
റേഡിയോ ജോക്കി, അഭിനേതാവ്, എഴുത്തുകാരൻ തുടങ്ങി നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് ജോസഫ് അന്നംകുട്ടി ജോസ്. തൻറെ നിലപാടുകൾ വീഡിയോകളിലൂടെയും പ്രസംഗങ്ങളിലൂടെയും തുറന്നുപറഞ്ഞിട്ടുള്ള ജോസഫിനെ അറിയാത്ത മലയാളികൾ വിരളമാണ്. നിരവധി വേദികളിൽ മോട്ടിവേഷണല്‍ സ്പീക്കറായും എത്തിയിട്ടുള്ള താരത്തിന്റെ വാക്കുകൾ പലപ്പോഴും വൈറലായിട്ടുണ്ട്. അടുത്തിടെയായിരുന്നു ജോസഫിന്റെ വിവാഹം. അന്നയാണ് വധു. വളരെ ലളിതമായൊരു വിവാഹം ആയിരുന്നു അന്നയുടേയും ജോസഫിന്റേയും. ജീവിതത്തിലെ ഏറ്റവും ലളിതമായ ചടങ്ങായിരുന്നു വിവാഹം എന്നാണ് വിവാഹവിവരം അറിയിച്ചുകൊണ്ടുള്ള കുറിപ്പിൽ ജോസഫ് പറഞ്ഞത്. ഇപ്പോഴിതാ അന്നയെ കണ്ടുമുട്ടിയ കഥ പങ്കുവെച്ചിരിക്കുകയാണ് ജോസഫ്.
''ഞാൻ അന്നയെ കാണുന്നത് മാട്രിമോണി വഴിയാണ്. ഒരിയ്ക്കലും മാട്രിമോണി വഴി വിവാഹം കഴിക്കില്ലെന്ന് പ്രതിജ്ഞ എടുത്ത ഒരാൾ ആണ് ഞാൻ. പക്ഷേ അത് തെറ്റിക്കേണ്ടി വന്നു. അന്നയുടെ അമ്മയാണ് എനിക്ക് റിക്വസ്റ്റ് അയക്കുന്നത്. പിന്നെ ഞങ്ങൾ സംസാരിച്ചു തുടങ്ങി. എല്ലാ കോളും ഒരു മണിക്കൂർ വരെയൊക്കെ പോകുന്നു. സമയം പോകുന്നത് അറിയുന്നതേയില്ല. അങ്ങനെ സംസാരിച്ച് വിവാഹം വരെയെത്തി'', ജോസഫ് വീഡിയോയിൽ പറഞ്ഞു.
''ഞങ്ങളുടെ വിവാഹ ദിവസത്തിലെ ചെറിയ ഓർമ്മകൾ മാത്രമാണ് ഈ വിഡിയോ, ആഘോഷങ്ങൾക്ക് പകരം ഉള്ളുതുറന്ന സംസാരങ്ങളായിരുന്നു, അലങ്കാരങ്ങൾക്ക് പകരം നിശബ്ദമായ പ്രാർത്ഥനകളായിരുന്നു. അടുത്തുള്ള ആൾക്കൂട്ടത്തിന് പകരം അകലെ നിന്ന് ആശംസകൾ അറിയിച്ച പ്രിയപ്പെട്ടവരുടെ സ്നേഹമായിരുന്നു. എന്തിന് ഇങ്ങനെയൊക്കെ എന്ന് ചോദിച്ചാൽ ഉത്തരം ലളിതമാണ്... ഞങ്ങൾ വേണ്ടായെന്ന് വച്ച ആഘോഷങ്ങൾക്ക് പകരം എവിടെയോ, ആർക്കോ അവരുടെ പുതിയ സന്തോഷത്തിന്റെ തറക്കല്ല് വീണിട്ടുണ്ട്'', എന്നാണ് വീഡിയോയ്ക്കൊപ്പം ജോസഫ് ക്യാപ്ഷനായി കുറിച്ചത്.