
സോഷ്യൽ മീഡിയ ഉപയോക്താക്കൾക്ക് ഏറെ സുപരിചിതമായ മുഖമാണ് ജാസിൽ ജാസിയുടേത്. മലപ്പുറം സ്വദേശിയായ ജാസി തന്റെ സ്വത്വം തുറന്നു പറഞ്ഞതിന്റെ പേരിലും സോഷ്യൽ മീഡിയയിൽ നടത്തുന്ന പ്രതികരണങ്ങളുടെ പേരിലും വലിയ വിമർശനങ്ങൾക്ക് പാത്രമായിട്ടുണ്ട്. മലയാളം ബിഗ് ബോസ് പ്രെഡിക്ഷൻ ലിസ്റ്റുകളിൽ അടക്കം ഉൾപ്പെട്ട ജാസി ഇപ്പോൾ ആശുപത്രിയിൽ നിന്നും പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുകയാണ്. 'അവനിൽ നിന്ന് അവളിലേക്ക്' എന്ന് കുറിച്ചുകൊണ്ട് താൻ സർജറി ചെയ്ത് സ്ത്രീയായെന്ന് ജാസി പറയുന്നു.
"ഒരുപാട് സന്തോഷത്തോയാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. എന്റെ സർജറി കഴിഞ്ഞു. ഒരുപാട് സന്തോഷമുണ്ട്. ഒരുപാട് പേരെന്നെ കുറ്റപ്പെടുത്തിയിരുന്നു. പരിഹസിച്ചിരുന്നു. കളിയാക്കിയിരുന്നു. സ്ത്രീ വേഷം കെട്ടിയെ നടക്കുള്ളൂ, ജാസി ഒരിക്കലും സർജറി ചെയ്യില്ലെന്നൊക്കെ പലരും കളിയാക്കി. ഇതിലും വലിയൊരു തെളിവ് ഇനി എനിക്ക് തരാനില്ല. ഞാനൊരു സ്ത്രീയായി മാറിയതിൽ ഒരുപാട് സന്തോഷം. എന്നെ സ്നേഹിച്ചവരുണ്ട്, സഹായിച്ച നല്ല മനുഷ്യരുണ്ട്, എനിക്ക് വേണ്ടി പ്രാർത്ഥിച്ച ഒരുപാട് പേരുണ്ട്. അവരോടെല്ലാം നന്ദി പറയുകയാണ്", എന്ന് ജാസി പറയുന്നു.
"സർജറി പേടിയാണെന്ന് പല അഭിമുഖങ്ങളിലും ഞാൻ പറഞ്ഞിരുന്നു. പക്ഷേ ഈ കളിയാക്കിയവരുടെയും കുറ്റപ്പെടുത്തിയവരുടെയും നാക്കെന്ന വാളിനെക്കാൾ മൂർച്ച, ഡോക്ടർ എന്റെ ദേഹത്ത് വച്ച കത്തിക്കില്ലെന്ന് എനിക്ക് മനസിലായി. ഞാനൊരു സ്ത്രീയാണെന്ന് തെളിയിക്കാൻ ഇനി വേറൊരു തെളിവ് എന്റെ കയ്യിലില്ല. കാരണം ഞാൻ സ്ത്രീയായി മാറി കഴിഞ്ഞു. അത്രമേൽ ഞാൻ ആഗ്രഹിച്ച കാര്യമാണിത്. കണ്ണാടിയുടെ മുന്നിൽ നിൽക്കുമ്പോൾ ഞാൻ ഒരു സ്ത്രീയാണ്, അല്ലെങ്കിൽ സ്ത്രീയായി കൊണ്ടിരിക്കയാണെന്ന് എന്റെ മനസാക്ഷിക്ക് തോന്നിയ രീതിയിലുള്ള സർജറികൾ ഞാൻ ചെയ്തു. എനിക്ക് വേണ്ടി പ്രാർത്ഥിച്ചവരോട് ഒരുപാട് കടപ്പെട്ടിരിക്കും. എന്നെ കുറ്റപ്പെടുത്തിയവരോട്, നിങ്ങളായിരുന്നു എന്റെ ഊർജ്ജം. എന്റെ സ്വത്വം തിരച്ചറിഞ്ഞ് അതിലേക്ക് കടക്കാനുള്ള ഊർജ്ജം തന്നത് നിങ്ങളാണ്", എന്നും ജാസി കൂട്ടിച്ചേർത്തു. ഈ വീഡിയോയ്ക്ക് താഴേയും വലിയ വിമർശനം ഉയരുന്നുണ്ട്.