
ടെലിവിഷൻ സീരിയലുകളിലൂടെ മലയാളികൾക്ക് സുപരിചിതരായ താരങ്ങളാണ് ജിഷിൻ മോഹനും അമേയ നായരും. നടി വരദയുമായി വേർപിരിഞ്ഞ ശേഷമാണ് ജിഷിന്റെ ജീവിതത്തിലേക്ക് അമേയ എത്തുന്നത്. ലഹരിക്ക് അടിമപ്പെട്ട താൻ ജീവിതം വളരെ മോശമായ രീതിയിൽ മുന്നോട്ട് കൊണ്ടുപോവുകയായിരുന്നുവെന്നും അമേയ വന്നശേഷമാണ് ദുശ്ശീലങ്ങൾ മാറിയതെന്നും ജിഷിൻ തുറന്ന് പറഞ്ഞിട്ടുണ്ട്. തങ്ങൾ എൻഗേജ്ഡ് ആയി എന്ന വിവരം കഴിഞ്ഞ പ്രണയദിനത്തിൽ ഇരുവരും ഔദ്യോഗികമായി അറിയിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ അമേയയ്ക്കൊപ്പം ജിഷിൻ പങ്കുവെച്ച പുതിയ പോസ്റ്റും ശ്രദ്ധിക്കപ്പെടുകയാണ്.
''ഒരു കാലത്ത് ഞാൻ തളർന്നുപോയ നിമിഷങ്ങളിൽ കൈപിടിച്ച് ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് നീയായിരുന്നു… ഇന്ന് നീ വീഴാതിരിക്കാനായി ആ കൈ ഞാൻ ഒരിക്കലും വിടാതെ പിടിച്ചിരിക്കുന്നു. ചേർത്ത് നിർത്തിയ ഈ നിമിഷങ്ങളിൽ ലോകം മുഴുവൻ നിശബ്ദമായാലും, നമ്മുടെ ഹൃദയങ്ങൾ തമ്മിൽ സംസാരിച്ചുകൊണ്ടിരിക്കുന്നു. നിന്റെ ചിരിയിലാണ് എന്റെ ശാന്തിയും, നിന്റെ സ്പർശത്തിലാണ് എന്റെ ധൈര്യവും. അതുകൊണ്ടാണ് നിന്നെ ഇങ്ങനെ ചേർത്ത് പിടിക്കുമ്പോൾ എനിക്ക് ജീവിതം മുഴുവൻ സുരക്ഷിതമായി തോന്നുന്നത്. ഈ കൈപ്പിടി പ്രണയത്തിന്റെ മാത്രം അടയാളമല്ല… ഞാൻ ജീവിക്കാൻ പഠിച്ച കാരണമാണ്'', അമേയയ്ക്കൊപ്പമുള്ള പുതിയ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ജിഷിൻ മോഹൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. നിരവധിപ്പേർ പോസ്റ്റിനു താഴെ ഇരുവരോടുമുള്ള സ്നേഹം അറിയിച്ചെത്തുന്നുണ്ട്. ''നിങ്ങളുടെ ലൈഫിനും നിങ്ങളുടെ സ്നേഹത്തിനും വളരെ യോജിച്ച ക്യാപ്ഷൻ'', എന്നാണ് ജിഷിന്റെ പോസ്റ്റിനു താഴെ ആരാധകരിലൊരാൾ കുറിച്ചിരിക്കുന്നത്.
മിനിസ്ക്രീനിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതനാണ് ജിഷിന്‍ മോഹൻ. ഇത്തവണത്തെ ബിഗ് ബോസിൽ മത്സരാർത്ഥിയായും താരം എത്തിയിരുന്നു. നിരവധി സീരീയലുകളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ നടിയാണ് അമേയയും.