പ്രശസ്ത അവതാരക രഞ്ജിനി ഹരിദാസ് തന്‍റെ പ്രിയപ്പെട്ട വളർത്തുനായ റിക്കിയുടെ വേർപാടിലുള്ള ദുഃഖം പങ്കുവെക്കുന്നു
മലയാളികൾക്ക് പ്രിയപ്പെട്ട ടെലിവിഷൻ അവതാരകയാണ് രഞ്ജിനി ഹരിദാസ്. രഞ്ജിനിയെ എന്ന പോലെ തന്നെ പലർക്കും അറിയാവുന്ന ഒരു കാര്യമാണ് രഞ്ജിനിയുടെ മൃഗസ്നേഹവും. തനിക്ക് ഏറെ പ്രിയപ്പെട്ട വളർത്തുനായ റിക്കിയുടെ വേർപാടിനെക്കുറിച്ചാണ് രഞ്ജിനി പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റിൽ സംസാരിക്കുന്നത്. ഒരു യുഗത്തിന്റെ അവസാനം എന്നാണ് റിക്കിയുടെ വേർപാടിനെക്കുറിച്ച് രഞ്ജിനി പറയുന്നത്.
''എന്റെ സൂര്യനസ്തമിച്ചിരിക്കുന്നു. ഒരു യുഗത്തിന്റെ അവസാനം... എന്റെ എക്കാലത്തെയും പ്രണയം.14 വര്‍ഷങ്ങള്‍ക്ക് മുമ്പ്, നീ എന്റെ ജീവിതത്തിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്ന് അതിനെ ഏറ്റവും സുന്ദരമായ രീതിയില്‍ മാറ്റിമറിച്ചു. നീ തന്നെയാണ് എന്റെ ഏറ്റവും വലിയ അനുഗ്രഹവും പ്രചോദനവും. യഥാര്‍ത്ഥ അതിജീവനമെന്താണെന്നും പോരാട്ടവീര്യമെന്താണെന്നും നീ എനിക്ക് കാണിച്ചുതന്നു. എത്രയോ ഇരട്ടി സ്‌നേഹം നീ എനിക്ക് നല്‍കി. മറ്റാരെയും സ്‌നേഹിച്ചിട്ടില്ലാത്ത വിധമാണ് ഞാന്‍ നിന്നെ സ്‌നേഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഈ യാത്രപറച്ചില്‍ ഉണ്ടാക്കുന്ന വേദന വാക്കുകളാല്‍ വിവരിക്കാന്‍ എനിക്കറിയില്ല. എന്റെ ഒരു ഭാഗം നിന്നോടൊപ്പം പോയതുപോലെ തോന്നുന്നു, എന്നെന്നേക്കുമായി.
സത്യത്തില്‍ ഈ അവസ്ഥ എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല. എല്ലാ ജന്മങ്ങളിലും, കാലത്തിന്റെ അവസാനം വരെ, നമ്മള്‍ വീണ്ടും വീണ്ടും കണ്ടുമുട്ടുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. എനിക്ക് എപ്പോഴും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് നമ്മള്‍ ഒന്നാകേണ്ടവരാണ് എന്നതാണ്. ഞാന്‍ എപ്പോഴും നിന്നിലേക്ക് തിരികെയെത്തും. നീ എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് ഉറപ്പുള്ളതുപോലെ, ഞാനും എപ്പോഴും നിന്നെത്തന്നെ തിരഞ്ഞെടുക്കും.
എല്ലാത്തിനും നന്ദി... നീ എനിക്ക് തന്ന എല്ലാത്തിനും, എന്നെ പഠിപ്പിച്ച കാര്യങ്ങൾക്കും, നീ പോലുമറിയാതെ എനിക്കായി ചെയ്ത സകല കാര്യങ്ങള്‍ക്കും.... നീ പോലും അറിയാതെ അത്രയധികം രീതിയില്‍ നീ എന്നെ മാറ്റിമറിച്ചിട്ടുണ്ട്. എന്റെ ജീവിതാവസാനം വരെ അതെല്ലാം എന്റെ മനസിൽ ഉണ്ടാകും. മൈ ഫോർഎവർ ബോയ്.... എന്റെ ഏറ്റവും വലിയ പ്രണയം. എന്റെ വീട്... നമ്മള്‍ വീണ്ടും കണ്ടുമുട്ടുന്നത് വരെ. എനിക്കായി കാത്തിരിക്കൂ...'', രഞ്ജിനി കുറിച്ചു.

