
കുറച്ചു നാളായി സൈബറിടങ്ങളിൽ ഏറെ വിവാദങ്ങൾ കേൾക്കുന്ന താരമാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. രേണു ചെയ്യുന്ന ഫോട്ടോഷൂട്ടുകളുടെയും ആൽബങ്ങളുടെയുമൊക്കെ പേരിലായിരുന്നു മുൻപ് വിമർശനങ്ങളെങ്കിൽ ഇപ്പോൾ രേണുവിന്റെയും സുധിയുടെയും വിവാഹത്തിന്റെ പേരിലാണ് പുതിയ വിവാദങ്ങൾ. രേണു സുധിയെ ഒദ്യോഗികമായി വിവാഹം ചെയ്തിരുന്നില്ല എന്നും ലിവിങ്ങ് ടുഗെദർ ആയിരുന്നെന്നും പറഞ്ഞ് ഒരാൾ രംഗത്തു വന്നിരുന്നു. എന്നാൽ ഇതിനെതിരെയെല്ലാം തെളിവു സഹിതം പ്രതികരിച്ചിരിക്കുകയാണ് രേണു. സ്‌പെഷൽ മാരേജ് ആക്റ്റ് പ്രകാരം വിവാഹിതരായത്തിന്റെ സർട്ടിഫിക്കറ്റ് ഉയർത്തിക്കാട്ടിയായിരുന്നു രേണുവിന്റെ പ്രതികരണം.
''രേഷ്‍മ തങ്കച്ചൻ എന്നാണ് എന്റെ ഒഫീഷ്യൽ പേര്. ഞങ്ങളുടെ വിവാഹ സർട്ടിഫിക്കറ്റിലും ഈ പേരു തന്നെ കാണാം. ഇപ്പോൾ ഞാനിതു കാണിക്കാൻ കാരണം സോഷ്യൽ മീഡിയയിൽ നടക്കുന്ന വിവാദങ്ങളാണ്. ഞങ്ങൾ നിയമപരമായി വിവാഹം കഴിച്ചിട്ടില്ല എന്ന് പറയുന്നവർ ഇതു കാണണം. നിയമപരമായി എന്നെ മാത്രമേ സുധിചേട്ടൻ കല്യാണം കഴിച്ചിട്ടുള്ളൂ. അതിന്റെ തെളിവാണ് ഈ വിവാഹ സർട്ടിഫിക്കേറ്റ്. ഇതിൽ വരന്റെ പേര് സുധി എന്നും വധുവിന്റെ പേര് രേഷ്മ എന്നുമാണ്.
എന്റെ ചേച്ചിയുടെ ഭർത്താവും എന്റെ അമ്മയുടെ അനുജത്തി ബിന്ദു സെബാസ്റ്റ്യനും അമ്മയുടെ ബന്ധു ആശിഷ് ജോയിയുമാണ് സാക്ഷികൾ.
സ്പെഷ്യൽ മാരേജ് ആക്ട് പ്രകാരമാണ് ഞങ്ങൾ വിവാഹം കഴിച്ചത്. സുധിച്ചേട്ടന്റെ ഭാര്യയാണെന്ന് പറയാൻ ഇതിൽ കൂടുതൽ തെളിവൊന്നും വേണ്ടല്ലോ. ഈ രേഷ്മ തന്നെയാണ് രേണു സുധി. വീട്ടുകാർ ഇട്ട പേരാണ് രേണു. സ്‍കൂളിൽ ചേർത്തപ്പോൾ ഒരു ടീച്ചർ ഇട്ട പേരാണ് രേഷ്മ. സുധിച്ചേട്ടന് രേണു എന്ന പേരാണ് ഇഷ്ടം. അതുകൊണ്ട് ഞാൻ രേണു സുധി എന്ന പേര് തന്നെ എല്ലായിടത്തും പറയുന്നു'', താരം പറഞ്ഞു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക