
സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറായ ഇച്ചാപ്പി ചില ടെലിവിഷൻ ഷോകളിലൂടെയും പ്രേക്ഷകർക്ക് സുപരിചിതയാണ്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. പേളി മാണി അടക്കമുള്ളവർ ശ്രീലക്ഷ്മിയെ ഫോളോ ചെയ്തും പ്രശംസിച്ചും ഒപ്പം കൂടി. ജീവിതപങ്കാളിയാകാൻ പോകുന്ന സൗരവിനെ കഴിഞ്ഞ ദിവസം ഇച്ചാപ്പി ഔദ്യോഗികമായി പരിചയപ്പെടുത്തിയിരുന്നു. ഇതിനിടെ സൗരവിനെക്കുറിച്ച് ഇച്ചാപ്പി പങ്കുവെച്ച പോസ്റ്റും ശ്രദ്ധ നേടുകയാണ്.
''പ്രിയപ്പെട്ട അപ്പൂ, എന്റെ ജീവിതത്തിലേക്ക് കടന്നുവന്നതിന് നന്ദി. കഴിഞ്ഞ വർഷം, ഈ കടൽതീരത്ത് കണ്ണീരോടെ നിന്നവളാണ് ഞാൻ. മാനസികമായി ആകെ തകർന്ന അവസ്ഥയായിരുന്നു. എന്നാൽ ഇപ്പോൾ, മാസങ്ങൾക്ക് ശേഷം, ഞാൻ നിന്നോടൊപ്പം ഇതേ സ്ഥലത്ത് നിൽക്കുന്നു. എനിക്കിപ്പോൾ എന്നത്തേക്കാളും സന്തോഷം തോന്നുന്നു. ഇരുൾ മൂടിയ സമയങ്ങളിൽ എന്നോടൊപ്പം നിന്ന ആളാണ് നീ, ഇപ്പോൾ നീ എന്റെ ഭർത്താവാകാൻ പോകുന്നു. ഞാൻ വളരെ നന്ദിയുള്ളവളാണ്. അനുഗ്രഹീതയാണ്. ശരിയായ ആളെത്തന്നെയാണ് എനിക്ക് ലഭിച്ചത്. നീ എന്റെ ആത്മമിത്രമാണ്, എന്റെ പങ്കാളിയാണ്, എന്റെ ഏറ്റവുമടുത്ത സുഹൃത്താണ്, എന്നെ പൂർണതയിൽ എത്തിക്കുന്നയാളാണ്. നീ എന്റെ ജീവിതത്തിലേക്കു വന്നതിൽ ഞാൻ വളരെ നന്ദിയുള്ളവനാണ്'', എന്നായിരുന്നു ഇച്ചാപ്പിയുടെ വാക്കുകൾ.
''നീയെന്റെ പ്രകാശവും എന്റെ സാമാധാനവുമാണ്. എന്നും എന്നിൽ പുഞ്ചിരി വിടർത്തുന്നവളുമാണ്'', എന്നാണ് ഇച്ചാപ്പിയുടെ പോസ്റ്റിനു താഴെ സൗരവ് കമന്റ് ചെയ്തിരിക്കുന്നത്. പേളി മാണി, ജുനൈസ് തുടങ്ങിയ സെലിബ്രിറ്റികളും ഇച്ചാപ്പിയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തിട്ടുണ്ട്.