
കൊല്ലം സുധിയുടെ മക്കൾക്കായി ദാനം നൽകിയ ഭൂമിയുടെ ആധാരം റദ്ദ് ചെയ്യാൻ ബിഷപ്പ് നോബിൾ കേസ് കൊടുത്തത് കഴിഞ്ഞ ദിവസങ്ങളിൽ വലിയ ചർച്ചയായിരുന്നു. രേണു സുധി നിരന്തരമായി അപമാനിക്കുന്ന തരത്തിൽ വിഡിയോ ചെയ്തതാണ് നിയമനടപടി സ്വീകരിക്കാൻ കാരണമായതെന്നാണ് ബിഷപ്പ് അറിയിച്ചത്. തന്റെ പേരിൽ കേസായി എന്നും വളരെയധികം നന്ദിയുണ്ടെന്നും ഇതിലൊന്നും വലിച്ചിടരുതെന്ന് പണ്ടേ പറഞ്ഞിട്ടുള്ളതല്ലേയെന്നും പറഞ്ഞ് സുധിയുടെ മകൻ കിച്ചു എന്നു വിളിക്കുന്ന രാഹുൽദാസ് രംഗത്തു വരികയും ചെയ്തിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വീശദീകരണവുമായി എത്തിയിരിക്കുകയാണ് കിച്ചു.
"വലിയ സംഭവമൊന്നുമല്ല നടന്നേക്കുന്നത്. ഞങ്ങളുടെ വീടും സ്ഥലവും നഷ്ടപ്പെടണമെന്നുമില്ല. സ്ഥലം വിഷയത്തിൽ കേസ് അല്ല വക്കീൽ നോട്ടീസാണ് വന്നിരിക്കുന്നത്. ഒരാൾ പരാതിപ്പെടുമ്പോൾ കിട്ടുന്നതാണ് അത്. അല്ലാതെ എന്നെ പിടിച്ച് ജയിലിൽ ഇടില്ല. വീടും പോവില്ല. റിയാക്ഷൻ വീഡിയോ ചെയ്യുന്നവർ എന്തൊക്കെ ക്യാപ്ഷനാണ് ഇടുന്നത്. ഞാൻ ബിഷപ്പിനെ തല്ലിയെന്ന് വരെ ക്യാപ്ഷൻ കണ്ടു. ബിഷപ്പിനെതിരെ എന്തോ പറഞ്ഞതിന് സജിത എന്ന സ്ത്രീക്ക് എതിരെയാണ് കേസ് വന്നിരിക്കുന്നത്. അവർ ആരാണെന്ന് പോലും എനിക്ക് അറിയില്ല.
വക്കീൽ നോട്ടീസ് കൈപറ്റാനോ ഒപ്പിട്ട് വാങ്ങാനോ ഞാൻ പോവില്ല. എന്നെ ബാധിക്കുന്ന സംഭവമല്ല. സജിതയുടേയും രേണു അമ്മയുടേയും പേരിലാണ് നോട്ടീസ്. അവരെ പേടിപ്പിക്കാനുള്ള നോട്ടീസാണ്. അല്ലാതെ വീടും സ്ഥലവും നഷ്ടപ്പെടാൻ ഒന്നും പോകുന്നില്ല. അമ്മ ബിഷപ്പിനെ വിഷപാമ്പ് എന്ന് വിളിച്ചെന്ന് അറിഞ്ഞു. എനിക്ക് എന്റെ കാര്യം ക്ലിയറാക്കിയാൽ മതി. അമ്മയെ തിരുത്തേണ്ട ആവശ്യമുണ്ടെന്ന് തോന്നുന്നില്ല.
വീടിന്റെ പേരിൽ എന്തെങ്കിലും ചെയ്യണമെങ്കിൽ 15 വർഷം കഴിയണം. ഞാൻ ഇതൊന്നും മൈന്റ് ചെയ്യാറില്ല. അല്ലാതെ നട്ടെല്ലിന്റെ കുറവ് ഉള്ളതുകൊണ്ടല്ല. നട്ടെല്ല് ഉള്ളതുകൊണ്ടാണ് ഇത്തരം കാര്യങ്ങളിൽ ഇടപെടാതെ പോകുന്നത്. ഭാവിയിൽ ഒരു വീട് വെക്കാൻ എന്നെക്കൊണ്ട് പറ്റും. കൈയ്ക്കും കാലിനും കുഴപ്പമില്ലാത്ത സമയം വരെ ഞാൻ നിൽക്കും. കുഞ്ഞിലെ എനിക്കുണ്ടായിരുന്നത് അച്ഛനാണ്. കൊല്ലത്തെ വീട്ടുകാരാണ് പിന്നെ എന്നെ നോക്കിയത്. വീടും സ്ഥലവും തന്നെ ആരെയും ഞാൻ തള്ളിപ്പറഞ്ഞിട്ടില്ല. ചെയ്യേണ്ട കാര്യങ്ങൾ ഞാൻ ചെയ്യുന്നുണ്ട്'', കിച്ചു വീഡിയോയിൽ പറഞ്ഞു.