
സമൂഹമാധ്യമങ്ങളിൽ ഈയടുത്ത് ഏറ്റവും കൂടുതൽ വൈറലായ പ്രസവമായിരുന്നു ഇൻഫ്ളുവൻസറും സംരംഭകയുമായ ദിയ കൃഷ്ണയുടേത്. നിയോം എന്നാണ് ദിയ മകന് പേരിട്ടിരിക്കുന്നത്. ഓമി എന്നാണ് വീട്ടിൽ വിളിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. പ്രസവത്തിനു മുൻപും ശേഷവും ഉള്ള കാര്യങ്ങളെല്ലാം ദിയ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരോട് പങ്കുവെയ്ക്കാറുണ്ട്. ഇപ്പോൾ ഓമിയെക്കുറിച്ചും ഓമിയുടെ വരവിനു ശേഷം വീട്ടിൽ ഉണ്ടായ മാറ്റങ്ങളെക്കുറിച്ചുമെല്ലാം സംസാരിക്കുകയാണ് ദിയ. ഇൻസ്റ്റഗ്രാമിലൂടെ ആരാധകരുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.
സഹോദരിമാരിൽ ആരാണ് ഓമിയെ ഏറ്റവും കൂടുതൽ കെയർ ചെയ്യുന്നത് എന്ന ചോദ്യത്തിന് എല്ലാവർക്കും ഒരുപോലെ അവനെ എടുക്കാനും കളിപ്പിക്കാനും കൂടെയിരിക്കാനുമൊക്കെ ഇഷ്ടമാണെന്നായിരുന്നു ദിയയുടെ മറുപടി. ''അമ്മുവിനായാലും (അഹാന) ഇഷാനിക്കായാലും ഹൻസികയ്ക്കായാലും ഓമിയെ എടുക്കാനും അവന്റെ കൂടെ ഇരിക്കാനുമൊക്കെ വലിയ ഇഷ്ടമാണ്. ഞാൻ ഒന്ന് എടുത്തോട്ടെ എന്ന് എല്ലാവരും വന്ന് ചോദിക്കും. കൂടുതൽ കെയർ ചെയ്യുന്നത് ചിലപ്പോൾ അമ്മു ആരിക്കും. കാരണം അമ്മു എന്നേക്കാൾ മൂത്തതാണല്ലോ, അതിന്റെ പക്വതയുമുണ്ട്. അവനെ കുളിപ്പിക്കുന്നതു കാണണം, അവന്റെ ഫോട്ടോ എടുക്കണം എന്നൊക്കെ ഇടയ്ക്കിടയ്ക്ക് പറയും. ബാക്കി രണ്ടു പേർക്കും കെയറിങ്ങിനേക്കാൾ എക്സൈറ്റ്മെന്റ് ആണ്. അവർ എന്നെക്കാൾ ഇളയതായതു കൊണ്ടായിരിക്കും'',എന്ന് ദിയ പറഞ്ഞു.
തനിക്കു ചുറ്റും തന്നെ സ്നേഹിക്കുകയും കൂടെ നിൽക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ഒരുപാടു പേർ ഉള്ളതുകൊണ്ട് പ്രസവത്തിനു ശേഷം ഡിപ്രഷനിലേക്കൊന്നും പോയില്ലെന്ന് ദിയ കഴിഞ്ഞ ദിവസം വ്ളോഗിൽ പറഞ്ഞിരുന്നു. ''രാത്രിയിൽ ഉറങ്ങാൻ കഴിയാറില്ല. ബേബി ഉറങ്ങുമ്പോൾ ആണ് എന്റെയും ഉറക്കം. ആശുപത്രിയിൽ നിന്നും വീട്ടിൽ എത്തിയപ്പോൾ എനിക്ക് നല്ല വേദന ആയിരുന്നു, ഇരിക്കാൻ പോലും കഴിയാതെ ആറോളം സ്റ്റിച്ചുകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ശരിയായി'', എന്നും ദിയ പറഞ്ഞിരുന്നു.