
കഥ ഇതുവരെ
ബ്യൂട്ടി പാർലറിന്റെ പേര് ശ്രുതി മാറ്റിയ വിവരം സുധി വീട്ടിൽ പറയുകയാണ്. ചന്ദ്രമതി എന്ന പേര് പാർലറിന് മാറ്റി എന്നറിഞ്ഞതും ചന്ദ്ര ആകെ ഷോക്കായിരിക്കുകയാണ്. ഇനി ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.
സുധി വളരെ സന്തോഷത്തോടെ ബ്യൂട്ടി പാർലറിന്റെ പേര് മാറ്റിയ വിവരം വീട്ടിൽ എല്ലാവരോടും പറഞ്ഞെങ്കിലും ചന്ദ്ര കട്ട കലിപ്പിലാണ്. വീടുകൾ തോറും പോയി മസ്സാജ് ചെയ്തിരുന്ന ശ്രുതിയ്ക്ക് ചന്ദ്രയുടെ വീടിന്റെ ആധാരം പണയപ്പെടുത്തിയാണ് അങ്ങനൊരു പാർലർ വാങ്ങിക്കൊടുത്തത് . പിന്നീട് ആ ആധാരം അവൾ തിരിച്ചെടുത്ത് കൊടുത്തെങ്കിലും ശ്രുതിയെ ആവശ്യസമയത്ത് സഹായിച്ചത് ചന്ദ്ര തന്നെയായിരുന്നു. ആ കാര്യങ്ങളെല്ലാം ഓർത്ത് ആകെ അന്തംവിട്ടിരിക്കുകയാണ് ചന്ദ്ര. അപ്പോഴാണ് ശ്രുതി അങ്ങോട്ട് കയറി വന്നത്. പേടിച്ച് പേടിച്ചാണ് ശ്രുതി വീട്ടിലേയ്ക്ക് കയറിയത്. പേര് മാറ്റിയ വിവരം അറിഞ്ഞാൽ അമ്മായിയമ്മ തന്നെ കൊല്ലുമെന്ന് അവൾക് അറിയാം. പക്ഷെ ശ്രുതിയുടെ പ്രതീക്ഷയ്ക്ക് വിപരീതമായാണ് ചന്ദ്ര ഉള്ളവർക്ക് മുന്നിലും വെച്ച് പെരുമാറിയത്. ഇനിയിപ്പോ രേവതിയുടെ പൂക്കടയ്ക്ക് മാത്രമേ അമ്മയുടെ പേരുള്ളൂ എന്ന് പറഞ്ഞ് സച്ചി കളിയാക്കിയപ്പോൾ ചന്ദ്ര ആകെ പതറിപ്പോയി. എന്നാൽ ശ്രുതിയെ എല്ലാവരുടെ മുന്നിലും വെച്ച് അപമാനിക്കണ്ട എന്ന് ചന്ദ്ര തീരുമാനിച്ചു. രേവതിയും ശ്രുതിയെ പുച്ഛിച്ച് നിൽപ്പായിരുന്നു. അതുകൊണ്ട് തന്നെ പേര് മാറ്റിയത് നന്നായെന്നും അതുകൊണ്ട് കൂടുതൽ വരുമാനം കിട്ടുമല്ലോ എന്നും ചന്ദ്ര പറഞ്ഞു. സത്യത്തിൽ രവിക്കും സച്ചിക്കും ചന്ദ്രയുടെ അവസ്ഥ ആലോചിച്ച് ചിരി വരുന്നുണ്ടായിരുന്നു. എന്നാൽ ചന്ദ്ര നേരെ ശ്രുതിയെ വിളിച്ച് മുറിയിലേക്കാണ് പോയത്.
അവിടെ ചെന്നതും ചന്ദ്രയുടെ മറ്റൊരു മുഖമാണ് ശ്രുതി കണ്ടത്. പ്രേക്ഷകരും ശെരിക്കും ഞെട്ടിപ്പോകും. കലികയറി തുള്ളുന്ന ചന്ദ്ര. അതെ. പാർലറിന്റെ പേര് തന്റെ അനുവാദമില്ലാതെ മാറ്റിയതിന് ചന്ദ്ര അവൾക്ക് കണക്കിന് കൊടുത്തു. നീ എന്താ കരുതിയത്, എന്ത് തെമ്മാടിത്തരവും നിനക്ക് ചെയ്യാമെന്നോ, അതെല്ലാം കണ്ടും കേട്ടും ഞാൻ പല്ലിളിച്ച് നിക്കുമെന്നോ, എന്നാൽ നിനക്ക് തെറ്റി ...നിന്റെ മലേഷ്യൻ അച്ഛൻ ഇതുവരെ നിന്നെ കാണാൻ വന്നിട്ടില്ല, മറ്റ് അമ്മായിയമ്മമാർ ആണെങ്കിൽ എന്തൊക്കെ ചോദിക്കും നിന്നോട് , ഞാൻ അതൊന്നും ചെയ്തില്ല ...എന്ന് കരുതി തലയിൽ കയറാൻ നിൽക്കരുത്. ഇനി മേലാൽ ഒരു കാര്യം ഒളിപ്പിക്കുകയോ കള്ളത്തരം പറയുകയോ ചെയ്യുകയോ ചെയ്‌താൽ നീ എന്റെ തനി സ്വഭാവം കാണും . ചന്ദ്ര പറഞ്ഞ് നിർത്തി. ചന്ദ്രയുടെ പെരുമാറ്റം കണ്ട ശ്രുതി ഞെട്ടിത്തരിച്ചു. ഒരു ചെറിയ കള്ളം പറഞ്ഞതിന് ഇതാണ് പ്രതികരണമെങ്കിൽ ഇനി എന്നെപ്പറ്റി എല്ലാം അറിഞ്ഞാൽ ഇവർ എങ്ങനെയാവും പ്രതികരിക്കുമെന്ന് ഓർത്ത് അവൾ പേടിച്ച് പോയി.
അതേസമയം രേവതി പറഞ്ഞ പ്രകാരം സച്ചിയേ വിളിച്ച് കാർ ടെസ്റ്റ് ഡ്രൈവ് ഓടിക്കാൻ പറഞ്ഞിരിക്കുകയാണ് മഹേഷ്. തന്റെ കൂട്ടുകാരന് വേണ്ടിയാണെന്നും നീ ഉടനെ വരണമെന്നും മഹേഷ് പറഞ്ഞു. ശെരി വരാമെന്ന് പറഞ്ഞ് സച്ചി ഉടൻ കാർ ഷോറൂമിൽ എത്തി. തനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട കാറാണ് മഹേഷിന്റെ കൂട്ടുകാരൻ വാങ്ങാൻ പോകുന്നതെന്ന് അറിഞ്ഞപ്പോൾ സച്ചിയ്ക്ക് ചെറിയ വിഷമം തോന്നി. തന്റെ കയ്യിൽ കാശില്ലല്ലോ എന്നോർത്ത് അവൻ വിഷമിച്ചു. എന്നാൽ രേവതി ഇതെല്ലാം കണ്ട് അപ്പുറത്ത് മാറി നിൽപ്പുണ്ടായിരുന്നു. രേവതി തനിക്ക് വേണ്ടിയാണ് ഈ കാർ വാങ്ങുന്നതെന്ന് സച്ചിയ്ക്ക് ഇതുവരെ മനസിലായിട്ടില്ല. എന്തായാലും ഇവിടെ വെച്ചാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.