
ഓൺലൈൻ തട്ടിപ്പിനിരയായത് വെളിപ്പെടുത്തി നടി സ്വപ്ന പിള്ള. തന്റെ മൂഡ് സ്വിങ്സ് കാരണമാണ് ഇത്തരത്തിലൊരു കാര്യം സംഭവിച്ചതെന്നും, സാധാരണ നിലയാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും പറഞ്ഞ സ്വപ്ന സജി 35 - 40 വയസിലിലെത്തിയ സ്ത്രീകൾക്ക് വേണ്ടിയാണ് താൻ ഇപ്പോൾ ഇക്കാര്യം പറയുന്നതെന്നും സ്വപ്ന സജി പറയുന്നു.
"നമുക്ക് ഈ 35-40 പ്രായത്തിലൊക്കെ എത്തുമ്പോൾ മൂഡ് സ്വിങ്സ് വരാറുണ്ട്. ഈ മൂഡ് സ്വിങ്സ് കാരണം എനിക്ക് കുറച്ച് പൈസ നഷ്ടമായി. അതിനെക്കുറിച്ചാണ് ഞാൻ ഇന്ന് പറയുന്നത്. ഞാൻ ‘ഫ്ലിക്ക സിൽക് ടച്ച്’ എന്നൊരു പ്രോഡക്റ്റ് ഓർഡർ ചെയ്തിരുന്നു. ഓർഡർ ചെയ്ത് രണ്ട് ദിവസം കഴിഞ്ഞപ്പോൾ എനിക്കൊരു കോൾ വന്നു. അവർ ഹിന്ദിയിലാണ് സംസാരിക്കുന്നത്. എനിക്ക് ഹിന്ദി അത്ര വശമില്ലെങ്കിലും ബ്യൂട്ടി പാർലറുകളിലൊക്കെ പോയി സംസാരിച്ചും, പിന്നെ ഒരു ഹിന്ദി സിനിമ ചെയ്തപ്പോൾ അവിടുത്തെ ക്രൂവിനോടൊക്കെ സംസാരിച്ചും കുറച്ച് ഹിന്ദി അറിയാം. നിങ്ങൾ അയച്ച പൈസ ഇവിടെ ക്രെഡിറ്റ് ആയിട്ടില്ലെന്നും, ഒന്നുകൂടി അയയ്ക്കുകയാണെങ്കിൽ ആദ്യത്തെ പൈസ റീഫണ്ട് ചെയ്തു തരാം എന്നും അവർ പറഞ്ഞു. പൈസ അയച്ചാൽ ഉടനെ പ്രോഡക്റ്റ് കിട്ടുമെന്നും അവർ അറിയിച്ചു." സ്വപ്ന സജി പറയുന്നു.
"ആ ദിവസം ഞാൻ ഭയങ്കര മൂഡ് സ്വിങ്സിലായിരുന്നു. വീട്ടിൽ ആരുമില്ലാത്ത നേരത്ത് വല്ലാത്തൊരു ഹോർമോൺ ചേഞ്ചിന്റെ പ്രശ്നത്തിൽ നിൽക്കുമ്പോഴാണ് ഈ കോൾ വരുന്നത്. ആ ഒരു അവസ്ഥയിൽ നിൽക്കുന്നത് കൊണ്ട് ഞാൻ കൂടുതൽ ചിന്തിക്കാതെ പൈസ അയക്കാമെന്ന് സമ്മതിച്ചു. അങ്ങനെ ഞാൻ 1439.07 അയച്ചു. അപ്പോൾ അവർ പറഞ്ഞു 07 അല്ല 70 ആണ് ചെയ്യേണ്ടതെന്ന്. എങ്ങനെയെങ്കിലും ഇതൊന്ന് തീരട്ടെ എന്ന് കരുതി ഞാൻ വീണ്ടും അയച്ചു. അങ്ങനെ മൂന്ന് തവണയായി 1439 രൂപ വീതം ഞാൻ അവർക്ക് അയച്ചു കൊടുത്തു.
സാധാരണ നിലയിലാണെങ്കിൽ ഞാൻ ഇങ്ങനെ ചെയ്യില്ലായിരുന്നു.‘ആദ്യത്തെ പൈസ ക്രെഡിറ്റ് ആയില്ലെങ്കിൽ ഓർഡർ ക്യാൻസൽ ചെയ്തോ, ഞാൻ വേറെ വാങ്ങിച്ചോളാം’ എന്ന് പറഞ്ഞേനെ. പക്ഷേ ആ മൂഡ് സ്വിങ്സിന്റെ പ്രശ്നത്തിൽ എന്റെ തലയിൽ ഒന്നും കയറുന്നുണ്ടായിരുന്നില്ല. അക്കൗണ്ടിൽ പൈസ ഉണ്ടായിരുന്നത് കൊണ്ട് ഞാൻ ഇങ്ങനെ അയച്ചു കൊടുത്തു. അതിനുശേഷം റീഫണ്ട് ചെയ്യാൻ വേണ്ടി അവർ എന്നെ വേറൊരാൾക്ക് കണക്ട് ചെയ്തു. അയാൾ പറയുന്നത് ഗൂഗിൾ പേ ഓപ്പൺ ചെയ്ത് ബാങ്ക് ട്രാൻസ്ഫറിൽ പോയി അവരുടെ അക്കൗണ്ട് നമ്പർ ടൈപ്പ് ചെയ്യാനാണ്. അപ്പോഴാണ് എനിക്ക് പെട്ടെന്ന് കത്തിയത് ഇതെന്തോ പ്രശ്നമുണ്ടല്ലോ എന്ന്." സ്വപ്ന സജി പറയുന്നു.
"അരമണിക്കൂറോളം ഫോൺ ഹോൾഡ് ചെയ്ത് നിന്ന ദേഷ്യത്തിൽ അവരെ ചീത്ത പറയുകയും പരാതിപ്പെടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. പിന്നീട് ഭർത്താവ് വന്നപ്പോൾ പറഞ്ഞു ഇത് ഫ്രോഡ് തന്നെയാണെന്ന്. രണ്ടുദിവസം കഴിഞ്ഞ് വീണ്ടും വേറൊരു ഹിന്ദിക്കാരി വിളിച്ച് റീഫണ്ട് ചെയ്യാമെന്നും പൈസ അയയ്ക്കണമെന്നും പറഞ്ഞപ്പോൾ ഞാൻ അവരോട് പണി നോക്കാൻ പറഞ്ഞ് ഫോൺ കട്ട് ചെയ്തു. ഭർത്താവ് ആ നമ്പറിൽ തിരിച്ചു വിളിച്ചു സംസാരിച്ചപ്പോൾ, അവർ ഫോൺ കട്ട് ചെയ്ത് എസ്കേപ്പ് ആയി. എന്റെ മൂഡ് സ്വിങ്സ് കാരണം മൂന്ന് തവണയായി 1439 രൂപ എനിക്ക് നഷ്ടമായി. സ്ത്രീകൾക്ക് ഈ പ്രായത്തിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഉണ്ടാകും. എന്റെ പൈസ പോയപ്പോൾ ഭർത്താവ് എന്നെ വഴക്ക് പറഞ്ഞിരുന്നെങ്കിൽ എന്റെ മൂഡ് വീണ്ടും മാറിയേനെ. പക്ഷേ അദ്ദേഹം സാഹചര്യം മനസ്സിലാക്കി കൂടെ നിന്നു. ഭർത്താക്കന്മാർ സ്ത്രീകളുടെ ഈ മാറ്റങ്ങൾ മനസ്സിലാക്കി അവരെ ഒന്ന് സ്നേഹിച്ച് തലോടി ഇരുന്നാൽ ഇത്തരം മൂഡ് സ്വിങ്സ് ഒരു പരിധിവരെ ഓവർകം ചെയ്യാൻ പറ്റും. ഇതാണ് ഇന്നത്തെ എന്റെ വിഷയം." സ്വപ്ന സജി കൂട്ടിച്ചേർത്തു.