മുമ്പ് 'കൂടത്തായി' സീരിയലിൽ ജോളിയായി അഭിനയിച്ചപ്പോൾ പ്രേക്ഷകരിൽ നിന്ന് രോഷം നേരിടേണ്ടി വന്നിട്ടുണ്ടെന്നും ദിവ്യ വെളിപ്പെടുത്തി.

മലയാളികൾക്ക് സുപരിചിതമായ താരമുഖമാണ് ദിവ്യ ശ്രീധറിന്റേത്. പത്തൊ‍ൻപത് വയസ് മുതൽ സിനിമയിലും സീരിയലിലുമെല്ലാം സജീവമാണ് താരം. അടുത്തി‍ടെയാണ് സീരിയൽ താരവും ഡബ്ബിങ്ങ് ആർടിസ്റ്റുമായ ക്രിസ് വേണുഗോപാലിനെ ദിവ്യ വിവാഹം ചെയ്തത്. ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. ഫ്ലവേഴ്സ് ടിവിയിൽ സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്ന 'സുഖമോ ദേവി' എന്ന സീരിയലിലാണ് ദിവ്യ ഇപ്പോൾ അഭിനയിക്കുന്നത്. സീരിയലിൽ അഭിനയിക്കുമ്പോൾ ലഭിക്കുന്ന പ്രതികരണങ്ങളെക്കുറിച്ചാണ് പുതിയ അഭിമുഖത്തിൽ ദിവ്യ മനസു തുറക്കുന്നത്.

''സുഖമോ ദേവിയിൽ തന്നെ ചില സീനുകളിൽ അഭിനയിച്ച് കഴിഞ്ഞപ്പോൾ സംവിധായകൻ എഴുന്നേറ്റ് നിന്ന് കയ്യടിച്ചിരുന്നു. അതെല്ലാം അത് ഒരു അംഗീകാരമായും പുരസ്കാരമായും കാണുന്നു. സീരിയൽ കണ്ടശേഷം ആളുകൾ എന്നെ ദിവ്യ എന്നല്ല ചന്ദ്രമതി എന്നാണ് വിളിക്കുന്നത്. പലരും അവരുടെ കുടുംബത്തിലെ അംഗത്തെപ്പോലെയാണ് കാണുന്നത്. ഗ്ലിസറിൻ പോലും ഉപയോഗിക്കാതെയാണ് സീരിയലിൽ കരയുന്നത്. സ്വന്തം ജീവിതാനുഭവം പോലെ സീനിനെ ഉൾക്കൊണ്ട് അഭിനയിക്കുന്നതാണ് എന്റെ രീതി. ചിലപ്പോഴൊക്കെ ജീവിതത്തിൽ ഞാൻ ചന്ദ്രമതിയാകും ചിലപ്പോൾ ദിവ്യയാകും'', ദിവ്യ അഭിമുഖത്തിൽ പറഞ്ഞു.

സുഖമോ ദേവി സീരിയലിന് മുമ്പ് 'കൂടത്തായി' എന്ന സീരിയലിൽ കൂടത്തായി കേസിലെ പ്രതി ജോളിയായും ദിവ്യ അഭിനയിച്ചിരുന്നു. ഇതേക്കുറിച്ചും ദിവ്യ അഭിമുഖത്തിൽ സംസാരിച്ചു. ''കൂടത്തായി എന്നൊരു സീരിയൽ ചെയ്തിരുന്നു. ജോളിയുടെ രൂപവുമായി എന്റെ മുഖത്തിന് സാദൃശ്യമുണ്ടെന്നു പറഞ്ഞാണ് ആ സീരിയലിലേക്ക് എന്നെ വിളിച്ചത്. ജോളിയുടെ റോൾ ചെയ്തിരുന്ന സമയത്ത് പ്രേക്ഷകർ എന്നോട് രോഷം പ്രകടിപ്പിക്കുമായിരുന്നു. സീരിയൽ നന്നായി സംപ്രേഷണം ചെയ്യുന്നതിനിടെ ചില പ്രശ്നങ്ങൾ മൂലം പാതി വഴിയിൽ നിർത്തുകയായിരുന്നു'', ദിവ്യ ശ്രീധർ കൂട്ടിച്ചേർത്തു.

YouTube video player