
ബിഗ് ബോസ് മലയാളത്തിൽ പല ലുക്കുകളും പരീക്ഷിക്കുന്നയാളാണ് ഇത്തവണത്തെ മൽസരാർത്ഥികളിൽ ഒരാളായ നോബി. ഷോയിൽ എത്തിയപ്പോൾ കട്ടിത്താടിയും മീശവും വെച്ചുള്ള ലുക്കിലായിരുന്നെങ്കിൽ പിന്നീട് താടി വെട്ടിയൊതുക്കി മീശക്കാരൻ മാത്രമായി. ഇപ്പോൾ താടിയും മീശയും പൂർണമായി നീക്കി ക്ലീൻ ഷേവ് ലുക്കിലാണ് നോബി. പുതിയ ഗെറ്റപ്പിൽ നോബിയെ കണ്ടാൽ ധ്യാൻ ശ്രീനിവാസനെപ്പോലെയുണ്ടെന്ന കമന്റുകളും സോഷ്യൽ മീഡിയയിൽ കാണുന്നുണ്ട്. ഇപ്പോഴിതാ നോബിയുടെ ഇത്തരം ലുക്ക് പരീക്ഷണങ്ങൾക്ക് പിന്നിലെ കാരണം വിശദീകരിക്കുകയാണ് ബിഗ് ബോസ് മലയാളം സീസൺ 8ൽ നിന്ന് എവിക്റ്റായ എൽദോ.
''നോബി എന്തിനാ എല്ലാ ആഴ്ചയും താടിയും മീശയുമൊക്കെ വടിക്കുന്നത് എന്ന് എന്നോട് ഒരുപാടുപേർ ചോദിക്കുന്ന ചോദ്യമാണ്. നോബി ഒരു ആക്ടറാണ്. അവന്റെ ആഗ്രഹം ഒരു സിനിമാ നടൻ ആകുക എന്നതാണ്. ഒരുപാട് സംവിധായകരും നിർമാതാക്കളും കാസ്റ്റിങ്ങ് ഡയറക്ടർമാരുമൊക്കെ ഈ ഷോ കാണുന്നതാണ്. ഇതൊക്കെ കണ്ടുകഴിയുമ്പോൾ പല കഥാപാത്രങ്ങൾ എഴുതുന്ന സമയത്ത് നമ്മുടെ മുഖം ഓർമ വരും. അവൻ അവിടെ അവന്റെ കഴിവ് കാണിച്ചുകൊണ്ടിരിക്കുകയാണ്. ബുദ്ധിമാനായിട്ട് കളിക്കുന്ന ഒരു അഭിനേതാവിനെയാണ് നമുക്കവിടെ കാണാൻ പറ്റുക. നന്നായിട്ടു തന്നെ അവനത് പ്ലാൻ ചെയ്യുന്നുണ്ട്. പക്ഷേ, ഇതൊന്നും അറിയാതെ താടി വടിക്കുന്നതിലും മുടി വെട്ടുന്നതിലുമൊക്കെ പലരും അവനെ കളിയാക്കുന്നുണ്ട്. പക്ഷേ, ഇതിനു പിന്നിലെ ലക്ഷ്യം ഇതാണ്. പല ഭാവങ്ങൾ കാണിക്കണമെന്ന് അവൻ തന്നെ അവിടെ പറഞ്ഞിട്ടുണ്ട്. നോബി നല്ലൊരു ഗെയിമറാണ്. കൂടുതൽ മെച്ചപ്പെട്ട രീതിയിൽ അവന് വരുന്ന ആഴ്ചകളിൽ കളിക്കാൻ പറ്റട്ടെ. അവൻ ആഗ്രഹിക്കുന്നതു പോലെ നല്ലൊരു നടനാകാനും പറ്റട്ടെ. എല്ലാ ഭാവുകങ്ങളും'', എൽദോ ഇൻസ്റ്റഗ്രാമിൽ പങ്കുെവെച്ച വീഡിയോയിൽ പറഞ്ഞു.