
ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരമാണ് മനീഷ കെഎസ്. നടിയായും ഗായികയായുമെല്ലാം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെ തിളങ്ങിയിട്ടുള്ള മനീഷ ഒരു ഡബ്ബിംഗ് ആർടിസ്റ്റ് കൂടിയാണ്. ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന മഴ തോരും മുൻപേ എന്ന സീരിയലിലാണ് മനീഷ അഭിനയിക്കുന്നത്. പരമ്പരയിൽ ഗ്രേസമ്മ എന്ന കഥാപാത്രമായിട്ടാണ് മനീഷ എത്തുന്നത്. ഇപ്പോഴിതാ സീരിയലിനെയും തന്നെയും ഏറ്റെടുത്ത പ്രേക്ഷകരോട് നന്ദി പറഞ്ഞെത്തിയിരിക്കുകയാണ് താരം.
''സാധാരണ കണ്ടുവരാറുള്ള ക്ളീഷെ അവതരണശൈലിയിൽ നിന്നും വ്യത്യസ്തമായ രീതിയിലുള്ള ഒരു സീരിയലായതുകൊണ്ടും ജനകീയനായ എഴുത്തുകാരനായ ജോയ്സി സാറിന്റെ കഥയായതുകൊണ്ടും ഏഷ്യാനെറ്റെന്ന മഹാപ്രസ്ഥാനത്തിൽ സംപ്രേഷണം ചെയ്യുന്നതായതുകൊണ്ടുമെല്ലാം ചുരുങ്ങിയ കാലം കൊണ്ടുതന്നെ ജനഹൃദയങ്ങളേറ്റുവാങ്ങിയ ഒരു പരമ്പരയായി മാറി മഴ തോരും മുൻപേ. ഇവിടെ എടുത്തു പറയേണ്ട മറ്റു ചില പേരുകൾ കൂടിയുണ്ട്. ആദ്യം ഇതിന്റെ ഡയറക്ടർ ബിനു വെള്ളത്തൂവൽ. അദ്ദേഹത്തിന് എടുക്കേണ്ട സീനുകളെ പറ്റി വ്യക്തമായ ഒരു ചിത്രമുണ്ട്. ക്യാമറയിൽ പതിയുന്നതിനുമുന്നെ മനസ്സി പതിയുന്നത് കൃത്യമായി അവതരിപ്പിച്ചു കാണിച്ചുതരനാനുള്ള കഴിവ് അപാരമാണ്. അഭിനേതാക്കൾക്ക് ആ കഥാത്രത്തെ തിരിച്ചറിയാൻ, ഉൾക്കൊള്ളാൻ അദ്ദേഹത്തിന്റെ വിവരണം കൊണ്ട് പെട്ടെന്ന് സാധ്യമാകും.
ഈ സീരിയലിൽ അദ്ദേഹത്തിന്റെ ഏറ്റവും വലിയ ശക്തിയെന്നു പറയുന്നത് ക്യാമറ കൈകാര്യം ചെയ്യുന്ന ഗസൽ ആയിരിക്കും. സീരിയലിലെ വിഷ്വൽ ഭംഗിയും എഫക്ടുമെല്ലാം ഗസലിന്റെ മികവുറ്റ ക്യാമറ സ്കില്ലില്‍ തെളിഞ്ഞതുതന്നെ. ഇരുവരുടെയും പിന്നിൽ അണിനിരന്ന ഓരോരുത്തരുടെയും ആകെത്തുകയാണീ പ്രൊജക്ടിനെ ഇത്രയും മനോഹരമാക്കിയത്. പിന്നെ ഈ പ്രൊജക്ട് നടത്തിയെടുത്ത പ്രിയപ്പെട്ട നിർമാതാക്കൾ മനു ജോയ്സിയും ജെറിയും… ഇതിലെ ഗ്രേസമ്മ എന്ന മികച്ച കഥാപാത്രത്തെ ആദ്യം സജസ്റ്റ് ചെയ്തത് എന്റെ പ്രിയ സുഹൃത്ത് ജെറിയാണ്. ഞാനീ കഥാപാത്രത്തിന് ചേരുമെന്ന് തീരുമാനിച്ച ജോയ്സി സാറിനും ഏഷ്യാനെറ്റ് സീരിയൽ ഹെഡ് കലവൂർ രവികുമാർ സാറിനും പ്രത്യേകം പ്രത്യകം നന്ദി.
എല്ലാറ്റിലുമുപരി എന്റെ പ്രിയ ചങ്ക് നടനും ആക്ടേഴ്സ് കോഡിനേറ്ററും ആയ ഭാസ്കറിനോടാണ്. ഏതൊരു പുതിയ പ്രൊജക്റ്റ് വന്നാലും എന്നെ സജസ്റ്റ് ചെയ്യുന്ന ഒരാളാണ് ഭാസ്കർ. ഒരാസാധ്യ കലാകാരനാണ് ഭാസ്കർ. ഗ്രേസമ്മയെ ഇത്രകണ്ട് നെഞ്ചിലേറ്റിയ ഓരോ പ്രിയപ്പെട്ടവരോടും എന്റെ ഉള്ളിന്റെ ഉള്ളിൽ നിന്നുമുള്ള നന്ദിയും സ്നേഹവും'', കെഎസ് മനീഷ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.