ഈ കണ്ണീർ വീണ് നീറേണ്ടത് നിങ്ങളാണ്'; രേഖക്കെതിരെയുള്ള സൈബറാക്രമണത്തിൽ സരിത ബാലകൃഷ്ണൻ

Published : Feb 19, 2026, 12:01 PM IST
rekha ratheesh

Synopsis

നടി രേഖ രതീഷിനെതിരായ സൈബർ ആക്രമണങ്ങളെ സരിത ബാലകൃഷ്ണൻ അപലപിച്ചു. യൂട്യൂബർമാർ വ്യാജവാർത്തകൾ നൽകി ഒരു അമ്മയെയും കലാകാരിയെയും തകർക്കുകയാണെന്ന് അവർ ആരോപിച്ചു. രേഖയുടെ സ്വകാര്യതയെ മാനിക്കണമെന്നും സരിത ആവശ്യപ്പെട്ടു.

ടി രേഖ രതീഷിനെതിരെ സോഷ്യൽ മീഡിയയിൽ നടക്കുന്ന സൈബറാക്രമണങ്ങൾക്കെതിരെ പ്രതികരിച്ച് സരിത ബാലകൃഷ്ണൻ. സ്വന്തം മനോരോഗത്തിനനുസരിച്ച് ക്യാപ്‌ഷൻ ഇട്ട് വിറ്റാലേ യുട്യൂബർമാർക്ക് അരി മേടിക്കാൻ പറ്റൂവെന്നും ഇത്തരം വാർത്തകൾ ആവേശത്തോടെ ക്ലിക്ക് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്യുന്ന നമ്മൾ ഓരോരുത്തരുമാണ് യഥാർത്ഥ പ്രതികളെന്നും സരിത പറയുന്നു.

സരിത ബാലകൃഷ്ണന്റെ വാക്കുകൾ ഇങ്ങനെ

കണ്ണീരല്ല, ഇത് ഒരു അമ്മയുടെയും കലാകാരിയുടെയും അതിജീവനത്തിനായുള്ള നിലവിളിയാണ്. സ്ക്രീനിൽ നമ്മൾ കണ്ടുശീലിച്ച രേഖ രതീഷ് എന്ന നടിയുടെ എനിക്കറിയാവുന്ന എന്റെ സഹപ്രവർത്തകയുടെ മുഖമായിരുന്നില്ല ഇന്ന് ആ വീഡിയോയിൽ കണ്ടത്. നിസഹായയായ, തകർന്നുപോയ ഒരു സ്ത്രീയുടെ, ഭയന്നുവിറയ്ക്കുന്ന ഒരു അമ്മയുടെ മുഖമായിരുന്നു അത്. "എന്നെ ജീവിക്കാൻ അനുവദിക്കണം" എന്ന് അവർ കൈകൂപ്പി അപേക്ഷിക്കുമ്പോൾ, അത് കണ്ടുനിൽക്കാൻ മനസാക്ഷിയുള്ള ആർക്കും കഴിയില്ല.

പക്ഷേ, ചിലർ പ്രതീക്ഷിച്ചത് ഇതല്ലല്ലേ? എന്ത് ബോറാണ്, അല്ലേ? ഒരു നല്ല, ചൂടുള്ള 'ബ്രേക്കിംഗ് ന്യൂസ്' അല്ലേ ആഗ്രഹിച്ചത്? ഇതിപ്പോ വെറും കരച്ചിൽ! യൂട്യൂബ് എന്ന 'മഹത്തായ' തൊഴിൽ മേഖലയിൽ കഷ്ടപ്പെടുന്ന പാവം 'മഞ്ഞ' പത്രക്കാരെ കുറ്റം പറയരുത്. അവർക്കും ജീവിക്കണ്ടേ? മറ്റുള്ളവരുടെ കിടപ്പുമുറിയിലേക്കും അടുക്കളയിലേക്കും ക്യാമറയും കൊണ്ട് ഒളിഞ്ഞുനോക്കി, അവിടെ കാണുന്ന കാര്യങ്ങൾക്ക് സ്വന്തം മനോരോഗത്തിനനുസരിച്ച് ക്യാപ്‌ഷൻ ഇട്ട് വിറ്റാലേ അവർക്ക് അരി മേടിക്കാൻ പറ്റൂ. ഒരു സ്ത്രീയുടെ കണ്ണീരിന് മാർക്കറ്റിൽ നല്ല വിലയാണെന്ന് കരുതി, അവരുടെ സ്വകാര്യത വിറ്റ് കാശാക്കുന്നതിനെ 'മാധ്യമധർമ്മം' എന്ന് വിളിക്കുന്നത് അശ്ലീലമാണ്. ഏറ്റവും നോവിച്ചത് ആ അമ്മയുടെ വാക്കുകളാണ്: "എന്റെ മകൻ പത്താം ക്ലാസ്സിലാണ്". സ്വന്തം അമ്മയെക്കുറിച്ച് നാട്ടുകാർ മുഴുവൻ ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കുമ്പോൾ ആ കൗമാരക്കാരൻ അനുഭവിക്കുന്ന മാനസിക സംഘർഷം നമ്മൾ ചിന്തിച്ചിട്ടുണ്ടോ? തൊഴിൽ ചെയ്ത് ജീവിക്കാനുള്ള അവകാശം പോലും നിഷേധിച്ച് ഒരു സ്ത്രീയെ വീടിനുള്ളിൽ തളച്ചിടാൻ ആരാണ് ഈ 'സൈബർ ഗുണ്ടകൾക്ക്' അധികാരം നൽകിയത്?ഇവിടെ കുറ്റം ഈ മഞ്ഞപ്പത്രക്കാരുടേത് മാത്രമല്ല. ഇത്തരം വാർത്തകൾ ആവേശത്തോടെ ക്ലിക്ക് ചെയ്യുന്ന, ഷെയർ ചെയ്യുന്ന നമ്മൾ ഓരോരുത്തരുമാണ് യഥാർത്ഥ പ്രതികൾ. നമ്മുടെ ഈ വിരൽത്തുമ്പിലെ ചോരക്കറ നമ്മളുടേത് കൂടിയാണ്.

സോഷ്യൽ മീഡിയ ഒരു കോടതിയും, അവിടുള്ളവർ ജഡ്ജിമാരുമാകുന്ന കാലമാണിത്. തെളിവുകളില്ല, വിചാരണയില്ല. ഇഷ്ടമില്ലാത്തവരെ, പ്രത്യേകിച്ച് സ്ത്രീകളെ, "മോശക്കാരി" എന്ന് മുദ്രകുത്താൻ ഒരു നിമിഷം മതി. ഒരാളുടെ വസ്ത്രധാരണത്തെയോ, വ്യക്തിപരമായ തീരുമാനങ്ങളെയോ വളച്ചൊടിച്ച് ആഘോഷിക്കുമ്പോൾ, അവിടെ തകരുന്നത് ഒരു മനുഷ്യന്റെ ജീവിതമാണ്. രേഖ, നിങ്ങൾ തളരരുത്. ഈ കണ്ണീർ വീണ് നീറേണ്ടത് അന്നം മുട്ടിക്കുന്ന രീതിയിൽ വാർത്തകൾ ചമയ്ക്കുന്നവരുടെ മനസാക്ഷിയാണ്. നിങ്ങൾ തോറ്റാൽ ജയിക്കുന്നത് അശ്ലീല തലക്കെട്ടുകൾ നൽകി കാശുണ്ടാക്കുന്ന ആ സംസ്കാരശൂന്യരാണ്.

സ്ത്രീസുരക്ഷയ്ക്ക് എന്നും മുൻഗണന നൽകുന്ന മുഖ്യമന്ത്രി പിണറായി വിജയൻ ഈ വിഷയത്തിൽ അതിവേഗം ഇടപെടുമെന്നും, ഈ സൈബർ ആക്രമണങ്ങൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും കരുതുന്നു. സർക്കാരിന്റെ ഭാഗത്തുനിന്നുള്ള ശക്തമായ നീക്കങ്ങൾ ഇക്കൂട്ടർക്കുള്ള കൃത്യമായ മറുപടിയാകും. സ്വന്തം അമ്മയോ പെങ്ങളോ കരയുമ്പോൾ മാത്രം നെഞ്ചുപൊട്ടുകയും, അന്യന്റെ വീട്ടിലെ സ്ത്രീ കരയുമ്പോൾ പോപ്പ്‌കോൺ തിന്ന് ആസ്വദിക്കുകയും ചെയ്യുന്ന എല്ലാ 'ഓൺലൈൻ മാന്യന്മാർക്കും' ഈ കുറിപ്പ് സമർപ്പിക്കുന്നു.

PREV
Read more Articles on
click me!

Recommended Stories

ലക്ഷ്‍മി നക്ഷത്രയുമായുള്ള സൗഹൃദം അവസാനിച്ചോ? മറുപടിയുമായി രേണു സുധി
പ്രണയാതുരരായി ജിഷിനും അമേയയും; 'പാവം വരദ'യെന്ന് കമന്റ്, കട്ടക്കലിപ്പിൽ താരങ്ങൾ, പിന്നാലെ മറുപടി