ബീരാന്റെ കള്ളക്കഥ വിശ്വസിച്ച് ചന്ദ്ര - ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

Published : Jun 06, 2025, 03:45 PM IST
chembaneerpoovu serial review

Synopsis

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർ പൂവ് സീരിയൽ റിവ്യൂ

കഥ ഇതുവരെ

മലേഷ്യൻ അച്ഛൻ എവിടെ എന്ന ചന്ദ്രയുടെ ചോദ്യം ഒഴിവാക്കാനായി ബീരാനെ വീട്ടിലേയ്ക്ക് വരുത്തിയിരിക്കുകയാണ് ശ്രുതി. അങ്ങനെ ചുമ്മാ വരുത്തിയതല്ല, ഒരുഗ്രൻ കഥ പ്ലാൻ ചെയ്ത് അത് എല്ലാവരെയും പറഞ്ഞ് വിശ്വസിപ്പിക്കാനാണ് ബീരാനെ ശ്രുതി വരുത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന ചെമ്പനീർപൂവ് സീരിയൽ റിവ്യൂ നോക്കാം.

ബീരാന്റെ വരവ് കണ്ട് ചന്ദ്രോദയത്തിലുള്ള എല്ലാവരും ഞെട്ടിപ്പോയി. അമ്മാതിരിയല്ലേ പെർഫോമൻസ് ഉണ്ടായിരുന്നത്. ശ്രുതിയുടെ ഇളയച്ഛനെ കണ്ട ചന്ദ്ര വളരെ പ്രതീക്ഷയോടെയാണ് അയാളെ സ്വാഗതം ചെയ്തത്. എന്നാൽ ആ പ്രതീക്ഷയെല്ലാം ഒറ്റ നിമിഷം കൊണ്ടാണ് കത്തി ചാമ്പലായത്. എന്താണെന്നല്ലേ ...പറയാം . ബീരാൻ വന്ന ഉടനെ എല്ലാവരോടും ഫോൺ സ്വിച്ച്ഓഫ് ചെയ്ത് ഒരു അടപ്പുള്ള പാത്രത്തിനുള്ളിൽ ഇടാൻ പറഞ്ഞു. എന്നാൽ അതെന്തിനാണെന്നോ എന്താണ് ഫോൺ ഓഫ് ചെയ്യാൻ മാത്രമുള്ള വിഷയമെന്നോ ആർക്കും മനസ്സിലായില്ല. എല്ലാവരെയും ചോദ്യമുനയിൽ നിർത്തിക്കൊണ്ട് ബീരാൻ തുടങ്ങി.

ഞാൻ ഈ പറയുന്നത് കേട്ട് നിങ്ങളാരും പിടിക്കരുത്. എന്നെ പോലീസ് തിരയുകയാണ്. മലേഷ്യയിൽ ശ്രുതിയുടെ അച്ഛനെ കാണാൻ പോയ ശേഷം ഒളിച്ച് നാട് കടന്നതാണ് ഞാൻ. ശ്രുതിയുടെ അച്ഛനെ അതായത് എന്റെ ഏട്ടനെ മലേഷ്യൻ പോലീസ് അറസ്റ്റ് ചെയ്തു. ഇപ്പോൾ ജയിലിലാണ്. ബിസിനസ്സിൽ പാർട്ട്ണർമാർ ചേർന്ന് ചതിച്ചതാണ്. കള്ളക്കേസ് ഉണ്ടാക്കി ശ്രുതിയുടെ അച്ഛനെ ജയിലിലാക്കി. ബീരാൻ പറഞ്ഞ് നിർത്തി . അത് കേട്ടതും ശ്രുതി അഭിനയിച്ച് കരയാൻ തുടങ്ങി . കാരണം ഈ ഐഡിയ ബീരാന് പറഞ്ഞ് കൊടുത്തത് തന്നെ ശ്രുതി ആണല്ലോ ....അതുകൊണ്ട് ഇല്ലാത്ത അച്ഛൻ ജയിലിൽ ആയാൽ കരയണമല്ലോ . അല്ലെങ്കിൽ എല്ലാവർക്കും സംശയം തോന്നില്ലേ..അങ്ങനെ കരച്ചിൽ തുടങ്ങി. എന്നാൽ ഈ വിവരം കേട്ട ചന്ദ്രയ്ക്ക് ആകെ ഷോക്കായി. മലേഷ്യൻ അച്ഛൻ വന്നിട്ട് വേണം സുധിയ്ക്ക് ബിസിനസ് തുടങ്ങാൻ കുറച്ച് പണം ചോദിക്കാൻ എന്ന് കരുതിയതാണ് ചന്ദ്ര . എല്ലാം കുളമായില്ലേ...എന്നാൽ സച്ചിയ്ക്കും രേവതിക്കും ബീരാന്റെ കഥ കേട്ട് അത് കള്ളത്തരമാണോ എന്ന് നല്ല സംശയമുണ്ട്. എങ്കിൽ പിന്നെ ശ്രുതിയും സുധിയും കൂടി മലേഷ്യയിൽ പോയി അച്ഛനെ ജാമ്യത്തിൽ ഇറക്കട്ടെ എന്ന് ചന്ദ്ര പറഞ്ഞു. എന്നാൽ അത് സമ്മതിക്കരുതെന്ന് ശ്രുതി ബീരാന് സൂചന നൽകി. ശ്രുതി പറഞ്ഞ പ്രകാരം അത് വേണ്ടെന്നും ഇവർ അവിടെ പോയാൽ ഇവരെയും ജയിലിൽ അയക്കുമെന്നും താൻ തന്നെ കഷ്ടിച്ച് രക്ഷപ്പെട്ടതാണെന്നും ബീരാൻ തട്ടി വിട്ടു. തൽക്കാലം ഞാൻ പോട്ടെ ഈ വിവരം പറയാൻ വന്നതാണെന്ന് പറഞ്ഞ് ബീരാന് ഉടൻ സ്ഥലം കാലിയാക്കി.

മാസ്മരിക പെർഫോമൻസ് കാഴ്ച്ച വെച്ച ശ്രുതി ഉടനെ കരഞ്ഞ് കൊണ്ട് മുറിയിലേക്ക് പോയി. ശ്രുതിയുടെ കരച്ചിലിൽ വീണ സുധിയും ചന്ദ്രയും അവളെ ആശ്വസിപ്പിക്കാൻ മുറിയിലേക്ക് പിന്നാലെ പോയി. തന്റെ തന്ത്രം ഏതാണ്ട് വിജയം കണ്ട സന്തോഷത്തിൽ കള്ളച്ചിരി ചിരിക്കുന്ന ശ്രുതിയെ കാണിച്ചുകൊണ്ടാണ് ഇന്നത്തെ എപ്പിസോഡ് അവസാനിക്കുന്നത്. സംഭവബഹുലമായ കഥകളുമായി ചെമ്പനീർപൂവ് ഇനി അടുത്ത ദിവസം കാണാം.

PREV
Read more Articles on
click me!

Recommended Stories

'കണ്ടാൽ അമ്പതു വയസ് തോന്നിക്കുമല്ലോ?'; കമന്റിന് മറുപടിയുമായി പാർവതി കൃഷ്‍ണ
'ഇഷ്ടമാണെന്ന് പറഞ്ഞ് മെസേജുകള്‍ വരുന്നുണ്ട്, പക്ഷേ..'; മനസുതുറന്ന് അനീഷ്