
സോഷ്യല്‍ മീഡിയയിലെ വൈറല്‍ താരം അലിന്‍ ജോസ് പെരേരയെ അവതരിപ്പിച്ചുകൊണ്ടുള്ള ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് പരസ്യം ശ്രദ്ധ നേടുന്നു. ഈ ശനി, ഞായര്‍ (14, 15) ദിവസങ്ങളിലായി ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന ടെലിവിഷന്‍ അവാര്‍ഡ്സ് 2026 ന്‍റെ പരസ്യ ചിത്രമാണ് ഇത്. പ്രേക്ഷകര്‍ക്ക് സുപരിചിതരായ നടന്‍ നോബി മാര്‍ക്കോസും രേണു സുധിയും അഭിനയിച്ചിരിക്കുന്ന വീഡിയോയില്‍ അലിന്‍ ജോസ് പെരേരയുടേതാണ് പ്രധാന സാന്നിധ്യം. ഏഷ്യാനെറ്റ് ടെലിവിഷന്‍ അവാര്‍ഡ്സ് വേദിയില്‍ അവതരിപ്പിക്കാനുള്ള സ്കിറ്റിന്‍റെ റിഹേഴ്സലിനായി നോബി മാര്‍ക്കോസ് എത്തുന്നതാണ് വീഡിയോയുടെ കഥാപശ്ചാത്തലം.
എന്നാല്‍ അദ്ദേഹത്തിന് പറഞ്ഞ സമയം പാലിക്കാന്‍ സാധിച്ചില്ലെന്ന് നമുക്ക് പിന്നാലെ മനസിലാവുന്നു. പരിശീലനം തുടങ്ങാന്‍ മറ്റ് ആര്‍ട്ടിസ്റ്റുകളെ നോബി വിളിക്കുന്നുണ്ടെങ്കിലും ആരും പ്രതികരിക്കുന്നില്ല. ഇത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന നോബിയുടെ മുന്നിലേക്ക് മാനേജര്‍ എന്ന് തോന്നിപ്പിക്കുന്ന ഒരാള്‍ കടന്നുവരുന്നു. ചേട്ടനെ സ്കിറ്റില്‍ നിന്ന് മാറ്റിയെന്നും പകരം വേറെ ആളെ എടുത്തുവെന്നും ഇയാള്‍ പറയുന്നു. ആളെ കണ്ട് ഞെട്ടരുതെന്ന മുന്നറിയിപ്പോടെ അടുത്തുള്ള മുറിയുടെ വാതില്‍ തുറക്കുകയാണ് മാനേജര്‍. കട്ടിലില്‍ വിശ്രമിക്കുന്ന അലിന്‍ ജോസ് പെരേരയും സഹായി അഭിലാഷ് അട്ടയവുമാണ് അവിടെയുള്ളത്. ഇത് കണ്ട് അക്ഷരാര്‍ഥത്തില്‍ നോബി ഞെട്ടുകയാണ്. അങ്ങനെ നില്‍ക്കുന്ന നോബിയുടെ അടുത്തേക്ക് ആശ്വാസ വാക്കുകളുമായി രേണു സുധി കൂടി എത്തുന്നതോടെയാണ് വീഡിയോ പൂര്‍ണ്ണമാവുന്നത്. സ്കിറ്റ് പോയാല്‍ എന്ത്, നമുക്ക് റീല്‍ ചെയ്യാമെന്നാണ് രേണു സുധി നോബിയോട് പറയുന്നത്. ഇരുപതിനായിരത്തോളം ലൈക്കുകളാണ് വീഡിയോയ്ക്ക് ഇതിനകം ലഭിച്ചിരിക്കുന്നത്.
സിനിമകളുടെ ആദ്യ ഷോകള്‍ക്ക് ശേഷം യുട്യൂബ് ചാനലുകള്‍ എടുക്കാറുള്ള പ്രേക്ഷക പ്രതികരണങ്ങളിലെ സ്ഥിര സാന്നിധ്യമായാണ് അലിന്‍ ജോസ് പെരേര സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുന്നത്. ആറാട്ട് അണ്ണന്‍ എന്ന പേരില്‍ സന്തോഷ് വര്‍ക്കി തരംഗം തീര്‍ത്തതിന് പിന്നാലെയായിരുന്നു ഇത്. ഇപ്പോള്‍ ഷോര്‍ട്ട് ഫിലിമുകളും റീലുകളും അടക്കമുള്ള ഉള്ളടക്കങ്ങളാണ് അലിന്‍ ജോസ് പെരേര സൃഷ്ടിക്കുന്നത്.