
റാപ്പർ വേടന് പിന്തുണ പ്രഖ്യാപിച്ച് നടി സബീറ്റ ജോർജ്‍. ലഹരി ഉപയോഗിക്കുന്നത് മഹത്തായ കാര്യമാണ് എന്നൊന്നും താൻ പറയുന്നില്ലെന്നു പറഞ്ഞ സബീറ്റ ഇപ്പോഴാണോ വേടന്റെ മാലയിലെ പുലിപ്പല്ല് കാണുന്നതെന്നും ചോദിച്ചു. ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.
''സിന്തറ്റിക് ഡ്രഗ് ഉപയോഗിക്കുന്നില്ല എന്നു പറഞ്ഞു. ഉപയോഗിച്ചതിന് തെളിവുമില്ല. എന്നുവെച്ച് റോഡിലൂടെ കഞ്ചാവുമടിച്ച് തേരാപാരാ നടക്കുന്നത് ഭയങ്കര സംഭവം ആണെന്നു വിചാരിക്കുന്ന ആളല്ല ഞാൻ. തേങ്ങാ ഉടയ്ക്കുന്ന ഒരു വെട്ടുകത്തി എന്റെ അടുക്കളയിലും ഉണ്ട്. ഇനി അതൊക്കെ പ്രശ്നമാകുമോ എന്നറിയില്ല. പിന്നെ എലീടെ പല്ലോ, പുലീടെ പല്ലോ അങ്ങനെ എന്തോ കേട്ടു. എത്രയോ സ്റ്റേജുകളിൽ ഈ പുലിയുടെ പല്ലുള്ള ലോക്കറ്റുമായി ഈ ആർടിസ്റ്റ് പെർഫോം ചെയ്തിരിക്കുന്നു. ഞാൻ തന്നെ ഒരു പതിനഞ്ച് വീഡിയോ എങ്കിലും കണ്ടിട്ടുണ്ട്. പല സ്ഥലങ്ങളിലും പല സന്ദർഭങ്ങളിലുമായി. അന്നൊന്നും ആരും ഈ പുലിപ്പല്ലിനെപ്പറ്റിയോ എലിപ്പല്ലിനെപ്പറ്റിയോ വിഷമിക്കുകയോ പുറകേ നടന്ന് ആ വ്യക്തിയെ ക്രൂശിക്കുകയോ ഒന്നും ചെയ്തിട്ടില്ല. പെട്ടെന്ന് എന്താണ് ഇങ്ങനെ? എന്തൂട്ടാ സജീ ഇതൊക്കെ? പുച്ഛം ആണ് ഇപ്പോൾ തോന്നുന്ന വികാരം'', എന്നാണ് സബീറ്റ വീഡിയോയിൽ പറഞ്ഞത്. വീഡിയോയ്ക്കു താഴെ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്.
ചക്കപ്പഴമെന്ന പരമ്പരയിലൂടെയായാണ് സബീറ്റ ജോർജ് പ്രേക്ഷകശ്രദ്ധ നേടിയത്. ലളിത എന്ന കഥാപാത്രത്തെയാണ് പരമ്പരയിൽ താരം അവതരിപ്പിച്ചത്. മികച്ച സ്വീകാര്യതയും പിന്തുണയുമാണ് പരമ്പരയ്ക്ക് ലഭിച്ചിരുന്നതും. പരമ്പരയില്‍ നിന്നും താന്‍ പിന്‍മാറുകയാണെന്നും പിന്നീട് സബീറ്റ അറിയിച്ചിരുന്നു. ഇപ്പോൾ സീരിയലിൽ സജീവമല്ലെങ്കിലും താരത്തിന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയ വഴി ആരാധകർ അറിയാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് തത്സമയ വാർത്തകൾ അറിയാം..