സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത്, മറ്റ് പതിനാല് ട്രാൻസ്ജെൻഡർ വ്യക്തികൾക്കൊപ്പം ബിജെപിയിൽ ചേർന്നു. ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്‍റെ ചരിത്രം മാറുമെന്നും സീമ വിനീത്.

ഴിഞ്ഞ ദിവസമാണ് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും കേരളത്തിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റുമായ സീമ വിനീത് ബിജെപിയിൽ ചേർന്നത്. സീമ വിനീത്, ഭരതനാട്യം കലാകാരിയായ അദ്രിജ, ശ്രീക്കുട്ടി നമി തുടങ്ങി ട്രാൻസ്ജെൻഡർ വിഭാഗത്തിൽ നിന്നുള്ള പതിനഞ്ച് പേരാണ് ബിജെപിയിൽ അംഗത്വം എടുത്തത്. വാർത്താസമ്മേളനം നടത്തി രാജീവ് ചന്ദ്രശേഖർ നേരിട്ടാണ് ഇവർക്ക് അംഗത്വം നൽകി പാർട്ടിയിലേക്ക് സ്വീകരിച്ചത്. തന്റെ പാർട്ടി പ്രവേശനത്തെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ തുറന്നു പറഞ്ഞിരിക്കുകയാണ് സീമ വിനീത്.

ബിജെപി ഭരണത്തിൽ വന്നാൽ കേരളത്തിന്റെ ചരിത്രം വഴിമാറുമെന്ന് സീമ പറയുന്നു. ''ആനുകൂല്യങ്ങളൊന്നും കിട്ടുന്നില്ല എന്നു പറഞ്ഞ് കരഞ്ഞു നിലവിളിച്ചിട്ട് കാര്യമുണ്ടോ? പുതിയ ആളുകൾ വരുമ്പോൾ ചരിത്രം വഴിമാറും എന്നു പറയില്ലേ? അതുപോലെ ബിജെപി വന്നാൽ കേരളത്തിന്റെ ചരിത്രം തന്നെ മാറും. നമ്മൾ‌ ആഗ്രഹിക്കുന്ന തരത്തിലേക്ക് കേരളം എത്തും'', എന്ന് സീമ വിനീത് പറഞ്ഞു. പട്ടിണിയില്ലാത്ത സംസ്ഥാനം കേരളം ആണെന്നു പറഞ്ഞപ്പോൾ നൂറിലധികം പൊതിച്ചോർ താൻ ഒരു ദിവസം വിതരണം ചെയ്യുന്നുണ്ടെന്നും കേരളത്തിൽ പട്ടിണി ഇല്ലാത്തതുകൊണ്ടാണോ അത് കൊടുക്കുന്നത് എന്നുമായിരുന്നു സീമ വിനീതിന്റെ മറുചോദ്യം. വിശപ്പുള്ളവർ കേരളത്തിലുണ്ട്. ഇല്ലെങ്കിൽ അതു കൊടുക്കേണ്ട കാര്യമുണ്ടോ എന്നും സീമ വിനീത് ചോദിച്ചു.

''എല്ലാ പാർട്ടികളും നല്ല ഭരണം നടത്തുന്നുണ്ടായിരിക്കാം. ബിജെപിയും നല്ല ഭരണം നടത്തുന്നുണ്ട്. പക്ഷേ, ഇപ്പോഴും സൂര്യൻ ഉദിക്കാത്ത നാടാണ് കേരളം എന്നേ ഞാൻ പറയൂ. കേരളം എന്ന ഇട്ടാവട്ടത്തിലെ കുറച്ചുപേർ വോട്ട് ചെയ്തില്ലെങ്കിലും ഇന്ത്യാ മഹാരാജ്യം ഭരിക്കുന്നത് ബിജെപിയാണ്. അത്രയും കെൽപുള്ളതുകൊണ്ടാണ് ബിജെപി ഇന്ത്യ ഭരിക്കുന്നത്. അത്രയും ക്രെഡിബിലിറ്റിയും കോൺഫിഡൻസും ഉണ്ട്. അത്രയും ആളുകൾ വോട്ട് ചെയ്യുന്നുമുണ്ട്'', എന്ന് സീമ വിനീത് കൂട്ടിച്ചേർത്തു. ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുകയായിരുന്നു താരം.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming