
മലയാളികളുടെ പ്രിയപ്പെട്ട പിന്നണി ഗായകൻ ബിജു നാരായണന്റെ ഭാര്യ ശ്രീലത നാരായണൻ ഓര്‍മ്മയായിട്ട് ഏഴാണ്ട്. ഭാര്യയുടെ ഓർമ്മദിനത്തിൽ വൈകാരിക കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് ബിജു നാരായണൻ. ''13-8-2026... പോയിട്ട് ഏഴാം വർഷം. എന്നും എന്റെ ഹൃദയത്തില്‍ നീ ഉണ്ടാകും'', എന്നാണ് ഭാര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. സംഗീത രംഗത്തുള്ളവരടക്കം നിരവധിപേർ ബിജു നാരായണന്റെ പോസ്റ്റിന് താഴെ കമന്റ് ചെയ്യുന്നുണ്ട്.
ഏറെക്കാലത്തെ പ്രണയത്തിനു ശേഷമായിരുന്നു ശ്രീലത നാരായണനും ബിജു നാരായണനും വിവാഹിതരായത്. ക്യാൻസര്‍ രോഗത്തെ തുടര്‍ന്നായിരുന്നു ശ്രീലത മരിച്ചത്. ശ്രീലതയുടെ മരണം മലയാളികള്‍ ഏറെ സങ്കടത്തോടെയാണ് കേട്ടത്. ശ്രീലതയുടെ രണ്ട് ആഗ്രഹങ്ങള്‍ തനിക്ക് സാധിച്ചുകൊടുക്കാൻ കഴിഞ്ഞിരുന്നില്ലെന്ന് ബിജു നാരായണൻ മുൻപ് പറഞ്ഞിട്ടുണ്ട്.
''ശ്രീ എന്നെ പിരിഞ്ഞെന്ന് തോന്നുന്നേയില്ല. ചടങ്ങുകള്‍ കഴിഞ്ഞ് ഈ വീടിന്റെ ഏകാന്തതയിലേക്ക് വന്നപ്പോള്‍ ഇവിടെ പലയിടത്തും ശ്രീയുടെ സാന്നിധ്യം എനിക്ക് നേരിട്ടനുഭവപ്പെടും പോലെ തോന്നി. ശ്രീ എന്റെ ജീവിതപങ്കാളിയും ആത്മ സുഹൃത്തുമായിരുന്നു. എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത് ശ്രീയാണ്. മാര്‍ച്ച് മാസത്തില്‍ ശ്രീയുടെ രോഗത്തിന് കുറവ് വന്നപ്പോള്‍ അവള്‍ രണ്ട് ആഗ്രഹങ്ങള്‍ പറഞ്ഞു. എസ്‍ പി ബാലസുബ്രഹ്‍മണ്യത്തിന്റെ സംഗീത പരിപാടിയില്‍ പങ്കെടുക്കണം. പിന്നെ ഞങ്ങള്‍ രണ്ടുപേരും മാത്രമായി ഒരു യാത്ര പോകണം. കുടുംബസമേതം ഞങ്ങള്‍ ഒരുപാട് യാത്രകള്‍ പോകാറുണ്ടായിരുന്നു. ഇത്തവണ നിങ്ങളെ കൂട്ടാതെ ഞാനും അച്ഛനും മാത്രമായി ഒരു യാത്ര പോകും. ശ്രീ മക്കളോട് പറയുകയും ചെയ്‍തു. പോളണ്ടിലേക്ക് ഒരു യാത്ര പോകണമെന്ന് ഞാനും പ്ലാന്‍ ചെയ്യുകയായിരുന്നു. പക്ഷെ ഒരിക്കലും സാധിക്കാത്ത മോഹങ്ങളായി മാറി അത് രണ്ടും'', എന്നാണ് ഭാര്യയുടെ ആഗ്രഹത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിട്ടുള്ളത്.