
സ്റ്റേജ് ഷോകളിലും സിനിമയിലും ഒന്നിച്ച് അഭിനയിച്ച്, ഒടുവിൽ ജീവിതത്തിലും ഒന്നായവരാണ് നവാസും രഹ്നയും. ഒരു വർഷം മുൻപാണ് ഹൃദായാഘാതത്തെത്തുടർന്ന് നവാസ് മരണപ്പെടുന്നത്. നവാസിനെക്കുറിച്ച് സംസാരിക്കുമ്പോഴെല്ലാം പലരും ഓർക്കുന്നൊരു മുഖമാണ് രഹ്നയുടേതും. നവാസിന്റെ മരണശേഷം താൻ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയതിനെക്കുറിച്ചാണ് രഹ്നയുടെ പുതിയ പോസ്റ്റ്. ഉള്ളിലെ വേദനകൾ മറച്ചുവെച്ച് അഭിനയിക്കുക ബുദ്ധിമുട്ടാണെങ്കിലും മക്കൾക്കു വേണ്ടി അതും ചെയ്യുകയാണെന്ന് രഹ്ന പറയുന്നു. 'ഹാപ്പി ലൂപ്പ്' എന്ന ചിത്രത്തിലാണ് രഹ്ന അഭിനയിക്കുന്നത്.
''ഉള്ളിലെ കത്തുന്ന തീ അടക്കി വെച്ച് പുറത്ത് ചിരിക്കാൻ ഞാനും പഠിച്ചു തുടങ്ങി. ഉള്ളിലെ ബുദ്ധിമുട്ടുകൾ മറച്ചു വച്ച് പെർഫോം ചെയ്യുക ബുദ്ധിമുട്ടാണ്. പക്ഷേ, എന്റെ മക്കൾക്ക് വേണ്ടി അതും പരിശീലിച്ചു. സംയുക്ത വർമ്മ വഴി മഞ്ജു ചേച്ചിയാണ് എനിക്ക് ഈ ക്യാരക്ടർ തന്നത്. എനിക്ക് ജോലി ചെയ്യാനുള്ള ശക്തിയില്ല എന്ന് ഞാൻ സംയുക്തയോടും മഞ്ജു ചേച്ചിയോടും സംവിധായകൻ ആനന്ദ് മേനോനോടും പറഞ്ഞിരുന്നു. പക്ഷേ, അവർ എല്ലാവരും വളരെയധികം എന്നെ സപ്പോർട്ട് ചെയ്തു. ഈ കഥാപാത്രം ചെയ്യാൻ എന്നെ സഹായിച്ച സംയുക്തയോടും മഞ്ജു ചേച്ചിയോടും ആനന്ദ് മേനോനോടും ആഷിഖ് ഐമറോടും ഞാൻ എന്റെ നന്ദി അറിയിക്കുന്നു."
“നവാസ്ക്കയുടെ ആത്മാവിന്റെ കൂടെ ഞാൻ മുന്നോട്ട് പോകുന്നു. എന്റെ അവസ്ഥ മനസിലാക്കി എന്നോട് സഹകരിച്ച സെറ്റിലെ എല്ലാ ക്രൂവിനും എന്റെ നന്ദി അറിയിക്കുന്നു'', എന്നാണ് രഹ്ന ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. നവാസിനൊപ്പമുള്ള ഫോട്ടോയാണ് പോസ്റ്റിൽ ആദ്യം ചേർത്തിരിക്കുന്നത്. ഒപ്പം ഹാപ്പി ലൂപ്പ് എന്ന ചിത്രത്തിന്റെ പോസ്റ്റും രഹ്ന പങ്കുവെച്ചിട്ടുണ്ട്.”