കുടുംബത്തിന് വേണ്ടി സ്വന്തം സ്വപ്നങ്ങളും ആത്മാഭിമാനവും ബലികഴിക്കേണ്ടി വന്ന ജോയ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് 'കിരീടം – വിൽക്കപ്പെട്ട സ്വപ്നങ്ങൾ'.

സ്വന്തം സ്വപ്നങ്ങൾ മാറ്റിവെച്ച് കുടുംബത്തിനായി ജീവിച്ചവർ… ബന്ധങ്ങൾക്കായി സ്വന്തം ആഗ്രഹങ്ങൾ പോലും മറന്നവർ… ആത്മാഭിമാനം ചോദ്യം ചെയ്യപ്പെട്ടപ്പോഴും ജീവിതത്തിന്റെ പോരാട്ടങ്ങളിൽ പതറാതെ പല വേഷങ്ങളിൽ പകർന്നാടിയവർ… അച്ഛനായും സഹോദരനായും ഭർത്താവായും കാമുകനായും ജീവിതത്തിന്റെ പല മുഖങ്ങൾ ഏറ്റെടുത്ത പുരുഷന്മാർക്ക് ആദരമർപ്പിച്ചുകൊണ്ട്, ഈ പുരുഷദിനത്തിൽ (നവംബർ 19) ഒരു സോഷ്യൽ എക്സ്പെരിമെന്റ് വീഡിയോയും അതിനൊപ്പം 'കിരീടം – വിൽക്കപ്പെട്ട സ്വപ്നങ്ങൾ' എന്ന സീരിയലിന്റെ പ്രൊമോ വീഡിയോയും പ്രേക്ഷകരിലേക്ക് എത്തുന്നു.

മലയാളം ടെലിവിഷൻ ചരിത്രത്തിൽ ആദ്യമായി, പുരുഷകേന്ദ്രീകൃതമായ വ്യത്യസ്തമായൊരു പ്രമേയവുമായി എത്തുകയാണ് “കിരീടം – വിൽക്കപ്പെട്ട സ്വപ്നങ്ങൾ”. ഒരു പുരുഷന്റെ സ്വപ്നങ്ങൾ, വ്യക്തിത്വം, പ്രണയം, അഭിലാഷങ്ങൾ, നിരാശകൾ, ക്ഷമ, വൈകാരിക സംഘർഷങ്ങൾ എന്നിവയുടെ നേർക്കാഴ്ചയാണ് ഈ പരമ്പര. ഒരു പുരുഷന്റെ മൂല്യം പലപ്പോഴും അയാളുടെ വിജയം, ജോലി, അധികാരം, സാമ്പത്തികനില എന്നിവയുടെ അടിസ്ഥാനത്തിൽ വിലയിരുത്തപ്പെടുന്ന സമൂഹത്തിൽ, ജീവിതം കെട്ടിപ്പടുക്കാൻ കഠിനാധ്വാനം ചെയ്തതെല്ലാം തകർന്നുവീഴുമ്പോൾ അയാൾ എന്തുചെയ്യും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് ജോയ് എന്ന ചെറുപ്പക്കാരന്റെ അസാധാരണമായ ജീവിതയാത്രയിലൂടെ കിരീടം – വിൽക്കപ്പെട്ട സ്വപ്നങ്ങൾ അവതരിപ്പിക്കുന്നത്. മറ്റുള്ളവർ തനിക്കായി നിശ്ചയിച്ച ജീവിതം നയിക്കേണ്ടിവരുമ്പോൾ, സ്വന്തം സ്വപ്നങ്ങൾ ഓരോന്നായി കൈവിട്ടുപോകുന്ന അവസ്ഥയിലാണ് ജോയ്.

View post on Instagram
 

അമേരിക്കയിൽ പോയി ജീവിതത്തിൽ വലിയൊരു ഭാവി കെട്ടിപ്പടുക്കണമെന്നാണ് ജോയിയുടെ സ്വപ്നം. എന്നാൽ, സഹോദരിമാരുടെ വിവാഹച്ചെലവുകൾക്ക് സാമ്പത്തിക സഹായം നൽകിയ ആനിയുടെ പിതാവിനോടുള്ള കടപ്പാടിന്റെ പേരിൽ, ആനിയെ വിവാഹം കഴിക്കാൻ ജോയ് നിർബന്ധിതനാകുന്നു. കുടുംബത്തിനുവേണ്ടിയുള്ള ഒരു ത്യാഗമായി ആരംഭിക്കുന്ന ഈ വിവാഹം പിന്നീട് ജോയിയുടെ ജീവിതത്തെത്തന്നെ മാറ്റിമറിക്കുന്ന ദുരനുഭവമായി മാറുന്നു. കരിയറിലെ അവസരങ്ങളും പ്രണയവും മാത്രമല്ല, ഏറ്റവും വേദനാജനകമായി സ്വന്തം ആത്മാഭിമാനം പോലും ജോയിക്ക് നഷ്ടമാകുന്നു. ആനിയുടെ വീട്ടിൽ ഭർത്താവെന്ന പരിഗണനയ്ക്കു പകരം ഒരു വേലക്കാരനെപ്പോലെയാണ് അയാൾക്ക് നേരിടേണ്ടിവരുന്നത്. അപമാനങ്ങളും അവഗണനകളും നിറഞ്ഞ ജീവിതത്തിനിടയിലും സ്വന്തം വ്യക്തിത്വം വീണ്ടെടുക്കാനുള്ള പോരാട്ടത്തിലാണ് ജോയ്.

View post on Instagram
 

മറ്റുള്ളവരുടെ സ്വപ്നങ്ങൾക്കുവേണ്ടി സ്വന്തം ജീവിതം മാറ്റിവെക്കേണ്ടിവന്ന, എന്നാൽ ഒടുവിൽ സ്വന്തം സ്വപ്നങ്ങളും ആത്മാഭിമാനവും തിരിച്ചുപിടിക്കാൻ പോരാടുന്ന ഒരു മനുഷ്യന്റെ കഥയാണിത്. പുരുഷന്മാർ പലപ്പോഴും തുറന്നുപറയാതെ ഉള്ളിലൊതുക്കുന്ന വൈകാരിക സംഘർഷങ്ങൾ, സമൂഹത്തിന്റെ പ്രതീക്ഷകളുടെ ഭാരം, ആത്മാഭിമാനം സംരക്ഷിക്കാനുള്ള പോരാട്ടം, ആവർത്തിച്ചുള്ള തിരിച്ചടികൾക്കു ശേഷവും ജീവിതത്തിലേക്ക് ഉയിർത്തെഴുന്നേൽക്കാനുള്ള ധൈര്യം എന്നിവയെല്ലാം ഈ പരമ്പര ഹൃദയസ്പർശിയായി അവതരിപ്പിക്കുന്നു. കഥയുടെ പുതുമയ്ക്കൊപ്പം, പൂർണമായും പുതിയൊരു താരനിരയും ഈ പരമ്പരയുടെ പ്രത്യേകതയാണ്. പുതുമുഖങ്ങളും സ്വാഭാവികമായ അഭിനയമുഹൂർത്തങ്ങളും ചേർന്ന് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വേറിട്ടൊരു കാഴ്ചാനുഭവമായിരിക്കും “ കിരീടം – വിൽക്കപ്പെട്ട സ്വപ്നങ്ങൾ “ സമ്മാനിക്കുക. “ കിരീടം – വിൽക്കപ്പെട്ട സ്വപ്നങ്ങൾ “ഡിസംബർ 14, 2026 മുതൽ ജിയോ ഹോട്ട്സ്റ്റാറിലും ഏഷ്യാനെറ്റിലും സംപ്രേഷണം ആരംഭിക്കുന്നു.

Asianet News Live | Malayalam Live News | Kerala News Updates| Breaking News| HD Live 24x7 Streaming