
ബിഗ് ബോസ് മലയാളം സീസൺ 7ലൂടെ ചരിത്രം സൃഷ്ടിച്ച മത്സരാർത്ഥിയാണ് അനീഷ്. മലയാളം സീസണുകളിൽ ഫൈനലിൽ എത്തുന്ന ആദ്യ കോമണർ എന്നതായിരുന്നു ആ ചരിത്രം. അധികം ആർക്കും അറിയാതിരുന്ന് ഷോയിലെത്തിയ ഈ തൃശ്ശൂര് കാരൻ ഇന്ന് മലയാളികൾക്ക് പ്രിയപ്പെട്ടവനാണ്. ഷോ അവസാനഘട്ടത്തിലേക്ക് കടന്നപ്പോഴായിരുന്നു അനീഷ്, അനുമോളോട് വിവാഹാഭ്യർത്ഥന നടത്തിയത്. എന്നാൽ അനീഷിനെ അങ്ങനെ കണ്ടിട്ടില്ലെന്ന് അനുമോൾ മറുപടി നൽകുകയും ചെയ്തിരുന്നു. അനീഷിന്റെ ഗെയിം സ്ട്രാറ്റജിയാണ് വിവാഹാഭ്യർത്ഥന എന്ന തരത്തിലും പ്രചാരണങ്ങൾ നടന്നിരുന്നു. എന്നാൽ തന്റേത് യഥാർത്ഥ സ്നേഹം ആയിരുന്നുവെന്നും സ്ട്രാറ്റജി അല്ലെന്നും പറയുകയാണ് അനീഷ്.
"ഒരുതിരിച്ചറിവിന്‍റെ, മാറ്റത്തിന്‍റെ ഒരു പ്ലാറ്റ് ഫോം ആണ് ബിഗ് ബോസ് ഷോ. എനിക്ക് അനുമോളോട് ഒരു ഫീലിംഗ് തോന്നി. സ്ട്രാറ്റജി ഒന്നുമല്ല. സത്യസന്ധമായ ചോദിക്കലാണ് അനുമോളോട് നടത്തിയത്. എസ് കേള്‍ക്കും എന്ന് വിചാരിച്ച് തന്നെയാണ് പറഞ്ഞതും. അങ്ങനെ ഒരു വൈബ് എനിക്ക് തോന്നി. നോ പറഞ്ഞപ്പോള്‍ വിഷമം തോന്നി. ഞാന്‍ പ്രതീക്ഷിച്ച മറുപടി അല്ലല്ലോ എന്ന് മനസില്‍ തോന്നി. വൈബ് തോന്നി. ഒരാൾ നോ പറഞ്ഞ് കഴിഞ്ഞാൽ അക്കാര്യം അവിടെ തീർന്നു. പിന്നെ അത് വലിച്ച് നീട്ടി കൊണ്ടു പോകേണ്ട ആവശ്യമില്ല. ", എന്ന് അനീഷ് പറഞ്ഞു. ഏഷ്യാനെറ്റിനോട് ആയിരുന്നു അനീഷിന്റെ പ്രതികരണം.
ബിഗ് ബോസ് സൗഹൃദത്തെ കുറിച്ചും അനീഷ് തുറന്നു പറഞ്ഞു. "എന്‍റെ ഹൃദയം കല്ലാണെന്ന് പലപ്പോഴും ഷാനവാസിനോട് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് കറക്ട് ആയിട്ടുള്ളൊരു കാര്യം തന്നെയാണ്. എന്‍റെ ജീവിത സാഹചര്യങ്ങള്‍ കൊണ്ട് കല്ലായി മാറിയ അവസ്ഥയായിരുന്നു. ഷാനവാസുമായുള്ള സൗഹൃദത്തില്‍ അതൊന്ന് അയഞ്ഞു. കോളേജ് കാലഘത്തിലേക്ക് തിരിച്ച് പോയൊരു അവസ്ഥ. പരിശുദ്ധമായൊരു സൗഹൃദം ഉടലെടുത്തു. അതുവരെ ഉണ്ടായിരുന്ന ജീവിതത്തോടുള്ള എന്‍റെ കാഴ്ചപ്പാട് മാറുന്നു. പതിയെ പതിയെ ഹൗസിലുള്ള എല്ലാവരേയും സ്നേഹിക്കാന്‍ എനിക്ക് പറ്റി. ഇത്രയധികം സ്ത്രീകളും പുരുഷന്മാരും ഒന്നിച്ചുള്ള ബഡ്റൂമില്‍ ഞാന്‍ ആദ്യമായിട്ടാണ് കിടക്കുന്നത്. കാണുന്നത് അല്ലെങ്കില്‍ എക്സ്പീരിയൻസ് ചെയ്യുന്നത്. പതിയെ സ്ത്രീവിരുദ്ധത എന്ന കാര്യം മാറിപ്പോയതായിരിക്കാം. ഒരു ഹായ്, ബൈ ബന്ധമല്ല എന്‍റെ സൗഹൃദം. എന്നെ മനസിലാക്കുന്ന, ഞാന്‍ മനസിലാക്കുന്ന ആളാകണം സുഹൃത്ത്. അങ്ങനെയുള്ള വളരെ കുറച്ച് കൂട്ടുകാര്‍ മാത്രമാണ് എനിക്കുള്ളത്. പുറത്ത് സ്ത്രീ സുഹൃത്തുക്കളില്ല. അതിന്‍റെ ഒരു പ്രശ്നം എനിക്ക് ഉണ്ടായിരുന്നിരിക്കണം ", എന്നായിരുന്നു അനീഷ് പറഞ്ഞത്.