എന്നത് എന്റെ വലിയൊരു സ്വപ്നമാണ്. മോളുടെ പഠനം കഴിഞ്ഞശേഷം വീണ്ടും സിനിമ ട്രൈ ചെയ്യാമെന്നാണ് കരുതുന്നത്. അഭിനയത്തിന് പ്രായം പ്രശ്നം അല്ലല്ലോ. അറുപത്തിമൂന്ന് വയസുള്ള അമ്മ റോൾ വരെ ചെയ്തിട്ടുണ്ട്'', ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ കവിത പറഞ്ഞു.