
അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിൽ അരങ്ങേറിയ താരമാണ് അപ്പാനി ശരത്. ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരം ഇത്തവണത്തെ ബിഗ്ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. 35 ദിവസങ്ങൾക്കു ശേഷം താരം പുറത്താകുകയും ചെയ്തിരുന്നു. ഇതാ ബിഗ്ബോസ് അനുഭവങ്ങളെക്കുറിച്ച് സഹമൽസരാർത്ഥിയായ കെബി ശാരികയോട് തുറന്നു സംസാരിക്കുയാണ് അപ്പാനി ശരത്. എവിക്ട് ആയപ്പോൾ മുഖംമൂടിക്കുള്ളിൽ നിന്ന് താൻ കരയുകയായിരുന്നെന്ന് ശരത് പറയുന്നു.
''എവിക്ടായപ്പോൾ ഞാൻ മുഖം മൂടി അണിഞ്ഞാണ് പുറത്തേക്ക് വന്നത്. മുഖംമൂടിക്ക് ഉള്ളിൽ നിന്ന് ഞാൻ നന്നായി കരഞ്ഞു. ആ വീട്ടിലേക്ക് മത്സരാർത്ഥിയായി വരാൻ പറ്റില്ലെന്നത് അടക്കം പല ചിന്തകൾ എന്റെ മനസിലേക്കു വന്നു. ഞാൻ ഞാനായിട്ടാണ് അവിടെ നിന്നത്. അതിന്റേതായ വീഴ്ചകൾ ഉണ്ടായി. അതാണ് ആളുകളും പറയുന്നത്. അക്ബറുമായി സൗഹൃദമുണ്ടാക്കി ഗ്രൂപ്പ് കളിച്ചുവെന്നും ആളുകൾ പറഞ്ഞു. പക്ഷേ യഥാർത്ഥത്തിൽ ഞാൻ അങ്ങനെയാണ്. സുഹൃത്തുക്കൾക്ക് വാല്യൂ കൊടുക്കുന്നയാളാണ്. അതുകൊണ്ട് തന്നെ എവിടെ ചെന്നാലും സുഹൃത്തുക്കളുണ്ട്. ഞാൻ കാരണം ആരെങ്കിലും വിഷമിക്കുന്നുവെന്ന് തോന്നിയാലും ആ ദിവസം തീരും മുമ്പ് അത് പരിഹരിക്കും. സിനിമയിൽ വന്നശേഷം ഒരുപാട് ചതിയൊക്കെ അനുഭവിച്ചിട്ടുള്ളയാളാണ് ഞാൻ. ശത്രുക്കൾ വേണ്ടെന്ന് ആഗ്രഹമുള്ളതുകൊണ്ട് എന്റെ ഭാഗം ഞാൻ ക്ലിയർ ചെയ്യും.
ലാൽ സാറിന്റെ അടുത്ത് നിന്നപ്പോഴും ചില വ്യക്തികളിൽ നിന്നും എനിക്ക് വിഷമമുണ്ടായി. എന്തായാലും ഞാൻ ഔട്ടായല്ലോ. അത് അങ്ങനെ കരുതിയാൽ പോരേ. അല്ലാതെ വലിയൊരു വൈരാഗ്യം വെയ്ക്കാൻ ഞാൻ കൊലപാതകം ചെയ്തിട്ടില്ല. ആ മത്സരാർത്ഥി വൈരാഗ്യം വെച്ച് സംസാരിക്കുന്നത് കണ്ടപ്പോൾ ഞാൻ അത്രയും കുഴപ്പക്കാരനാണോയെന്ന് തോന്നി. വല്ലാത്ത വിഷമം തോന്നി. ആ മത്സരാർത്ഥി പുറത്തായപ്പോൾ എനിക്ക് വേണ്ടി എന്റെ സുഹൃത്തുക്കൾ ചെയ്തത് കണ്ട് ഞാൻ കരഞ്ഞു. അവർക്ക് എന്നോട് എത്രത്തോളം ആത്മാർത്ഥതയുണ്ടെന്ന് മനസിലായി'', അപ്പാനി ശരത് അഭിമുഖത്തിൽ പറഞ്ഞു.