വിവാഹം കഴിച്ച് ഒരു വീട്ടമ്മയായി ജീവിക്കാനാണ് അനുമോൾ ആഗ്രഹിക്കുന്നതെന്ന് ആതിര
സ്റ്റാർ മാജിക് എന്ന ഷോയിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായി മാറിയ താരങ്ങളാണ് അനുമോളും ആതിര മാധവും. ഇരുവരുമൊന്നിച്ചു ചെയ്ത പല റീലുകളും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. അനുമോൾ ബിഗ്ബോസിൽ മൽസരിച്ചപ്പോഴും വലിയ പിന്തുണയുമായി ആതിര പുറത്തുണ്ടായിരുന്നു. ഇപ്പോഴിതാ അനുമോളെക്കുറിച്ചുള്ള ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തിന് ആതിര പറഞ്ഞ മറുപടിയും ശ്രദ്ധിക്കപ്പെടുകയാണ്.
''അനുമോൾ ചെറിയൊരു കുലസ്ത്രീയാണ്. അനുവിന്റെ ചിന്താരീതികളിലൊക്കെ എനിക്കത് പലപ്പോഴും തോന്നിയിട്ടുണ്ട്. കല്യാണം കഴിച്ച്, താലിമാലയൊക്കെ ഇട്ട്, ഭർത്താവിന്റെ കൂടെ ഒരു വീട്ടമ്മയായി ജീവിക്കണം എന്നൊക്കെ ആഗ്രഹിക്കുന്നയാളാണ് അനുമോൾ'', എന്നാണ് ആതിര പറഞ്ഞത്. തുടർന്ന് ഇക്കാര്യത്തോട് അനുവും പ്രതികരിച്ചു. ''നമുക്ക് ഒരു ജീവിതമല്ലേ ഉള്ളൂ. ജീവിതകാലം മുഴുവൻ ഒറ്റയ്ക്ക് ജീവിക്കാൻ പറ്റില്ല. അച്ഛനുമമ്മയും ജീവിതകാലം മുഴുവൻ നമുക്കൊപ്പം ഉണ്ടാകുമോ എന്നറിയില്ല. അതുകൊണ്ട് നമ്മുടെ കൂടെ ഒരു പാർട്ണർ വേണം. അതെന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. പിന്നെ എനിക്ക് തലമുറകൾ വേണം. എന്റെ കാലം കഴിഞ്ഞാലും അനുമോൾ എന്റെ അമ്മയാണെന്നു പറയാൻ എനിക്ക് തലമുറകൾ വേണം. അതൊക്കെ ആഗ്രഹിക്കുന്ന വ്യക്തിയാണ് ഞാൻ. അതുകൊണ്ടാണ് ഇവൾ ഇങ്ങനെയൊക്കെ പറയുന്നത്'', എന്നായിരുന്നു അനുമോളുടെ മറുപടി.
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളിലൊരാളാണ് അനുമോള്‍. ടെലിവിഷന്‍ പരമ്പരകളിലൂടെയാണ് അനുമോള്‍ ശ്രദ്ധിക്കപ്പെടുന്നത്. താരം സ്റ്റാര്‍ മാജിക് എന്ന ടെലിവിഷൻ ഷോയിലൂടെയും ബിഗ്ബോസിലൂടെയും പ്രശസ്തയായി. അനുക്കുട്ടി എന്നാണ് ആരാധകര്‍ സ്‌നേഹത്തോടെ അനുമോളെ വിളിക്കുന്നത്. കുടുംബവിളക്ക് എന്ന ഏഷ്യാനെറ്റ് പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ആതിര മാധവ്. കുഞ്ഞ് പിറന്നതിന് ശേഷം ഭര്‍ത്താവിനൊപ്പം ബെംഗളൂരിവിലേക്ക് താമസം മാറിയിരുന്നെങ്കിലും പിന്നീട് കേരളത്തിലേക്ക് തിരിച്ചെത്തി മിനിസ്ക്രീനിൽ വീണ്ടും സജീവസാന്നിധ്യമാകുകയായിരുന്നു ആതിര. അടുത്തിടെ ഗീതാഗോവിന്ദം എന്ന സീരിയലിലൂടെ സീരിയൽ രംഗത്തേക്ക് താരം തിരിച്ചുവരവും നടത്തിയിരുന്നു.

