
കൊച്ചി: വിവാഹം ചെയ്ത് കുട്ടികളുണ്ടായ ശേഷം ട്രാൻസ് വ്യക്തിയാണെന്ന് പറയുന്നവർക്കെതിരെ കഴിഞ്ഞ ദിവസം സീമ വിനീത് പോസ്റ്റ് പങ്കുവെച്ചിരുന്നു. ഇതിന് പിന്നാലെ ഒരു കൂട്ടം ആളുകൾ തനിക്കെതിരെ രംഗത്തെത്തിയിരിക്കുകയാണനെന്നും സീമ പറഞ്ഞിരുന്നു. ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ട്രാൻസ് വ്യക്തിത്വങ്ങളിൽ പ്രമുഖരായ ഹെയ്ദി സാദിയയും ദയ ഗായത്രിയും.
കമ്മ്യൂണിറ്റിക്കുള്ളിൽ ഒരു ഐക്യം ഉണ്ടായിരുന്നെങ്കിൽ ഈ പ്രശ്നം കമ്മ്യൂണിറ്റിക്കുള്ളിൽ തന്നെ ഡീൽ ചെയ്ത് പോകാമായിരുന്നെന്ന് ഹെയ്ദി സാദിയയുടെ യൂട്യൂബ് ചാനലിൽ സംസാരിച്ചുകൊണ്ട് ഇരുവരും പറഞ്ഞു. കഴിഞ്ഞ കാലം ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതമാണ്. അത് പബ്ലിക്കിലേക്ക് കൊണ്ട് വന്ന് സംസാരിക്കേണ്ട ആവശ്യം ഇല്ല. മുൻപ് വിവാഹം ചെയ്തതിന്റെ പേരിലോ കുട്ടികളുണ്ടായതിന്റെ പേരിലോ ഒരാളുടെ ജെൻഡർ ഐഡന്റിറ്റി നിഷേധിക്കാൻ പറ്റില്ലെന്നും ഹെയ്ദി സാദിയയും ദയ ഗായത്രിയും വ്യക്തമാക്കി.
ജെൻഡർ ഐഡന്റിറ്റി ഒരാൾ പെട്ടെന്ന് മനസിലാക്കുന്നതല്ല. ചിലർ കുറച്ച് പ്രായമാകുമ്പോഴായിരിക്കും തിരിച്ചറിയുന്നത്. ട്രാൻസ് വുമൺസിൽ നേരത്തെ വിവാഹം ചെയ്തവരുണ്ട്. നിർബന്ധിച്ചും അച്ഛനും അമ്മയും മരിച്ച് കളയും എന്ന് പറഞ്ഞുമാണ് ചിലരെ വിവാഹം ചെയ്യിച്ചത്. എന്നാൽ അത് പബ്ലിക്കിൽ ചർച്ചയാക്കുന്നതും നോർമലെെസ് ചെയ്യുന്നതും ശരിയല്ലെന്നും ദയയും ഹെയ്ദിയും പറയുന്നു.
ട്രാൻസ് സമൂഹത്തിലും തെറ്റായ പ്രവണതകളുണ്ടെന്നും ഇരുവരും സമ്മതിച്ചു. ''ഒരു പുരുഷനെ കല്യാണം കഴിച്ച് കുഞ്ഞിന് ജന്മം നൽകിയ ശേഷം ഇറങ്ങി വന്ന് കമ്മ്യൂണിറ്റിയുടെ കൂടെ ജീവിക്കുന്നവരുണ്ട്. ഐഡന്റിറ്റി മനസിലാക്കി ഇറങ്ങി വരുന്നതിൽ തെറ്റില്ല. പക്ഷെ ആ ഭർത്താവിനോടുള്ള കമ്മിറ്റ്മെന്റ് എന്നത് മാന്യമായി ഡിവോഴ്സ് കൊടുക്കുകയെന്നതാണ്. കുട്ടികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാത്തവമുണ്ട്. അത് വളരെ മോശമാണ്. എന്നാൽ എല്ലാവരും അങ്ങനെല്ല'', ഹെയ്ദി സാദിയ കൂട്ടിച്ചേർത്തു.