
മലയാളികൾക്ക് സുപരിചിതയായ അവതാരകയാണ് ജുവൽ മേരി. ഇപ്പോഴിതാ തന്റെ കാൻസർ അതിജീവന യാത്രയെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. 2023 ൽ തനിക്ക് തൈറോയ്ഡ് കാൻസർ സ്ഥിരീകരിച്ചുവെന്നും ശസ്ത്രക്രിയയ്ക്കും ചികിത്സകൾക്കുമെല്ലാം ഒടുവിൽ താൻ രോഗത്തെ അതിജീവിച്ചുവെന്നുമാണ് ധന്യ വർമ്മയ്ക്ക് നൽകിയ അഭിമുഖത്തിൽ ജുവൽ പറഞ്ഞത്. കഴിഞ്ഞ വർഷം താൻ വിവാഹമോചിതയായെന്നും ജുവൽ വെളിപ്പെടുത്തി.
''എന്റെ ഡിവോഴ്സ് കഴിഞ്ഞിട്ട് ഇപ്പോൾ ഒരു വർഷം ആയതേ ഉള്ളൂ. 2021 മുതൽ ഞങ്ങൾ പിരിഞ്ഞു ജീവിക്കുകയായിരുന്നു. മൂന്നു നാലു വർഷം എടുത്താണ് എനിക്ക് ഡിവോഴ്സ് കിട്ടിയത്. മ്യൂച്വല്‍ ആണെങ്കില്‍ ആറ് മാസത്തില്‍ കിട്ടും. മ്യൂച്വല്‍ ഡിവോഴ്സ് കിട്ടാന്‍ ഞാന്‍ കുറേക്കാലം നടന്നു. പക്ഷേ കിട്ടിയില്ല. ഒടുവില്‍ കഷ്ടപ്പെട്ട് വാങ്ങിച്ചെടുത്ത വിവാഹമോചനമാണ്. ഞാന്‍ പൊരുതി വിജയിച്ചതാണ്.'', ജുവൽ മേരി അഭിമുഖത്തിൽ പറഞ്ഞു.
പതിയെ തനിക്കു വേണ്ടി ജീവിക്കാൻ തുടങ്ങിയപ്പോഴാണ് കാൻസറിന്റെ രൂപത്തിൽ അടുത്ത പരീക്ഷണം എത്തിയതെന്നും ജുവൽ പറയുന്നു. ''ഏഴ് വര്‍ഷമായി തൈറോയ്ഡിന്റെ പ്രശ്നമുണ്ടായിരുന്നു. റെഗുലര്‍ ചെക്കപ്പിനായി ഒരു ദിവസം പോയതാണ്. ചുമയ്ക്കുമ്പോള്‍ കഫം കുറച്ചധികം വരുമായിരുന്നു. തൊണ്ട എപ്പോഴും ക്ലിയര്‍ ചെയ്തു കൊണ്ടിരിക്കും. അവതാരക ആയതിനാല്‍ ശബ്ദം എപ്പോഴും ഉപയോഗിക്കണമല്ലോ. അതിന്റെ പ്രശ്‌നമാകും എന്ന് കരുതി. ഒന്ന് സ്‌കാന്‍ ചെയ്തു നോക്കാം എന്ന് ഡോക്ടര്‍ പറഞ്ഞു. സ്കാൻ കഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു നമുക്കൊരു ബയോപ്സി കൂടി എടുത്തു നോക്കാമെന്ന്. അത് കേട്ടപ്പോഴേക്കും ഞാൻ ഉറഞ്ഞുപോയി. ബയോപ്സി ഒന്നും വേണ്ടെന്ന് ഞാൻ പറഞ്ഞു. ബയോപ്സി ചെയ്യണം.. ചെറിയ പ്രശ്നം ഉള്ളതുപോലെ തോന്നുന്നു എന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞു.
കാന്‍സര്‍ ആകാന്‍ സാധ്യതയുണ്ടെന്ന സൂചന ഡോക്ടർ തന്നിരുന്നു. ബയോപ്സിയുടെ റിസള്‍ട്ട് വരാന്‍ 15 ദിവസം കഴിയും. ആ സമയം ജീവിതം നിലച്ചുപോയ അവസ്ഥയിൽ ആയിരുന്നു. പക്ഷേ, വീട്ടുകാരെ അതൊന്നും അറിയിച്ചിരുന്നില്ല. കാൻസർ കണ്ടുപിടിച്ച രണ്ടു ദിവസം ഞാൻ ജീവിച്ചിട്ടില്ല. എല്ലാം നിലച്ചുപോയതുപോലെ. ഉള്ളിൽ ഞാൻ മരിച്ചുകഴിഞ്ഞിരുന്നു. മൂന്നാമത്തെ ദിവസം ഞാൻ ആലോചിച്ചു, ഞാൻ ഇന്ന് മരിച്ചിട്ടില്ല, മരിക്കുമ്പോൾ മരിച്ചാൽ മതി, അതുവരെ ജീവിക്കണം. പിന്നെ ഒരു വാശിയായിരുന്നു.
രണ്ടാമത്തെ റിസള്‍ട്ട് വന്നപ്പോള്‍ പണി കിട്ടിയെന്ന് മനസിലായി. അന്ന് ഡോ. ഗംഗാധരന്‍ സാറിന്റെ ഭാര്യ ചിത്ര മാമിനെ വിളിച്ചിട്ട് ഞാന്‍ ഇക്കാര്യം പറഞ്ഞു. അങ്ങനെ ലേക് ഷോറിലായിരുന്നു ചികിൽസ. അവിടെ വെച്ച് സര്‍ജറി ചെയ്തു. ഏഴ് മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന സര്‍ജറിയായിരുന്നു. സര്‍ജറിയ്ക്ക് ശേഷം ശബ്ദം മുഴുവന്‍ പോയി. ആറു മാസത്തോളം ഫിസിയോ തെറാപ്പി ഉണ്ടായിരുന്നു.
ആറ് മാസത്തിന് ശേഷം അടുത്ത ചെക്കപ്പിന് പോയി. സ്‌കൂളില്‍ നിന്ന് റിപ്പോര്‍ട്ട് കാര്‍ഡ് എടുത്ത് തരുന്നതുപോലെ ഡോക്ടര്‍ എന്റെ റിപ്പോര്‍ട്ട് എടുത്തിട്ട് 'കണ്‍ഗ്രാജുലേഷന്‍സ്, യു ആര്‍ ഫ്രീ ഓഫ് കാന്‍സര്‍' എന്ന് പറഞ്ഞു. അപ്പോള്‍ അനുഭവിച്ച സന്തോഷം പറഞ്ഞറിയിക്കാനാകില്ല. ഇനി ഓരോ ആറ് മാസം കൂടുംതോറും റിവ്യൂ ചെയ്യണം'', ജുവൽ കൂട്ടിച്ചേർത്തു.