'എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നു, ആ ഏകാന്തത എന്നെ വല്ലാതെ വേട്ടയാടി'; ഡിപ്രഷനെ കുറിച്ച് ശ്രീകല

Published : Aug 29, 2026, 07:10 PM IST
Sreekala

Synopsis

'എന്റെ മാനസപുത്രി' എന്ന സീരിയലിലൂടെ പ്രശസ്തയായ നടി ശ്രീകല ശശിധരൻ, അമ്മയുടെ മരണശേഷം താൻ വിഷാദരോഗത്തിലൂടെ കടന്നുപോയതിനെക്കുറിച്ച് വെളിപ്പെടുത്തി. അമ്മയുടെ വിയോഗം കടുത്ത ഏകാന്തതയ്ക്കും ശൂന്യതയ്ക്കും കാരണമായി.

സീരിയല്‍ പ്രേക്ഷകരുടെ ഇഷ്ട താരമാണ് ശ്രീകല ശശിധരന്‍. ശ്രീകല എന്ന പേരിനേക്കാള്‍ സോഫി എന്ന പേരിലാണ് ആരാധകര്‍ക്കിടയില്‍ താരം അറിയപ്പെടുന്നത്. ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത 'എന്റെ മാനസപുത്രി' എന്ന സീരിയലിലെ പാവം സോഫിയായാണ് ഇപ്പോഴും ആരാധകര്‍ ശ്രീകലയെ സ്‌നേഹിക്കുന്നത്. ‍‍‍‍എന്റെ മാനസപുത്രിയെ കൂടാതെ കായംങ്കുളം കൊച്ചുണ്ണി, അമ്മ മനസ്, വാൽസല്യം തുടങ്ങിയ പരമ്പരകളിലും, എന്നിട്ടും എന്ന മലയാള ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. ഡിപ്രഷൻ എന്ന അവസ്ഥയിലൂടെ കടന്നുപോയതിനെക്കുറിച്ചാണ് ശ്രീകല പുതിയ അഭിമുഖത്തിൽ സംസാരിക്കുന്നത്.

''അമ്മയുടെ വിയോഗത്തിന് ശേഷമാണ് ഞാൻ ആ ഡിപ്രഷൻ എന്ന അവസ്ഥയിലേക്ക് എത്തിയത്. അമ്മ മരിച്ചതോടെ ഞാനും മകനും തിരുവനന്തപുരത്തെ വീട്ടിൽ തീർത്തും ഒറ്റപ്പെട്ടുപോയി. 'സ്വാമി അയ്യപ്പൻ' എന്ന പരമ്പരയിൽ അഭിനയിക്കുന്ന സമയമായിരുന്നു അത്. മാസത്തിൽ കുറച്ചു ദിവസങ്ങൾ മാത്രമേ ഷൂട്ടിങ് ഉണ്ടായിരുന്നുള്ളൂ. ആ ദിവസങ്ങളിൽ മകനെ നോക്കാനായി കണ്ണൂരിൽ നിന്ന് വിപിനേട്ടന്റെ (ഭർത്താവ്) അച്ഛനമ്മമാരെ വരുത്തണമായിരുന്നു. പ്രായമായ അവരെ ബുദ്ധിമുട്ടിക്കേണ്ടെന്ന് കരുതി പിന്നീട് മോനെയും കൊണ്ടായിരുന്നു ലൊക്കേഷനിൽ പോയിരുന്നത്. അവന്റെ അവധി നോക്കിയാണ് ഡേറ്റുകൾ നൽകിയിരുന്നത്. ഷൂട്ടിങ്ങ് ഇല്ലാത്ത ദിവസങ്ങളിൽ മോൻ സ്കൂളിൽ പോയിക്കഴിഞ്ഞാൽ വീട്ടിൽ ഞാൻ തീർത്തും ഒറ്റപ്പെടും. ആ ഏകാന്തത എന്നെ വല്ലാതെ വേട്ടയാടി.

കാരണങ്ങളൊന്നുമില്ലാതെ വെറുതേയിരുന്ന് കരയാൻ തോന്നുമായിരുന്നു. അമ്മയില്ലാതെ ജീവിച്ചിട്ട് എന്തിനാണ് എന്നു പോലും പലപ്പോഴും തോന്നിപ്പോയി. അമ്മയോട് സംസാരിക്കുന്നതുപോലെ മറ്റാരോടും എനിക്ക് മനസ് തുറക്കാൻ സാധിക്കുമായിരുന്നില്ല. പെട്ടെന്ന് അമ്മ ഇല്ലാതായതോടെ എന്റെ ഒരു ഭാഗം തളർന്നുപോയതുപോലെ തോന്നി. മോനെയും വിപിനേട്ടനെയും ഓർത്തുകൊണ്ടുമാത്രമാണ് ഞാൻ അന്ന് പിടിച്ചുനിന്നത്. എനിക്ക് ചുറ്റും എല്ലാ സൗഭാഗ്യങ്ങളും ഉണ്ടായിരുന്നു, എന്നാൽ എന്തോ ഒന്നുമില്ലാത്തതുപോലെ ഒരു ശൂന്യത. അതാരോടും പറഞ്ഞുമനസിലാക്കാൻ എനിക്ക് കഴിയുമായിരുന്നില്ല. ഒടുവിൽ മാനസികമായി വല്ലാതെ തളർന്നപ്പോൾ ഞാൻ വിപിനേട്ടനോട് എല്ലാം തുറന്നുപറഞ്ഞു. അങ്ങനെയാണ് ഞാൻ അഭിനയത്തിൽ നിന്നും വിട്ടുനിന്നത്'', എന്ന് വനിതയ്ക്കു നൽകിയ അഭിമുഖത്തിൽ ശ്രീകല പറഞ്ഞു.

PREV
Read more Articles on
click me!

Recommended Stories

'ഉമ്മിച്ചിയെ തിരിച്ചുകിട്ടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചില്ല'; കുറിപ്പുമായി നവാസിന്റെ മക്കൾ
'ഞാൻ നല്ല നിലയിൽ മുന്നോട്ട് വരാൻ ആഗ്രഹിക്കുന്നയാളാണ് പിഷാരടി..'; സൗഹൃദകഥ പറഞ്ഞ് ആര്യ ബഡായ്