
സോഷ്യൽ മീഡിയയിൽ സജീവമായിട്ടുള്ളവർക്ക് സുപരിചിതരായ ദമ്പതികളാണ് ജിസ്മയും വിമലും. അവതാരകയായി എത്തിയ ജിസ്മ ഹ്രസ്വചിത്രങ്ങളിലൂടെയാണ് ശ്രദ്ധേയയായത്. പിന്നീട് വിമലുമൊന്നിച്ചുള്ള വീഡിയോകളും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇരുവരും എഴുതി സംവിധാനം ചെയ്ത് അഭിനയിക്കുന്ന വെബ് സീരിസുകളെല്ലാം സോഷ്യലിടങ്ങളിൽ വളരെയധികം ശ്രദ്ധ നേടാറുണ്ട്. ചില സിനിമകളിലും ഇതിനകം ജിസ്മ അഭിനയിച്ചിട്ടുണ്ട്. ജിസ്മ ആന്റ് വിമൽ എന്ന പേരിൽ ഒരു യൂട്യൂബ് ചാനലും ഇവർക്കുണ്ട്. ഏറെ കാലത്തെ പ്രണയത്തിനുശേഷം രണ്ട് വർഷം മുമ്പായിരുന്നു ഇരുവരും വിവാഹിതരായത്. ഇരുവരുടെയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങായിരുന്നു ആ വിവാഹം. ഇപ്പോഴിതാ പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചുമൊക്കെ തുറന്നു സംസാരിക്കുന്ന ഇരുവരുടെയും അഭിമുഖം ശ്രദ്ധ നേടുകയാണ്.
''വിവാഹം എന്നത് വളരെ പേഴ്സണലായിട്ടുള്ള ഒരു മൊമന്റല്ലേ... മാത്രമല്ല ഞങ്ങളുടേത് ഇന്റർകാസ്റ്റ് മാര്യേജ് ആണ്. വ്യത്യസ്ത സ്ഥലങ്ങളിൽ നിൽക്കുന്ന രണ്ട് കുടുംബങ്ങൾ തമ്മിലുള്ള ഒരു ഒത്തുചേരൽ ആയിരുന്നു. വളരെ അടുത്ത സുഹൃത്തുക്കളേയും കുടുംബാംഗങ്ങളേയും മാത്രം പങ്കെടുപ്പിച്ചുള്ള ചടങ്ങായിരുന്നു. അതുകൊണ്ട് തന്നെ മീഡിയയെ പങ്കെടുപ്പിച്ചാൽ വീട്ടുകാർക്ക് അത് അൺകംഫർട്ടബിൾ ആയിരിക്കും. നമ്മളെപ്പോലെ അല്ലല്ലോ. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കും ആസ്വദിക്കാനുള്ള മൊമന്റുകളും അവർക്ക് പരസ്പരം ബോണ്ടിംഗ് ഉണ്ടാക്കാനുള്ള മൊമന്റുകളും മീഡിയ വന്നാൽ ചിലപ്പോൾ ഇല്ലാതാകുമെന്നും തോന്നി.
ആളുകൾ കൂടുന്തോറും നല്ല പൈസയും വേണമല്ലോ.. എന്തിനാണ് ഇത്രയേറെ പണം ചിലവഴിച്ച് വിവാഹം കഴിക്കുന്നതെന്നും തോന്നി. അതുകൊണ്ട് ഒരു ഗുണവും ഇല്ലല്ലോ. ഞങ്ങൾ രണ്ടുപേരും വിവാഹിതരാകുമ്പോൾ ഞങ്ങളെ അനുഗ്രഹിക്കണമെന്ന് മനസുകൊണ്ട് ആഗ്രഹിക്കുന്നവർ മാത്രം മതിയെന്നും കരുതിയിരുന്നു. വിവാഹം നടന്ന വർഷമാണ് യുട്യൂബിൽ നിന്നും വന്ന വരുമാനം കൊണ്ട് ഞങ്ങൾക്ക് കുറച്ച് സേവിങ്ങ്സ് ഉണ്ടായത്. ഞങ്ങളുടെ ഫാമിലിയുടെ കയ്യിൽ വിവാഹത്തിനുള്ള സേവിങ്ങ്സ് ഉണ്ടായിരുന്നില്ല. ഞങ്ങളുടെ ഇഷ്ടത്തിനുള്ള പരിപാടിയായതുകൊണ്ട് അന്നത്തെ ചിലവും ഞങ്ങൾ തന്നെ വഹിച്ചു'', മൈൽസ്റ്റോൺ മേക്കേഴ്സിനു നൽകിയ അഭിമുഖത്തിൽ ജിസ്മയും വിമലും പറഞ്ഞു.