വിവാഹത്തിനായി മുംബൈയിലെത്തിയ ഗായിക റിമി ടോമി, ബാന്ദ്രയിൽ കഠിനാധ്വാനം ചെയ്ത് സ്വന്തമാക്കിയ ഫ്ലാറ്റിന്റെ വിശേഷങ്ങൾ പങ്കുവെച്ചു.

താൻ വിവാഹിതയാകാൻ പോകുന്ന വാർത്ത അടുത്തിടെയാണ് മലയാളികളുടെ പ്രിയഗായിക റിമി ടോമി ആരാധകരെ അറിയിച്ചത്. ഫിറ്റ്ന‍സ് ട്രെയിനറായ ലിബിനാണ് വരൻ. മലയാളിയാണെങ്കിലും മുംബൈയിലാണ് ലിബിൻ ജനിച്ചു വളർന്നത്. വിവാഹത്തിനായി വീട്ടുകാരോടൊപ്പം മുംബൈയിലെത്തിയ വിശേഷങ്ങളാണ് റിമി ഇപ്പോൾ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ചിരിക്കുന്നത്, ഒപ്പം മുംബൈയിലെ ബാന്ദ്രയിലുള്ള സ്വന്തം ഫ്ളാറ്റും റിമി വീഡിയോയിലൂടെ കാണിക്കുന്നുണ്ട്. ചോര നീരാക്കിയാണ് താൻ ഈ ഫ്ളാറ്റ് സ്വന്തമാക്കിയത് എന്നാണ് റിമി ടോമി വീഡിയോയിൽ പറയുന്നത്.

''ഞാൻ ദാഹിച്ച് മോഹിച്ച് ചോര നീരാക്കി ഉണ്ടാക്കിയ സമ്പാദ്യം കൊണ്ട് വാങ്ങിയ ഫ്ലാറ്റാണ്. ഞാൻ കാത്ത് സൂക്ഷിക്കുന്ന കസ്തൂരി മാമ്പഴമാണ് അത്. ഫ്ലാറ്റ് വാങ്ങിയിട്ട് മൂന്ന്, നാല് വർഷമായി. ഫ്ലാറ്റ് വാങ്ങുന്ന സമയത്ത് ഞാനും ചിന്തിച്ചിരുന്നു ദൈവം എന്തുകൊണ്ടാകും ഇവിടെ എന്നെ കൊണ്ട് ഫ്ലാറ്റ് വാങ്ങിപ്പിക്കുന്നതെന്ന്. ഒരോ അരിമണിയും ആർക്കുള്ളതാണെന്ന് എഴുതി വെച്ചിട്ടുണ്ടെന്ന് പറയുന്നത് പോലെയാണ് എന്റെ ജീവിതത്തിൽ കാര്യങ്ങൾ നടക്കുന്നത്. പല ട്രെയിനേഴ്സിനൊപ്പവും ഞാൻ മാറി മാറി വർക്കൗട്ട് ചെയ്തിട്ടുണ്ട്. അതെല്ലാം കഴിഞ്ഞ് മാർച്ചിലാണ് ഞാൻ ലിബിനെ കാണുന്നത്. അതിനുശേഷമാണ് ബോംബെ വരവ് കൂടിയതും.

എന്റെ അനിയത്തി കുറേക്കാലം അന്ധേരിയിൽ ഉണ്ടായിരുന്നു. ഞാനും മമ്മിയും ഇവിടെ കുറേ തവണ വരികയും സമയം ചിലവഴിക്കുകയും ചെയ്തിട്ടുണ്ട്. അങ്ങനെയാണ് ബോംബെയെ സ്നേഹിച്ച് തുടങ്ങിയത്. പിന്നെ ഞങ്ങൾ ഒരു ഫ്ലാറ്റ് അങ്ങ് വാങ്ങിച്ചു. ലോൺ ഒക്കെ തീർന്നശേഷം എല്ലാവരേയും ഫ്ലാറ്റ് വാങ്ങിയ കാര്യം അറിയിക്കാമെന്ന് കരുതി. ബാന്ദ്ര വെസ്റ്റിലാണ് ഫ്ലാറ്റ്. ഇനിയങ്ങോട്ടുള്ള ഞങ്ങളുടെ ഭാവി ജീവിതവും ആ ഫ്ലാറ്റിലായിരിക്കും. എന്റേത് 2 ബെഡ് റൂം ഫ്ലാറ്റാണ്. ഇവിടെ അത്രയധികം കാശുള്ളവർ മാത്രമാണ് വലിയ വീടുകളും മൂന്ന്, നാല് ബെഡ് റൂമും ഉള്ള ഫ്ലാറ്റുകളൊക്കെ വാങ്ങുന്നത്. ഒരോ ഏരിയയ്ക്ക് അനുസരിച്ചാണ് ഫ്ലാറ്റിന്റെ പ്രൈസ്. കാണുമ്പോൾ ചെറിയ ഫ്ലാറ്റായി തോന്നും. പക്ഷെ ഇത് തന്നെ ഇവിടെ സ്വന്തമായി വാങ്ങുക എന്നത് വലിയ കാര്യമാണ്'', എന്നാണ് റിമി ടോമി വീഡിയോയിൽ പറയുന്നത്.

YouTube video player