
ഡൽഹിയിലെ വിദ്യാർത്ഥി പ്രക്ഷോഭങ്ങളെ പിന്തുണച്ച് മലയാള സിനിമയിലെ യുവതാരങ്ങൾ ഉൾപ്പെടെയുള്ള പല സെലിബ്രിറ്റികളും സാധാരണക്കാരും ശക്തമായ ഭാഷയിൽ പ്രതികരിച്ചിരുന്നു. ഇവരിൽ പലരും സമരക്കാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് എത്തിച്ചേരുകയും ചെയ്തു. ഈ വിഷയത്തിൽ പുറത്തുവന്ന ശ്രദ്ധേയമായ പ്രതികരണങ്ങളിൽ ഒന്നായിരുന്നു മോഹൻലാലിന്റെ മകൾ വിസ്മയ മോഹൻലാലിന്റേത്. വിദ്യാർത്ഥികൾക്ക് അനൂകൂലമായ നിലപാടാണ് വിസ്മയ സ്വീകരിച്ചത്. സമാധാനമായി ശബ്ദം ഉയർത്തുന്ന പൗരന്മാർക്കു നേരെ ലാത്തി ചാർജും കണ്ണീർ വാതക പ്രയോഗവും നടത്തുന്നത് ഏതുതരം ജനാധിപത്യമാണെന്നാണ് വിസ്മയ ചോദിച്ചത്. തുടർന്ന് വിസ്മയക്ക് രാഷ്ട്രീയം അറിയില്ലെന്നുള്ള പ്രതികരണവുമായി മേജർ രവിയും രംഗത്തെത്തിയിരുന്നു. ഇതേക്കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. തന്റെ യൂട്യൂബ് ചാനലിലൂടെയായിരുന്നു അഷ്റഫിന്റെ പ്രതികരണം.
''തന്റെ പിതാവ് പോലും ഭരണകൂടത്തിന്റെ നേരെ ചോദിക്കാൻ ഭയക്കുന്ന ചോദ്യമാണ് മകൾ വിസ്മയ തന്റെ ഇടത്തോടുകൂടി ധൈര്യപൂർവ്വം ചോദിച്ചത്. ഇന്നലെവരെ വിസ്മയ ഒരു മഹാനടന്റെ മകളായിട്ടാണ് അറിയപ്പെട്ടിരുന്നത്. ഇന്നവർ സ്വന്തം ഐഡന്റിറ്റിയിൽ അറിയപ്പെടാൻ തുടങ്ങിയിരിക്കുന്നു. വിസ്മയ നായികയായി അഭിനയിച്ചതും ഉടൻ റിലീസിന് തയ്യാറെടുത്തുകൊണ്ടിരിക്കുന്നതുമായ പടത്ത ഇതെങ്ങനെ ബാധിക്കുമെന്ന ആശങ്ക ലെവലേശമില്ലാതെയാണ് തന്റെ നിലപാട് വ്യക്തമാക്കിയത്. ഇവിടെയാണ് പുതുതലമുറയുടെ വീര്യവും ആർജ്ജവും ധീരതയുമൊക്കെ നാം കാണേണ്ടത്.
വിസ്മയയുടെ ഈ അഭിപ്രായത്തെ നിശിതമായി വിമർശിക്കാനോ എതിർക്കുവാനോ തന്റേടം ഇല്ലാത്തതുകൊണ്ട് മേജർ രവി പറയുന്നു ആ കുട്ടിക്ക് അറിവില്ലാത്തതുകൊണ്ട് പറഞ്ഞതാണെന്ന്. വിസ്മയ വിയറ്റ്നാമിലാണ് പഠിച്ചത്, ആ കുട്ടിക്ക് രാഷ്ട്രീയം ഒന്നും അറിയില്ലെന്ന്. ഇവിടെ സ്വാതന്ത്ര്യസമരം നടത്തിയിട്ടുള്ള മഹാത്മാഗാന്ധിയും നെഹ്റുവും ഒക്കെ വിദേശത്ത് പഠിച്ചവരാണെന്നുള്ള വിവരം മേജർ രവിക്ക് അറിയില്ലേ. മേജർ രവി കുഞ്ഞിനാളിൽ കണ്ട പെൺകുട്ടിയല്ല വിസ്മയ. അവർ ശാരീരികമായും മാനസികമായും ബുദ്ധിപരമായും ഒക്കെ വളർന്നു കഴിഞ്ഞു. ശരിയും തെറ്റും തിരിച്ചറിഞ്ഞ് പ്രവർത്തിക്കാൻ കഴിയുന്ന ഒരു പെൺകുട്ടിയാണ് ഇന്നവർ .പറയേണ്ടത് പറയേണ്ട സമയത്ത് പറയാനും പറയേണ്ടാത്തത് പറയാതിരിക്കുവാനുമുള്ള തിരിച്ചറിവും വിവേകവും ഇന്ന് വിസ്മയക്ക് ഉണ്ടെന്ന് മനസിലാക്കുക'', ആലപ്പി അഷ്റഫ് പറഞ്ഞു.