നടൻ അപ്പാനി ശരത്തിന്‍റെ ഭാര്യ രേഷ്മയുടെ വളകാപ്പ് ചടങ്ങ് ബിഗ് ബോസ് താരങ്ങൾ ആഘോഷമാക്കി മാറ്റി.
അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരിയില്‍ അരങ്ങേറിയ താരമാണ് അപ്പാനി ശരത്. ഇന്ന് മലയാളത്തിലും തമിഴിലും സുപരിചിതനായ താരം ഇത്തവണത്തെ ബിഗ് ബോസ് മലയാളത്തിലും മാറ്റുരച്ചിരുന്നു. 35 ദിവസങ്ങൾക്കു ശേഷം അപ്പാനി എവിക്ട് ആകുകയും ചെയ്തിരുന്നു. ബിഗ്ബോസിനു ശേഷം സഹമൽസരാർത്ഥികളുമായി വളരെ അടുത്ത ബന്ധം സൂക്ഷിക്കുന്നയാൾ കൂടിയാണ് അപ്പാനി ശരത്. ശരത്തിന്റെ ഭാര്യ രേഷ്മയുടെ വളകാപ്പ് ചടങ്ങ് ആഘോഷമാക്കാനെത്തിയവരിൽ ബിഗ്ബോസ് താരങ്ങളും ഉണ്ടായിരുന്നു.
ആദില, നൂറ, ബിന്നി, സാബുമാൻ, ഒനീൽ സാബു, അക്ബർ തുടങ്ങിയ താരങ്ങളെല്ലാം വളകാപ്പ് ചടങ്ങിനായി എത്തിയിരുന്നു. കേരളാസാരി അണിഞ്ഞാണ് ആദിലയും നൂറയും ചടങ്ങിൽ പങ്കെടുക്കാൻ വന്നത്. ''എന്റെ പ്രിയപ്പെട്ട സഹോദരിമാർക്കൊപ്പം ഒരു സ്പെഷ്യൽ ഡേ'' എന്നായിരുന്നു നൂറയ്ക്കും ആദിലയ്ക്കും ഒപ്പമുള്ള ചിത്രങ്ങൾ ഷെയർ ചെയ്ത് ശരത് ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''വീണ്ടും എല്ലാവർക്കും ഒത്തുകൂടാൻ അവസരം ഒരുക്കിയതിന് നന്ദി'' എന്ന് പറഞ്ഞാണ് ഒനീൽ വളകാപ്പ് ചടങ്ങിന്റെ റീൽ പങ്കുവെച്ചത്. അക്ബറും വളകാപ്പ് ചടങ്ങിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിട്ടുണ്ട്. അപ്പാനിയുമൊത്തുള്ള രസകരമായ വിഡിയോയാണ് അക്ബർ പങ്കുവെച്ചത്.
കാലടി ശങ്കരാചാര്യ സംസ്‍കൃത സര്‍വകലാശാലയില്‍ അവതരിപ്പിച്ച സൈക്കിളിസ്റ്റ് എന്ന നാടകം ഹിറ്റായതാണ് ശരത്തിന്റെ കലാജീവിതത്തിൽ വഴിത്തിരിവായത്. തുടര്‍ന്ന് കാലടി സര്‍വകലാശാലയില്‍ നാടകത്തില്‍ ബിരുദാനന്തര ബിരുദത്തിന് ചേര്‍ന്നു. പിജി പഠിക്കുന്നതിനിടെ പങ്കെടുത്ത ഒരു ഓഡിഷനിലൂടെയാണ് ശരത്തിന് സിനിമയിലേക്കുള്ള വഴി തെളിയുന്നത്. ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത അങ്കമാലി ഡയറീസിലെ അപ്പാനി രവി എന്ന കഥാപാത്രമാണ് വെള്ളിത്തിരയിലെ അരങ്ങേറ്റ വേഷം. കഥാപാത്രത്തിന്റെ പേര് സ്വന്തമായി സ്വീകരിച്ച് പിന്നീട് അപ്പാനി ശരത് എന്ന പേരിലാണ് താരം അറിയപ്പെടുന്നത്.



