
നടി അൻസിബ ഹസനെയും ടെലിവിഷൻ പ്രോഗ്രാം പ്രൊഡ്യൂസർ മിഥിലാജ് അബ്ദുളിനെയും ചേർത്ത് ആരോപണങ്ങളുമായി നടി ലക്ഷ്മിപ്രിയ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ് മിഥിലാജ്. തനിക്കെതിരെ നടത്തിയ വ്യക്തിഹത്യയ്ക്കും അസത്യ പ്രചാരണങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ ഇതിനകം ആരംഭിച്ചതായി മിഥിലാജ് പറയുന്നു.
തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിൽ മൂന്ന് മണിക്കൂറോളം നീണ്ട മാനസിക പീഡനത്തിനൊടുവിൽ, ഭീഷണിപ്പെടുത്തി എഴുതി വാങ്ങിയ ഖേദപ്രകടനത്തിന്റെ പകർപ്പുപോലും നൽകാതെയാണ് അൻസിബ ഹസ്സനെയും സുഹൃത്തും മാധ്യമ പ്രവർത്തകനുമായ സുധിയെയും അവർ പറഞ്ഞയച്ചത്. ആ അടിയന്തര സാഹചര്യത്തിലാണ് അവർ എന്നെ ബന്ധപ്പെടുന്നത്. കാര്യത്തിന്റെ ഗൗരവം ബോധ്യപ്പെട്ട ഞാൻ ഉടൻ സ്റ്റേഷനിലെത്തി SI രേഷ്മയെ നേരിൽക്കണ്ടു. നിയമവിരുദ്ധമായ ആ ഏകപക്ഷീയ നടപടിക്കെതിരെ ഞാൻ ശക്തമായി പ്രതിഷേധിച്ചു. മാധ്യമങ്ങൾ ഈ വിഷയത്തിൽ ഇടപെടാൻ പോകുന്നുവെന്ന് തിരിച്ചറിഞ്ഞതോടെ, നിവൃത്തിയില്ലാതെ അവർ ആ പകർപ്പ് കൈമാറാൻ നിർബന്ധിതരായി.
ഈ നീതിനിഷേധത്തിന് വേദിയൊരുക്കിയ ആ 'മഹതി' അവിടെത്തന്നെ തറവാട്ടുസ്വത്തെന്ന പോലെ വിലസി നടപ്പുണ്ടായിരുന്നു. എന്നെ കണ്ടപ്പോൾ ഒരു വല്ലാത്ത നോട്ടം; പിന്നാലെ സ്റ്റേഷനിലെ ഓരോരുത്തരെയും കെട്ടിപ്പിടിച്ച് വിടപറഞ്ഞ് മടങ്ങുന്ന ആ കാഴ്ച! ഇന്ന് കോടതിയിൽ അൻസിബ ഉയർത്തിക്കാട്ടുന്ന ആ നിർണ്ണായക തെളിവ്, അന്ന് ഞാനും സുഹൃത്തും പോരാടി വാങ്ങിയതാണ്. ആ തെളിവിനെതിരെ, തിരക്കഥാകൃത്തായ ആ 'മഹതി' മെനഞ്ഞെടുത്ത തട്ടിപ്പുകഥയാണ് ഇന്ന് പുറത്തുവന്നത്.
ഈ മഹതിയെ കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടയിൽ ഞാൻ നേരിട്ട് കണ്ടത് തൃപ്പൂണിത്തുറ വനിതാ സെല്ലിൽ വെച്ച് മാത്രമാണ്. ഇതിനു വിപരീതമായി, ഈ കാലയളവിൽ എന്നെ എവിടെയെങ്കിലും വെച്ച് കണ്ടതായി തെളിയിക്കാൻ ഞാൻ ആ വ്യക്തിയെ പരസ്യമായി വെല്ലുവിളിക്കുന്നു. നുണകൾ മെനയാനുള്ള ഇവരുടെ അസാമാന്യ കഴിവിനെ ശരിക്കും സമ്മതിക്കണം! അമ്മയിലെ ജനറൽ ബോഡിയിലെ തോൽവിക്ക് പകരം വീട്ടാൻ, ബോംബെക്കാരി ചേച്ചിയുടെ നോർത്ത് ഇന്ത്യൻ ഐഡിയ പരീക്ഷിച്ചതാണെന്ന് മനസ്സിലായി. പിക്ചർ അഭി ബാക്കി ഹെ മേരാ ദോസ്ത്. എനിക്കെതിരെ നടത്തിയ ഈ വ്യക്തിഹത്യയ്ക്കും അസത്യ പ്രചാരണങ്ങൾക്കും എതിരെ നിയമപരമായ നടപടികൾ ഞാൻ ഇതിനകം ആരംഭിച്ചു കഴിഞ്ഞു. പണവും സ്വാധീനവും നൽകി മാത്രം സൗഹൃദങ്ങൾ കെട്ടിപ്പടുത്ത് ശീലമുള്ള ആ 'മഹതിയോട്' ഒന്നുമാത്രമേ പറയാനുള്ളൂ: "അൻസിബയുടെ പോരാട്ടത്തിൽ ഞാനും എന്റെ സുഹൃത്തുക്കളും അവസാന ശ്വാസം വരെ കൂടെയുണ്ടാകും. അത് ഏത് അറ്റം വരെ പോകേണ്ടി വന്നാലും ശരി'', മിഥിലാജ് ഫെയ്സ്ബുക്കിൽ കുറിച്ചു.