സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങൾക്കെതിരെ റെനീഷ റഹ്മാൻ, രേഖ രതീഷ്, മീനാക്ഷി അനൂപ്, റെന ഫാത്തിമ തുടങ്ങിയ താരങ്ങൾ അടുത്തിടെ ശക്തമായി പ്രതികരിച്ചിരുന്നു.

സൈബർ ബുള്ളിയിങ്ങും ട്രോളുകളും പരിഹാസങ്ങളുമൊക്കെ സോഷ്യൽ ലോകത്ത് പുതുമയുള്ള കാര്യമല്ല. സെലിബ്രിറ്റികൾക്ക്, പ്രത്യേകിച്ച് നടിമാർക്കെതിരെയാണ് ഇത്തരം ട്രോളുകൾ പ്രധാനമായും ഉണ്ടാകാറുള്ളത്. ഇതിനെതിരെ എല്ലാവരും പ്രതികരിക്കാറില്ലെങ്കിലും ചിലരെങ്കിലും കൃത്യസമയത്ത് മറുപടികളുമായി എത്താറുണ്ട്. സമീപകാലത്തായി, അത്തരത്തിൽ പ്രതികരിച്ചവരിൽ‌ ചിലരാണ് റെനീഷ റഹ്മാനും രേഖ രതീഷും മീനാക്ഷി അനൂപും റെന ഫാത്തിമയും അടക്കമുള്ള താരങ്ങൾ.

മീനാക്ഷി അനൂപ്

നടിയും അവതാരകയുമായ മീനാക്ഷി അനൂപ് സൈബർ ആക്രമണങ്ങൾക്കെതിരെ പലതവണ ശബ്ദമുയർത്തിയിട്ടുണ്ട്. "സൈബർസ്‌പെയ്‌സിൽ കമിഴ്ന്നു കിടന്ന് തുപ്പുന്നവരോട്.. അത് എൻ്റെ മേലും അത് തെറിക്കാനിടയായാൽ ചിലപ്പോൾ എൻ്റെ അറിവുകൾ എനിക്ക് പറയാനുള്ളത് മാത്രമല്ല മറിച്ച് പ്രവർത്തിക്കാനുള്ളതു കൂടിയാണ് എന്നു തെളിയിക്കും'' എന്നാണ് മീനാക്ഷി ഫെയ്സ്ബുക്കിൽ കുറിച്ചത്.

റെന ഫാത്തിമ

സോഷ്യൽ മീഡിയയിൽ വന്ന അശ്ലീല കമന്റിനെതിരെ പ്രതികരിച്ച് വ്ളോഗറും ബിഗ് ബോസ് സീസൺ 7 മൽസരാർത്ഥിയുമായ റെന ഫാത്തിമ അടുത്തിടെ രംഗത്തെത്തിയിരുന്നു. ''ഒരു പ്രാവശ്യം ഞാൻ പരാതി കൊടുത്തു, കണ്ടന്റ് ഉണ്ടാക്കാൻ വേണ്ടിയാണ് അങ്ങനെ ചെയ്‍തതെന്നും അതുകൊണ്ട് ഇനി പരാതിയൊന്നും കൊടുക്കില്ല എന്നും നിങ്ങൾ കരുതുന്നുണ്ടാവും. എന്നാൽ അങ്ങനെയല്ല. ഇതുപോലത്തെ എത്ര വൃത്തികെട്ട മെസേജ് ലഭിക്കുന്നോ, കമന്റ് ലഭിക്കുന്നോ അത്രയും ഞാൻ പരാതി നൽകും. ആളുകളെ കണ്ടും പിടിക്കും'', എന്നും റെന വീഡിയോയിൽ പറഞ്ഞിരുന്നു.

രേഖ രതീഷ്

സോഷ്യൽ മീഡിയയിലൂടെ തനിക്ക് നേരെ നടക്കുന്ന അധിക്ഷേപങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി നൽകി ന‌ടി രേഖ രതീഷ് അടുത്തിടെ രംഗത്തെത്തിയിരുന്നു. ഒരുകൂട്ടം യൂട്യൂബേർസ് തന്നെ മോശക്കാരിയായി ചിത്രീകരിക്കുന്നെന്നും ഇത്തരക്കാർക്ക് മനസാക്ഷിയില്ലേയെന്നും രേഖ വീഡിയോയിലൂടെ ചോദിച്ചിരുന്നു.

റെനീഷ റഹ്മാൻ

ആറ്റുകാൽ പൊങ്കാലയിടാൻ പോയ വീഡിയോ പങ്കുവെച്ചതിനെത്തുടർന്ന്, കഴിഞ്ഞ ദിവസങ്ങളിലാണ് റെനീഷക്കെതിരെ രൂക്ഷമായ സൈബറാക്രമണം ഉണ്ടായത്. ''12 വര്‍ഷത്തോളം പഠിച്ചത് ചിന്‍മയ വിദ്യാലയത്തിലാണ്. ഞങ്ങളുടെ ഒരു ദിവസം തുടങ്ങുന്നത് തന്നെ ഗായത്രി മന്ത്രവും ഭഗവത്ഗീതയും ഹനുമാന്‍ ചാലിസയുമൊക്കെ ചൊല്ലിയിട്ടാണ്. അതുകൊണ്ട് തന്നെ എനിക്ക് പള്ളിയില്‍ പോകുമ്പോള്‍ കിട്ടുന്ന പോസിറ്റിവിറ്റി അമ്പലത്തില്‍ പോയി പ്രാര്‍ത്ഥിച്ചാലും കിട്ടാറുണ്ട്'', എന്നാണ് റെനീഷ വിശദീകരിച്ചത്.

Asianet News Live | Malayalam Live News | Breaking News l Kerala News Updates | HD News Streaming