യുട്യൂബ് ചാനലായ മല്ലു ഫാമിലിയിലൂടെ പ്രശസ്തരായ സുജിന്‍ കൃഷ്ണയും നിദ സതീശനും വിവാഹമോചിതരാകുന്നു

മല്ലു ഫാമിലി എന്ന യുട്യൂബ് ചാനലിലൂടെ മലയാളികള്‍ക്ക് സുപരിചിതരായ ദമ്പതികള്‍ സുജിന്‍ കൃഷ്ണയും നിദ സതീശനും വേര്‍പിരിയുന്നു. സോഷ്യല്‍ മീഡിയയിലൂടെ ഇവര്‍ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ഏറെ ആലോചിച്ചെടുത്ത തീരുമാനമാണെന്നും തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും പുറത്തിറക്കിയ കുറിപ്പില്‍ ഇരുവരും അഭ്യര്‍ഥിച്ചു. ഇന്‍സ്റ്റഗ്രാമിലൂടെയാണ് രണ്ടുപേരും വിവാഹമോചനക്കാര്യം അറിയിച്ചിരിക്കുന്നത്. ഇതിന്‍റെ പേരില്‍ നെഗറ്റീവ് കമന്‍റുകളോ ട്രോള്‍ വീഡിയോകളോ പാടില്ലെന്നും ഇരുവരും അഭ്യര്‍ഥിച്ചിട്ടുണ്ട്.

Add Asianetnews as a Preferred SourcegooglePreferred

സുജിന്‍ കൃഷ്ണയുടെ കുറിപ്പ്

പ്രിയ സുഹൃത്തുക്കളെ, എനിക്ക് നിങ്ങളോട് വ്യക്തിപരമായ ഒരു കാര്യം പങ്കുവയ്ക്കണം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞാനും എന്റെ ഭാര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്, ഞങ്ങളുടെ വിവാഹം അവസാനിക്കാൻ പോകുന്നു. ഇത് ഞങ്ങൾ രണ്ടുപേർക്കും വളരെ സ്വകാര്യവും വൈകാരികവുമായ ഒരു സമയമായിരുന്നു. ശ്രദ്ധാപൂർവ്വം ചിന്തിച്ചും പരസ്പര ബഹുമാനത്തോടെയും ഞങ്ങൾ ഈ തീരുമാനമെടുത്തു. ഈ കാലയളവിൽ നിങ്ങളുടെ ധാരണയും സ്വകാര്യതയും ഞാൻ ദയയോടെ അഭ്യർത്ഥിക്കുന്നു. ഈ വിഷയം ഞാൻ ഇനി ചർച്ച ചെയ്യുന്നില്ല. ഇതുമായി ബന്ധപ്പെട്ട വീഡിയോകളോ പോസ്റ്റുകളോ ഇനി ഉണ്ടാകില്ല. ഇതുമായി ബന്ധപ്പെട്ട പോസ്റ്റുകളും അഭിപ്രായങ്ങളും നിങ്ങൾ പങ്കിടരുത്. നിങ്ങളുടെ തുടർച്ചയായ പിന്തുണയ്ക്കും ദയയ്ക്കും ബഹുമാനത്തിനും എല്ലാവർക്കും നന്ദി. ഇനി ഇതിന്റെ പേരിൽ ആരും ഒരു പ്രശ്നങ്ങളുണ്ടാക്കിയിട്ടോ നെഗറ്റീവ് കമന്റ്സുകൾ, ട്രോൾ വീഡിയോകൾ ഉണ്ടാക്കി വരരുത്. ഞങ്ങൾ ഒരുമിച്ചെടുത്ത തീരുമാനമാണ്. ഇനി ഇതിനെപ്പറ്റി പ്രതികരിക്കില്ല.

നിദ സതീശന്‍റെ കുറിപ്പ്

ഞങ്ങളുടെ ബന്ധത്തെക്കുറിച്ച് ചോദിച്ചുകൊണ്ടുള്ള നിരവധി മെസേജുകള്‍ ഞങ്ങള്‍ക്ക് കിട്ടുന്നുണ്ടായിരുന്നു. നീണ്ട കാലത്തെ നിശബ്ദതയ്ക്ക് ശേഷം ഹൃദയത്തില്‍ നിന്ന് സംസാരിക്കേണ്ട സമയമാണ് ഇതെന്ന് ഞാന്‍ കരുതുന്നു. ശരിയാണ്, കഴിഞ്ഞ ഏതാനും മാസങ്ങളായി ഞങ്ങള്‍ വേര്‍പിരിഞ്ഞാണ് കഴിയുന്നത്. ഒരുപാട് കണ്ണീരിനും ചിന്തകള്‍ക്കും ഞങ്ങളുടെ തന്നെ ഉള്ളില്‍ നിശബ്ദ യുദ്ധങ്ങള്‍ക്കും ശേഷം വിവാഹബന്ധം നിയമപരമായി വേര്‍പെടുത്താനുള്ള തീരുമാനത്തിലേക്ക് ഞങ്ങള്‍ എത്തി. ഇത് ദേഷ്യത്തോടെ എടുത്ത ഒരു തീരുമാനമല്ല. മറിച്ച് ഭാരിച്ച ഹൃദയത്തോടെ എടുത്ത ഒന്നാണ്. ഒപ്പം പരസ്പരം മനസിലാക്കിയിട്ടും. രണ്ട് മനുഷ്യരെ ചേര്‍ത്തുനിര്‍ത്താന്‍ ചിലപ്പോഴൊക്ക സ്നേഹം മതിയാകാതെ പോകുമെന്നുള്ളതും വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവ് ആയിരുന്നു. ഒരിക്കല്‍ ഒരു മനോഹരമായ കഥയുണ്ടായിരുന്നു. ചിരിയും സ്വപ്നങ്ങളും ഞങ്ങള്‍ക്ക് എല്ലാമായിരുന്ന നിമിഷങ്ങളും ഒക്കെ നിറച്ച കഥകള്‍. പക്ഷേ നമ്മള്‍ കരുതുന്ന അന്ത്യങ്ങളെയല്ല ജീവിതം എപ്പോഴും പിന്തുടരുന്നത്. പതുക്കെ സന്തോഷം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന ഒരു അധ്യായത്തില്‍ തുടരുന്നതിന് പകരം അഭിമാനത്തോടെ അതിനെ കടന്നുപോകാന്‍ ഞങ്ങള്‍ തീരുമാനിച്ചു. വേദനയ്ക്ക് മുകളില്‍ സമാധാനത്തെ ഞങ്ങള്‍ തെരഞ്ഞെടുത്തു. ഭാവിക്കലിന് മുകളില്‍ മുറിവുണക്കലിനെയും.

ഇന്ന് ഞങ്ങള്‍ വ്യത്യസ്ത വഴികളിലൂടെ യാത്ര തുടങ്ങുകയാണ്. നിശബ്ദമായും ബഹുമാനത്തോടെയും. ഞങ്ങളുടെ തന്നെ ജീവിതങ്ങളില്‍ സമാധാനം കണ്ടെത്താനാകുമെന്ന പ്രതീക്ഷയോടെ. ഞങ്ങളുടെ സാഹചര്യം മനസിലാക്കാന്‍ എല്ലാവരോടും ആത്മാര്‍ഥമായി അഭ്യര്‍ഥിക്കുന്നു. ഇനിയും ഞങ്ങള്‍ ഒന്നിക്കുമോ എന്ന ചോദ്യം ദയവായി അവസാനിപ്പിക്കുക. കാരണം ഈ അധ്യായം ശരിക്കും അവസാനിച്ചിരിക്കുന്നു. ഞങ്ങളെ ഒരുമിച്ച് നിങ്ങളിനി കാണില്ല. ഞങ്ങളുടെ ബന്ധത്തെക്കുറിച്ചുള്ള എന്‍റെ ആദ്യത്തെയും അവസാനത്തെയും വിശദീകരണമായിരിക്കും ഇത്. ഞങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും മുറിവുണങ്ങാനുള്ള നിശബ്ദത ഞങ്ങള്‍ക്ക് നല്‍കണമെന്നും അഭ്യര്‍ഥിക്കുന്നു. മനോഹരമായ അധ്യായങ്ങളുള്ള ആ പുസ്തകം വൈകാരികമായ ഒരു അന്ത്യത്തില്‍ എത്തിയിരിക്കുന്നു. ഒരിക്കലും മറക്കില്ല. എന്‍റെ ഹൃദയത്തില്‍ എപ്പോഴും ഉണ്ടാവും. എന്‍റെ ജീവിതത്തില്‍ നിന്ന് മാത്രമാണ് പോകുന്നത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming