
ടെലിവിഷൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് പ്രാർത്ഥന കൃഷ്ണ. കൂടെവിടെ എന്ന സീരിയലിലൂടെയാണ് പ്രാർത്ഥന പ്രശസ്തയാകുന്നത്. രാക്കുയിൽ, മണിമുത്ത് തുടങ്ങിയ സീരിയലുകളിലെ പ്രകടനവും പ്രേക്ഷകർ ഇരുകൈകളും നീട്ടിയാണ് സ്വീകരിച്ചത്. ഇപ്പോഴിതാ താരം വിവാഹിതയായി എന്ന തരത്തിലുള്ള വിവരങ്ങളാണ് സോഷ്യൽ മീഡിയയിലൂടെ പുറത്തു വരുന്നത്. പ്രാർത്ഥന തന്നെ പങ്കുവെച്ച ചില ചിത്രങ്ങളിൽ നിന്നും റീലുകളിൽ നിന്നും അതിനു താഴെ നൽകിയ കമന്റുകളിൽ നിന്നുമാണ് പ്രേക്ഷകർ ഇക്കാര്യം ഉറപ്പിച്ചത്.
തന്റെ ബെസ്റ്റ് ഫ്രണ്ടിനെ വിവാഹം ചെയ്തതെന്നു പറഞ്ഞുകൊണ്ടാണ് മോഡൽ ആൻസിയക്ക് ഒപ്പമുള്ള ചിത്രങ്ങളും വീഡിയോകളും പ്രാർത്ഥന ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. ''ടോക്സിക് ബന്ധത്തേക്കാൾ നൂറിരട്ടി നല്ല ബന്ധം, എന്റെ പൊണ്ടാട്ടി'' എന്നും വീഡിയോയ്ക്കൊപ്പം പ്രാർത്ഥന കുറിച്ചു. ഇത് റീൽ വീഡിയോ ആണോ എഐ ആണോ എന്നൊക്കെയുള്ള കമന്റുകൾക്ക് റീൽ അല്ല റിയൽ ആണെന്നും പ്രാർത്ഥന മറുപടി നൽകിയിട്ടുണ്ട്.
അതേസമയം, ഇത് ഫോട്ടോ ഷൂട്ട് ആണോ എന്നുള്ള കമന്റിന് ഇത് കണ്ടിട്ട് എന്തുതോന്നുന്നു എന്ന മറുപടിയാണ് ആൻസിയ നൽകിയത്. വിവാഹിതരായോ എന്ന സംശയം ചിലർ ചോദിക്കുമ്പോൾ, മറ്റു ചിലർ വീഡിയോകൾക്കും ചിത്രങ്ങൾക്കും താഴെ ഇരുവർക്കും ആശംസകൾ അറിയിച്ചും കമന്റ് ചെയ്തിട്ടുണ്ട്.
ആൻസിയയും പ്രാർത്ഥനയും പരസ്പരം മാല അണിയുന്നതും താലി കെട്ടുന്നതും സിന്ദൂരം ചാർത്തുന്നതുമെല്ലാം വീഡിയോയിലുണ്ട്. അമ്പല നടയിൽ വെച്ചുള്ള ദൃശ്യങ്ങളാണ് ഇവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഒരു മോഡലും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറും കൂടിയാണ് ആൻസിയ. പ്രാർത്ഥനയും മോഡലിംഗ് രംഗത്തു നിന്നുമാണ് അഭിനയത്തിലേക്ക് എത്തിയത്. ഇരുവരും ഒന്നിച്ചുള്ള വീഡിയോകളും ചിത്രങ്ങളും മുൻപും സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.